Tuesday, February 12, 2008

വീട്ടാക്കടം

"ആ മനുഷ്യനുമായി ഒരു വിധത്തിലുമുള്ള ഒരു റീകണ്‍സിലിയേഷനും സാധ്യമല്ല, അറ്റ്‌ എനി കോസ്റ്റ്‌. ചേച്ചി അതേക്കുറിച്ചു മാത്രം എന്നോട്‌ പറയണ്ട. "

മുരളി താന്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറില്ലെന്ന മട്ടില്‍ പറഞ്ഞു. ഞാന്‍ വേവലാതിയോടെ ഗെയിറ്റിനുമപ്പുറം റോഡിലേയ്ക്ക്‌ നോക്കി. ആരെങ്കിലും കേട്ടാലോ. എന്റെ പരിഭ്രമം കണ്ട്‌ മുരളി ഒരു ചെറുചിരിയോടെ പറഞ്ഞു:

"ചേച്ചി പേടിയ്ക്കണ്ട. ഈ ചുറ്റുവട്ടത്തൊന്നും മലയാളികളില്ല. "

ഗെയിറ്റിനപ്പുറത്ത്‌ ചെറുതെങ്കിലും ടാറിട്ട ഒരു ഇടവഴിയാണ്‌. സ്കൂള്‍ സമയത്ത്‌ മാത്രം കുട്ടികളെ കൊണ്ടു പോകുന്ന റിക്ഷക്കാരുടേയും ടാക്സിക്കാരുടേയും ബഹളമുണ്ടാകും. അതു കഴിഞ്ഞാല്‍ നീണ്ട നിശ്ശബ്ദതയെ ഭഞ്ജിയ്ക്കുന്നത്‌ വല്ല വഴിവാണിഭക്കാരുടെയോ, പച്ചക്കറിവില്‍പനക്കാരുടേയോ ശബ്ദം മാത്രം.

നിലയ്ക്കാത്ത ചലനങ്ങളുമായി ഒരിയ്ക്കലും ഉറങ്ങാത്ത ഒരു മഹാനഗരം ഒരു വിളിപ്പാടു മാത്രം അകലെയായി ഉണ്ട്‌ എന്നത്‌ അവിശ്വസനീയമായി തോന്നി.

എന്റെ നോട്ടം ഗെയിറ്റിനു പുറത്തേയ്ക്ക്‌ നീണ്ടു. അപ്പുറത്തും ഇപ്പുറത്തും എല്ലാം ഒരേ മാതൃകയില്‍ പണിത വീടുകളാണ്‌.

"ഇവിടെ മുഴുവന്‍ നിന്റെ കമ്പനിയിലെ ജോലിക്കാരാണോ താമസം?" ഞാന്‍ ചോദിച്ചു.

"അതെ. കമ്പനി എല്ലാവര്‍ക്കും ഗ്രേഡ്‌ അനുസരിച്ച്‌ വീട്‌ പണിതു കൊടുക്കും. ഈക്വല്‍ ഇന്‍സ്റ്റാള്‍മെന്‍‌റ്റായി ശമ്പളത്തീന്ന്‌ പിടിയ്ക്ക്യേള്ളൂ. റിട്ടയര്‍മെന്റ്റാകുമ്പോഴേയ്ക്കും വീട്‌ സ്വന്തമായിട്ടുണ്ടാകും. ഈ വിങ്ങ്‌ മുഴുവനും ഗ്രേഡ്‌ വണ്‍ ഓഫീസര്‍മാരുടെ വീടുകളാണ്‌. "

തൊട്ടപ്പുറത്തൊന്നും മലയാളികളില്ലാത്തത്‌ സുജാതയെ സംബന്ധിച്ച്‌ കഷ്ടം തന്നെ. മുരളി വരുന്നതു വരെ ആരോടും മിണ്ടാതെ. എന്‍‌റ്റെ ചിന്ത വായിച്ചിട്ടെന്നോണം മുരളി പറഞ്ഞു:

"സുജാതയ്ക്ക്‌ തമിഴറിയാം. അവളുടെ അച്ഛന് തമിഴ്നാട്ടിലായിരുന്നു ജോലി. എട്ടാം ക്‌ളാസ്സു വരെ അവള്‍ അവിടേയാണ്‌ പഠിച്ചിട്ടുള്ളത്‌. ഇപ്പോള്‍ അത്യാവശ്യത്തിന്‌ കന്നടയും പറയാമെന്നായിട്ടുണ്ട്‌. ഷോപ്പിങ്ങിനൊക്കെ പോകാന്‍ ഒരു പ്രയാസവുമില്ല.. "

"എന്താ ചേച്ചിയും മോനും ഷോപ്പിങ്ങിന്‌ പരിപാടി ഇടുന്നുണ്ടോ..പറ്റ്യേ ആളെയാണ്‌ കൂട്ട്‌ പിടിയ്ക്കുന്നത്‌. ചേച്ചിയുടെ ഷോപ്പിങ്ങ്‌ നടന്നതു തന്നെ. "

സുജാത ഞങ്ങളുടെ സംസാരത്തില്‍ പങ്ക്‌ ചേര്‍ന്നു.

"ഇവിടെ സാരിയൊക്കെ വളരെ ചീപ്പായി കിട്ടുമെന്നാണ്‌ നാട്ടില്‍ പറഞ്ഞു കേള്‍ക്കുന്നത്‌. മടക്കം മൈസൂര്‍ സില്‍ക്‌ സാരി വാങ്ങിക്കൊണ്ടു ചെല്ലണം എന്ന്‌ മീന പറഞ്ഞിട്ടുണ്ട്‌.. "

"ആള്‍ക്കാര്‌ പറേണ വിധത്തില്‍ള്ള വിലക്കുറവൊന്നും ഇവിടില്ല. ആയിരായിരത്തഞ്ഞൂറ്‌ തൊട്ടാ പ്യുവര്‍ മൈസൂര്‍ സില്‍ക്‌ സാരീടെ സെലക്ഷന്‍ തൊടങ്ങുന്നത്‌ തന്നെ. എന്നാലും നമുക്കൊന്ന്‌ പോയി നോക്കാം. ഞങ്ങള്‌ സ്ഥിരം പോകുന്ന ചെല കടകള്‍ണ്ട്‌. അവര് പുത്യേ സ്റ്റോക്കെത്തിയാ അറിയിയ്ക്കും. പരിചയക്കാരായതോണ്ട്‌ നല്ല കിഴിവുംതരും. "

സുജാത പോയപ്പോള്‍ മുരളി വീണ്ടും പഴയ വിഷയത്തിലേയ്ക്ക്‌ തന്നെ മടങ്ങി വന്നു.

"മറ്റുള്ളവര്‍ അറിഞ്ഞാലത്തെ നാണക്കേടാലോചിച്ച്‌ ഞാന്‍ ഇക്കാലമത്രയും ആരോടും പറയാതെ നടന്നു. എന്റെ മൌനം തന്നെ തരമെന്നു കരുതി 'ആ മനുഷ്യന്‍' നാടു മുഴുവന്‍ എന്നെ ചീത്ത പറഞ്ഞും അവനെ പുകഴ്ത്തിയും നടക്കുകയാണ്‌. വിവരങ്ങള്‍ എന്റെ ചെവിട്ടിലും എത്തുന്നുണ്ട്‌. എത്ര നാളെന്നു വച്ചാ കണ്ടില്ലാ, കേട്ടില്ലാന്ന്‌ വിചാരിച്ച്‌ നടക്ക്വാ? എനിയ്ക്കുമുണ്ടല്ലോ ഈ മാനം അഭിമാനം എന്ന ചെലത്‌. "

മുരളി വികാരാധീനനായി. മുരളി സൂചിപ്പിച്ച 'ആ മനുഷ്യന്‍' മറ്റാരുമല്ല, എന്റെ വലിയച്ഛനാണ്‌. അവന്റെ അച്ഛനും.
*********************************** ***********************************
“ശാന്തേ, നീ ഒന്ന്‌ ആലോചിച്ച്വോക്ക്‌. മക്കള്‍ക്ക്‌ വേണ്ടി നമ്മള്‍ കണ്ടമാനം കഷ്ടപ്പെടുന്നു. കഴിവിന്റെ പരമാവധിയില്‍ അവരെ പഠിപ്പിയ്ക്കുന്നു.അവര്‍ക്ക്‌ ഒരു നില വരുമ്പോള്‍ നമ്മള്‍ ആരുമല്ലാ.. ഒന്നുമല്ലാത്ത ഒരവസ്ഥ. അവര്‍ക്കു വേണ്ടി നമ്മള്‍ ചെയ്‌തതൊന്നും ഒന്ന്വല്ലാതാകുന്നു."
"എന്താ ഇത്ര പറയാന്‍ മാത്രം ചെയ്‌തത്‌??എല്ലാ അച്ഛനമ്മ മാരും ചെയ്യേണ്ടതു തന്നെ അല്ലേ നിങ്ങളും ചെയ്‌തിട്ടുള്ളൂ. "
"പണ്ട്‌ മക്കള്‍ക്കു വേണ്ടി എന്ന ചിന്ത എന്തും നേരിടാന്‍ മനക്കരുത്ത്‌ നല്‍കി. ഇപ്പോ ചെയ്‌തതൊക്കെ വെറുതെയായോ എന്ന ശങ്ക. "

“എന്തേ വലിയച്ഛന്‌ ഇപ്പോ ഇങ്ങന്യൊക്കെ തോന്നാന്‍? മക്കളൊക്കെ നല്ല നെലേല്‌ കഴിയ്ണൂ. പണത്തിന്ന്നല്ല ഒന്നിനും ഇപ്പോ ഒരു ബുദ്ധി മുട്ടൂല്യ. എന്താഗ്രഹോം അപ്പോഴേയ്ക്കപ്പോ നിവര്‍ത്തിച്ചു തരാന്‍ മക്കള്‍ മത്സരിയ്ക്കുന്നു."

“നീ എന്തറിഞ്ഞു" എന്ന്‌ അര്‍ദ്ധോക്‌തിയില്‍ നിര്‍ത്തുകയായിരുന്നു വലിയച്ഛന്‍ എന്ന്‌ ഓര്‍ത്തു.

എത്ര ചോദിച്ചിട്ടും വലിയച്ഛന്‍ തന്റെ നിരാശയ്ക്കുള്ള കാരണം പറഞ്ഞില്ല. വലിയമ്മ പക്ഷെ വലിയച്ഛനെ കുറ്റപ്പെടുത്തി.

“ശാന്തേ ഇവിടൊരാള്‍ക്ക്‌ വയസ്സായപ്പോ ഓരോ വേണ്ടാത്ത ചിന്ത വരാ. മക്കള്‍ക്ക്‌ അവരുടെ കാര്യങ്ങള്‌ നോക്കാണ്ട്‌ എപ്പഴും ഇവിടെ വന്ന്‌ കെടക്കാന്‍ പറ്റ്വോ"
*********************************** ***********************************
ഞാന്‍ ടീപ്പോയിയില്‍ അടുക്കി വച്ചിട്ടുള്ള ആല്‍ബങ്ങളില്‍ നിന്നും ഒരെണ്ണം എടുത്തു. പാലുകാച്ചലിന്റെ ഫോട്ടോകളായിരുന്നു. മഹാനഗരത്തില്‍, എന്നാല്‍, അതിന്റെ ഒരു തിക്കും തിരക്കും ബഹളവും ഇല്ലാത്ത ഒരിടത്ത്‌ സ്വന്തമായി ഒരു വീടും അഞ്ച്‌ സെന്റ് സ്ഥലവും അതും, ഇത്ര ചെറുപ്രായത്തില്‍തന്നെ ....മുരളി ഭാഗ്യവാനാണ്‌.. ഞാന്‍ ഫോട്ടോകള്‍ ഓരോന്നായി വെളിച്ചത്ത്‌ പരിശോധിച്ചു. രാമന്‍കുട്ടിശാന്തിയെപ്പോലുണ്ട്‌ കന്നടക്കാരനായ പൂജാരിയെ കണ്ടാല്‍. പിന്‍കുടുമയും ഈര്‍ക്കില്‍ കനത്തില്‍ നീണ്ട ഗോപിക്കുറിയും മാത്രമേ മാറിയിട്ടുള്ളൂ.

സുജാതയുടെ അച്ഛനമ്മമാരെയും ചേച്ചിയേയും ചേട്ടനെയും എനിയ്ക്ക്‌ മനസ്സിലായി. എന്റെ ചെറിയമ്മാനും കൊച്ചമ്മാനും വലിയമ്മയും അവരുടെ കുടുംബങ്ങളും ഉണ്ട്‌. പക്ഷെ ഈ ചടങ്ങില്‍ ആദ്യാവസാനക്കാരായി ഉണ്ടാവേണ്ടവര്‍ മാത്രം ഇല്ല. പാലുകാച്ചലിന്‌ വിളിയ്ക്കാതിരിയ്ക്കാന്‍ മാത്രം അകന്നുവെന്നോ അച്ഛനും മകനും? എനിയ്ക്ക്‌ വല്ലാതെ വിഷമം തോന്നി..

എന്‍‌റ്റെ ഉള്ളിലുള്ളത്‌ മുരളി മുഖത്ത്‌ വായിച്ചെന്ന്‌ തോന്നി.

"എന്‍‌റ്റെ അച്ഛനും അമ്മേം അനിയനും അല്ലാത്തോരൊക്കെ വന്നു. പൈസ ഇല്ലാത്തോണ്ട്‌ വരാതിരിയ്ക്കണ്ട എന്നു കരുതി അഡ്വാന്‍സായി അച്ഛന്‌ ഒരു പതിനായിരം അയച്ച്‌ കൊടുത്തു. എലേച്ചവിട്ടി വഴക്കുണ്ടാക്കാനല്ലേ പണ്ടും അറിയൂ. സമയായപ്പോ ഓരോ കാരണം കണ്ടുപിടിച്ച്‌ ഒഴിഞ്ഞു. വരാന്‍ ഇരുന്നോരെ മൊടക്കാനും നോക്കീത്രെ. അവര്‌ കൂട്ടാക്കീല്ല. "

"അതാരേ പറഞ്ഞത്‌ വരാന്‍ ഇരുന്നോരെ അവര്‌ മൊടക്കാന്‍ നോക്കീന്ന്‌? വയസ്സായാല്‌ ചെലേ ദുശ്ശാഠ്യങ്ങള്‌ വരും എല്ലാ അച്ഛനമ്മമാര്‍ക്കും. അവരെ അനുനയിപ്പിച്ച്‌ എങ്ങനേങ്കിലും കൊണ്ടു വരാന്‍ നോക്കാണ്ട്‌ നിണ്റ്റെ അടുത്ത്‌ വന്ന്‌ ഏഷണി പറയ്യായിരുന്നോ അവര്‌ ചെയ്യേണ്ടിയിരുന്നത്‌?. "

"ഏഷണീന്ന്‌ പറയാന്‍പറ്റില്ല. എന്‍‌റ്റെ ഭാഗത്ത്‌ ശരിയുണ്ടെന്ന്‌ തോന്നീതു കൊണ്ടാണല്ലോ അവര്‍ അച്ഛനോട്‌ എനിയ്ക്കു വേണ്ടി സംസാരിയ്ക്കാന്‍ ഒരുങ്ങീത്‌.

മുരളി ആരെയൊക്കെയോ ന്യായീകരിയ്ക്കാന്‍ ശ്രമിച്ചു.

"കുറ്റല്ല നീ ഇങ്ങിനെ പറയുന്നത്‌. അച്ഛനും മക്കളും തമ്മീ ഒരഭിപ്രായവ്യത്യാസമുണ്ടായാല്‌ അത്‌ എങ്ങിനെ സോള്‍വ്‌ ചെയ്യാം എന്നല്ല മറിച്ച്‌ എങ്ങനെ അവരെ ബദ്ധശത്രുക്കളാക്കാം എന്നു മാത്രാണ്‌ സഹോദരന്‍മാര്‌ വരെ നോക്കുന്നത്‌. "

"ചേച്ചി എന്തോ മുന്‍ധാരണ വച്ച്‌ സംസാരിയ്ക്കുന്നു. "

"ഒരു മുന്‍ധാരണയും ഇല്ല. എനിയ്ക്ക്‌ നിന്റെ അച്ഛനും ഇപ്പറഞ്ഞ ആളുകളും തുല്യരാണ്‌ പക്ഷെ നിന്റെ അച്ഛനാണ്‌ ഒരു പടി മുന്നില്‍ നില്‍ക്കുന്നത്‌. മക്കളെ പഠിപ്പിയ്ക്കാനൊക്കെ ബാങ്ക്‌ ലോണെടുക്കുന്നതിനെ പറ്റി ആളുകള്‍ ചിന്തിയ്ക്കാന്‍ പോലും പേടിച്ചിരുന്ന ഒരു സമയത്ത്‌ മുന്നും പിന്നും നോക്കാതെ ലോണെടുത്ത്‌ നിന്നേയും നിന്റെ അനുജനേയും പഠിപ്പിയ്ക്കാന്‍ കാണിച്ച ധൈര്യമുണ്ടല്ലോ അതോണ്ടാണ്‌ നിനക്ക്‌ ഇന്നിത്‌ പറയാനുള്ള ശേഷി ഉണ്ടായത്‌ .അന്ന്‌ നിങ്ങടെ അച്ഛന്‍ നിങ്ങളെ പഠിപ്പിയ്‌ക്കാന്‍ കാശില്ല്യാണ്ട്‌ പരക്കം പായുമ്പോള്‍ ഈ ആളുകളൊന്നും നിങ്ങടെ അച്ഛനെ സഹായിച്ചിട്ടില്ല. എന്നു മാത്രോമല്ല ഇപ്പോ നിന്റെ ഗുണകാംക്ഷികള്‌ ചമയുന്ന ഈ ആളുകള്‌ അന്ന്‌ കൊക്കിലൊതുങ്ങാത്തത്‌ കൊത്താന്‍ നോക്കാന്ന്‌ പറഞ്ഞ്‌ നിന്റെ അച്ഛനെ കുറ്റപ്പെടുത്താനും പരിഹസിയ്ക്കാനും മാത്രേ നിന്നിട്ടുള്ളൂ. ഇക്കാര്യം നിനക്ക്‌ ഓര്‍ മ്മേണ്ടാകില്ല. പക്ഷെ ഓര്‍മേള്ളോര്‍ണ്ട്‌. നീയും നിണ്റ്റച്ഛനും തമ്മിലടിച്ചു കാണാനാണോ ഇവര്‌ പാട്‌ പെടണത്‌ എന്നു പോലും സംശയം തോന്നിപ്പോകാ."

എനിയ്ക്ക്‌ എന്തെന്നില്ലാത്ത ക്ഷോഭം തോന്നി.. ആല്‍ബം മടക്കിവച്ച്‌ സെറ്റിയില്‍ നല്ല വണ്ണം പിന്നോക്കം ചാരിയിരുന്നു. കാല്‌ കീഴ്പ്പോട്ട്‌ തൂക്കിയിട്ട്‌ യാത്ര ചെയ്യുക മൂലം നീരു വന്ന്‌ വീര്‍ത്ത പാദങ്ങള്‍ ഓരോന്നായി മടിയില്‍ കയറ്റിവച്ച്‌ അമര്‍ത്തി ഉഴിയാന്‍ തുടങ്ങി.

മുരളിയുടെ മുഖത്ത്‌ അവന്‍ അനുഭവിയ്ക്കുന്ന അന്തഃക്ഷോഭം പ്രകടമാ യിരുന്നു. എല്ലാം തുറന്ന്‌ പറയണോ എന്നാവാം.

"ഞാന്‍ ജോലിയില്‍ കയറിയിട്ട്‌ കൊല്ലം പതിനഞ്ചായി. അന്നു തൊട്ട്‌ ഇന്നുവരെ അച്ഛന്റെ ഒരാവശ്യത്തിനും ഞാന്‍ നോ പറഞ്ഞിട്ടില്ല. "

"ആഹ്..... അതു വേണ്ടതു തന്നെയാണ്‌. വയസ്സുകാലത്ത്‌ അച്ഛന്‍മാരെ സഹായിയ്ക്കേണ്ടത്‌ മക്കളുടെ കടമയാണ്‌. "

"എത്ര പ്രാവശ്യം എന്റെല്‌ ഇല്ലാണ്ട്‌ ബാങ്കീന്ന്‌ ലോണെടുത്ത്‌ കൊടുത്തിട്ടുണ്ട്‌"

ഞാന്‍ അവിശ്വസനീയമായി എന്തോ കേട്ടതു പോലെ അവനെ നോക്കി. ലക്ഷങ്ങള്‍ ശമ്പളമായി വാങ്ങുന്നു എന്ന്‌ കേട്ടിട്ട്‌ എന്റെ മുഖത്തു നിന്ന്‌ സംശയം വായിച്ചറിഞ്ഞിട്ടെന്ന പോലെ മുരളി പറഞ്ഞു:

"എന്താ ചേച്ചിയ്ക്ക്‌ വിശ്വാസം വരുന്നില്ലേ?. അന്ന്‌ ഈ കമ്പനീലായിരുന്നില്ല. "

"അച്ഛന്‍ കത്തെഴുതുക പണത്തിന്‌ ആവശ്യം വരുമ്പോള്‍ മാത്രം. കല്യാണം, പാലുകാച്ചല്‍, പേരുവിളി.. ആശുപത്രി, മരുന്ന്‌ . നിനക്ക്‌ സുഖമാണോ.. അങ്ങനെ ഒരന്വേഷണം ഇക്കാലത്തിനിടയ്ക്ക്‌.. ഞാന്‍ മാത്രമല്ലല്ലോ ഈ വീട്ടില്‍ ഉള്ളത്‌. വേറൊരു വീട്ടീന്ന്‌ വന്നവളെ ബോധിപ്പിയ്ക്കാനായിട്ടെങ്കിലും രണ്ട്‌ വാക്ക്‌ ..ഊഹും. "

അവന്റെ കുഞ്ഞുമോള്‍ തപ്പിത്തടഞ്ഞ്‌ ഒറ്റയടി വച്ച്‌ അച്ഛന്‍റ്റെ മടിയില്‍ വന്നിരുന്നു. മുഖത്തും കൈകളിലും ചോറിന്റെ വറ്റുകള്‍. നെയ്യിന്റെ വാസന.

പിന്നാലെ സുജാത അടുക്കളയില്‍ നിന്നും ഇറങ്ങി വന്നു. കയ്യില്‍ ചെറിയ പ്‌ളേറ്റില്‍ ചോറ്‌.

"എന്റെ ചേച്ചീ ഒന്നും പറയണ്ട എന്താ ഇവള്‍ടെ ഒരു വികൃതീന്നോ. കണ്ണ്‌ തെറ്റ്യാല്‍ റോട്ടിലേയ്ക്കോടും. ഞാന്‍ ഒറ്റയ്ക്കാവുമ്പോള്‍ മുന്നിലെ വാതില്‌ തൊറക്കന്നില്യ."

"നടക്കാറായാല്‍ ഇങ്ങനെ തന്ന്യാണ്‌. കണ്ണിലെണ്ണയൊഴിച്ചിരിയ്ക്കണം. വല്ലതും പറ്റ്യാല്‍ പിന്നെ ജീവിച്ചിരുന്നിട്ട്‌ കാര്യണ്ടോ. "

"ചോറുണ്ണാന്‍ ഭയങ്കര മടിയാണ്‌. ഈ വീട്‌ മുഴുവനും കൊണ്ടു നടക്കണം രണ്ടുരുള അകത്തേയ്ക്ക്‌ ചെല്ലണെങ്കില്‍. "

മുരളിയെ നോക്കിക്കൊണ്ട്‌ ഞാന്‍ പറഞ്ഞു.

"അച്ഛന്‍മാരുടെ കുറുമ്പ്‌ മക്കള്‍ക്ക്‌ കിട്ടാതിരിയ്ക്ക്വോ.. "

മുരളിയുടെ മുഖത്ത്‌ ചിരി. സുജാതയിലും ആ ചിരിയുടെ അനുരണനങ്ങളുണ്ടായി. തന്നെ പറ്റിയാണ്‌ സംസാരം എന്ന്‌ മനസ്സിലാക്കിയിട്ടോ എന്തോ മോള്‍ അവ്യക്‌തമായി എന്തൊക്കെയോ കൊഞ്ചിപ്പറഞ്ഞു. ഓമനത്തമുള്ള കുഞ്ഞ്‌. എത്ര വര്‍ഷത്തെ കാത്തിരിപ്പിന്റെ ഫലമാണ്‌? പത്തോ അതോ പന്ത്രണ്ടോ.?

താന്‍ ഈശ്വരവിശ്വാസിയായത്‌ മകള്‍ കാരണമാണെന്ന്‌ മുരളി പറഞ്ഞത്‌ വെറുതെയല്ല.

മുരളി മോളുടെ ചോറ്‌ പുരണ്ട മുഖത്ത്‌ മുത്തി. പിന്നെ പറഞ്ഞു:

"സുജാത പ്രസവിച്ചതറിഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞുവത്രെ അവന്‌ എന്ത്‌ പ്രതാപം ഉണ്ടെന്ന്‌ പറഞ്ഞിട്ടെന്താ ഒരു കൊടിച്ചിയെ അല്ലേ ഭാര്യ പെറ്റത്‌ എന്ന്‌. ഇങ്ങിനെ പറഞ്ഞ ഒരച്ഛനോട്‌ ഞാന്‍ ഒത്തു പോകണമെന്നാണോ ചേച്ചി പറയുന്നത്‌."

എനിയ്ക്ക്‌ വിശ്വസിയ്ക്കാനായില്ല. ഞാന്‍ അറിയുന്ന വലിയച്ഛന്‍ ഒരിയ്ക്കലും ഇത്ര തരം താഴില്ല.

"മുരളീ നിന്റെ അച്ഛന്‍ അങ്ങിനെ പറയുമെന്ന്‌ ഞാന്‍ ഒരിയ്ക്കലും വിശ്വസിക്കില്ല. ഇനി അങ്ങിനെ പറഞ്ഞൂന്ന്‌ തന്നെ ഇരിയ്ക്കട്ടെ, അച്ഛനും മകനും സ്നേഹത്തില്‍ കഴിയണം എന്ന്‌ ആഗ്രഹിയ്ക്കുന്ന ഒരാളും നിന്റെ അടുത്ത്‌ വന്ന്‌ ഏഷണി പറയില്ല. ഇങ്ങിനെ പറഞ്ഞതില്‍ നിന്നു തന്നെ നിങ്ങള്‍ അച്ഛനേയും മകനേയും തമ്മിലടിപ്പിയ്ക്കണമെന്നാണ്‌ പറഞ്ഞയാളിന്റെ ആഗ്രഹം എന്ന്‌ വ്യക്‌തമാണ്‌. "

"ചേച്ചി അച്ഛന്റെ വക്കാലത്തുമായിട്ടാണോ വന്നിരിയ്ക്കുന്നത്‌"

"നിന്റെ അച്ഛനെ നീ ഒട്ടും മനസ്സിലാക്കിയിട്ടില്ല എന്നാണ്‌ നീ ഇപ്പറഞ്ഞതിന്റെ അര്‍ത്ഥം. ആരുടെ മുഖത്തു നോക്കിയും അവനവന്റെ കാര്യം പറയാന്‍ ഒരു മടിയും ഇല്ലാത്തവനാണ്‌ നിന്റെ അച്ഛന്‍. നിന്റെ അച്ഛന്‍ ഓരോ ആവശ്യത്തിന്‌ ബാങ്കില്‍ വരുമ്പോഴൊക്കെ എന്റെ ഓഫീസിലും ഒന്നു കയറും. ഒരുപാട്‌ നേരം സംസാരിയ്ക്കും. ഓരോ പഴയ കാര്യങ്ങളെകുറിച്ച്‌. അന്നത്തെ കഷ്ടപ്പാടുകളെകുറിച്ച്‌. എത്ര അഭിമാനത്തോടു കൂടിയാണ്‌ നിങ്ങളെ രണ്ടാളെപ്പറ്റിയും സംസാരിയ്ക്കാ.. അങ്ങനെ എന്തെങ്കിലും വെഷമം ഉണ്ടെങ്കില്‍ എന്നോട്‌ പറയേണ്ടതാണ്‌. "

"ഇപ്പോ എല്ലാവരുടെ അടുത്തും പറഞ്ഞ്‌ നടക്കാത്രേ എന്നെ പഠിപ്പിയ്ക്കാന്‍ ലോണെടുത്തിട്ട്‌ കടക്കാരനായീന്ന്‌. എന്നോട്‌ പറയട്ടെ. അണപൈയില്ലാതെ തിരിച്ചു കൊടുക്കാം ഞാന്‍. "

"ഇതേപ്പോ നന്നായത്‌. ഇന്ന്‌ നിന്റെ കണ്ണില്‍ അച്ഛന്‍ ചെലവാക്ക്യേ തുക ഒന്ന്വല്ലായിരിയ്ക്കും. നീ വിചാരിച്ചാല്‍ നിന്റെ അക്കൌണ്ടീന്ന്‌ ഒറ്റത്തവണയായി പൈസ എടുത്ത്‌ അണപൈയില്ലാതെ തിരിച്ചു കൊടുക്കാനും കഴിഞ്ഞൂന്ന്‌ വരും. പക്ഷെ ഒരു പേടിയും കൂടാതെ അന്ന്‌ നിന്റെ അച്ഛന്‍ ലോണെടുത്തതു കൊണ്ടാണ്‌ ഇന്നിതു പറയാന്‍ നിനക്ക്‌ ശേഷിയുണ്ടായത്‌ എന്ന്‌ മറക്കണ്ട."

അടുക്കളയിലെ സിങ്കില്‍ വെള്ളം വീഴുന്ന ശബ്ദം. സുജാത പാത്രം കഴുകുകയാണ്‌. മോളുടെ അനക്കമൊന്നും കേള്‍ക്കാനില്ലല്ലോ.

"എവിടെ മോളെവിടെ. "

ചോദിച്ചുകൊണ്ട്‌ ഞാന്‍ എണീറ്റു. ഏതാണ്ട്‌ ആ സമയത്തു തന്നെ മുന്‍വശത്തെ റോഡില്‍ ഒരു കാര്‍ ബ്രേക്കിടുന്ന ശബ്ദം കേട്ടു. ആരോ ആര്‍ത്തനാദം മുഴക്കി. തുറന്നു കിടന്ന വാതിലിലൂടെ റോഡില്‍ വീണുകിടക്കു ന്ന മോളെ എനിയ്ക്ക്‌ കാണാന്‍ കഴിഞ്ഞു. ഒരു കാറിന്റെ മുന്‍വശം കാണാന്‍ കഴിഞ്ഞു.

കുഞ്ഞ്‌ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി.

കുഞ്ഞിന്റെ കരച്ചില്‍ കേട്ട്‌ അടുക്കളയില്‍ നിന്നും ഓടി വന്ന സുജാത വാതില്‍ക്കലെത്തിയതും ഈ കാഴ്ച്ച കണ്ട്‌ നിലവിളിച്ച്‌ നിലത്തേയ്ക്ക്‌ കുഴഞ്ഞു്‌ വീണു. മോഹാലസ്യം വരുന്ന പോലെ എനിയ്ക്ക്‌ തോന്നി. മുരളി യുടെ മുഖത്ത്‌ തുള്ളി ചോരയില്ല. വീഴാതിരിയ്ക്കാന്‍ ഞാന്‍ വാതില്‍പ്പടിയില്‍ മുറുകെ പിടിച്ചു.

കാറിന്റെ ഡ്രൈവിങ്ങ്‌ സീറ്റില്‍നിന്നും ഇറങ്ങിയ ആള്‍ ഉറക്കെയുറക്കെ സംസാരിച്ചുകൊണ്ട്‌ വന്നു. കന്നടയിലായിരുന്നെങ്കിലും കുട്ടിയെ ശ്രദ്ധിയ്ക്കാത്തതിന്‌ ചീത്ത പറയുകയാണ്‌ എന്ന്‌ ഭാവത്തില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു. മോളെ എടുത്ത്‌ തുറന്നു കിടക്കുന്ന ഗെയിറ്റിലൂടെ അകത്തേയ്ക്ക്‌ അയാള്‍ വന്നു.

മുരളി മുറ്റത്തേയ്ക്കിറങ്ങി ചെന്ന്‌ കുഞ്ഞിനെ അയാളില്‍ നിന്നും ഏറ്റുവാങ്ങി. ഗദ്ഗദത്തോടെ അവന്‍ അയാളുടെ കാലില്‍ തൊട്ടു.

"ഗോഡ്‌ സേവ്‌ യൂ."

അവന്‍ പിറുപിറുത്തത്‌ വ്യക്‌തമായി കേള്‍ക്കാന്‍ കഴിഞ്ഞു. ദൈവദൂതനെ പോലെവന്ന ആ മനുഷ്യനോട്‌ സംസാരിയ്ക്കണം എന്നുണ്ടായിരുന്നെങ്കിലും ഭാഷ അറിയാത്തതു കാരണം നിറഞ്ഞ കണ്ണുകളോടെ അദ്ദേഹത്തെ നോക്കി കൈ കൂപ്പാനേ എനിയ്ക്ക്‌ കഴിഞ്ഞുള്ളൂ.

വാഹനങ്ങള്‍ അധികം പോകാത്ത റോഡായത്‌ മഹാഭാഗ്യമായി. തിരക്കുള്ള സമയമായിരുന്നെങ്കില്‍.... കൂടുതല്‍ ചിന്തിയ്ക്കാന്‍ പോലും എനിയ്ക്കായില്ല. എനിയ്ക്ക്‌ വല്ലാത്ത കുറ്റബോധം തോന്നി. ഞാനും മുരളിയും ഉണ്ടല്ലോ എന്നു കരുതിയാകും സുജാത കുഞ്ഞില്‍ നിന്നും ഒരു നിമിഷത്തേയ്ക്ക്‌ ദൃഷ്ടി മാറ്റിയത്‌. എന്നിട്ട്‌ ഞങ്ങളോ. . കുഞ്ഞിനെ ശ്രദ്ധിയ്ക്കാതെ വര്‍ത്തമാനത്തില്‍ മുഴുകി... അയാള്‍ ബ്രേക്കിട്ടില്ലായിരുന്നെങ്കില്‍... എന്റെ ശരീരത്തിലൂടെ ഒരു വിറ കടന്നു പോയി.

കുഞ്ഞ്‌ പന്തികേട്‌ മണത്തിട്ടോ എന്തോ, വാവിട്ട്‌ കരയാന്‍ തുടങ്ങി.

ബോധം പോയ പോലെ ഇരിയ്ക്കുന്ന സുജാത ആ കരച്ചില്‍ കേട്ടതായി തോന്നിയില്ല. അവളുടെ ശരീരം ഇടയ്ക്കിടയ്ക്ക്‌ ഞെട്ടി വിറച്ചു. മുരളിയുടെ സ്ഥിതിയും വ്യത്യസ്‌തമായിരുന്നില്ല. രണ്ടാളും ഒരു വട്ടം ചത്ത്‌ ജീവിച്ചു എന്ന്‌ ഉള്ളില്‍ ഓര്‍ത്തുകൊണ്ട്‌ ഞാന്‍ സുജാതയെ കുലുക്കിയുണര്‍ത്തി.

"ദൈവാധീനമുണ്ട്‌ ഒന്നും പറ്റിയില്ലല്ലോ. ഭഗവാനെ വിളിയ്ക്ക്‌ അതേ വഴിയുള്ളൂ. മോള്‌ വല്ലാതെ പേടിച്ചിരിയ്ക്കുന്നു. അതിന്‌ ഇത്തിരി പാല്‌ കൊടുക്ക്‌"

അച്ഛനും അമ്മയും കൂടി കുഞ്ഞുമോളെ പൂണ്ടടക്കം പിടിച്ച്‌ പൊട്ടിക്കരയാന്‍ തുടങ്ങി. അച്ഛന്റെയും അമ്മയുടേയും അടുത്തെത്തിയപ്പോള്‍ നിലച്ചിരുന്ന കുഞ്ഞിന്റെ കരച്ചില്‍ വീണ്ടും തുടങ്ങി.

പാവം കുട്ടികള്‍. ഒരായുസ്സിന്റെ മനോവേദന അനുഭവിച്ച തിനു ശേഷം ഭഗവാന്‍ നല്‍കിയ കണ്‍മണി. ഒരു നിമിഷത്തെ അശ്രദ്ധയില്‍ നഷ്ടപ്പെടുമായിരുന്നത്‌ ഒരായുസ്സിന്റെ മുഴുവന്‍ കൈവല്യം. ഭഗവാനേ കാത്തോളണമേ എന്‍‌റ്റെ കുഞ്ഞുങ്ങളെ. മാതൃനിര്‍വിശേഷമായ ഒരു സ്നേഹം എന്റെ ഉള്ളില്‍ തിരത്തള്ളി.

മുരളി മുറ്റത്തിന്‍‌റ്റെ അതിരില്‍ നിന്നുകൊണ്ട്‌ സിഗററ്റ്‌ വലിയ്ക്കുകയാണ്‌. കുഞ്ഞുമോളുടെ കരച്ചില്‍ നിലച്ചിട്ടുണ്ട്‌. ഒരു താരാട്ട്‌ പാട്ടിന്റെ ഈരടികള്‍ എന്‍‌റ്റെ ചെവിയിലെത്തി. വലിച്ചു കൊണ്ടിരുന്ന സിഗററ്റ്‌ ദൂരേയ്ക്ക്‌ എറിഞ്ഞുകൊണ്ട്‌ മുരളി ചവിട്ടുപടി കയറി വന്നു. കസേര നീക്കിയിട്ട്‌ എന്‍‌റ്റെ അടുത്തേയ്ക്ക്‌ ഇരുന്നു.

"വലി നിര്‍ത്തീതായിരുന്നു. ഒറ്റ സെക്കന്റ് കൊണ്ട്‌ എല്ലാം തകര്‍ന്ന്‌ പോവുമായിരുന്നതാലോചിച്ചപ്പോള്‍ ഭയങ്കര ടെന്‍ഷനായി. "

"ഇതു പോലെ എത്ര അവസരങ്ങളിലെ ടെന്‍ഷന്‍ അനുഭവിച്ചിട്ടാകും ഓരോ അച്ഛനും അമ്മയും തങ്ങളുടെ മക്കളെ വളര്‍ത്തുന്നത്‌ അല്ലേ.. അത്‌ വല്ലതും ഈ മക്കള്‍ അറിയുന്നുണ്ടോ?"

നിര്‍ദോഷ മട്ടില്‍ ഞാന്‍ പറഞ്ഞു. മുരളി മൌനം. ഞാന്‍ പറഞ്ഞത്‌ അവന്റെ ഉള്ളില്‍ എവിടെയൊക്കേയോ തുളച്ചു കയറിയിട്ടുണ്ടാകും എന്നതില്‍ എനിയ്ക്ക്‌ സംശയം ഇല്ലായിരുന്നു. പിന്നെ ഞാന്‍ ഒരു മുന്നാലോചനയും കൂടാതെ പറയാന്‍ തുടങ്ങി:

"മുരളീ ഈ കുഞ്ഞ്‌ എന്നെങ്കിലും മനസ്സിലാക്കുമോ ഇക്കഴിഞ്ഞ നിമിഷം നിങ്ങള്‍ മരണത്തെ മുന്നില്‍ കണ്ടു എന്ന വിവരം? ഇനി നിങ്ങള്‍ പറഞ്ഞു എന്നു തന്നെ വയ്ക്കാ, അനുഭവിച്ചതിന്റെ പതിനായിരത്തില്‍ ഒരംശം ടെന്‍ഷന്‍ അവള്‍ക്ക്‌ മനസ്സിലാക്കാന്‍ കഴിയുമോ.. മാത്രവുമല്ല.. അപ്പോ.. ഇങ്ങനെ ഒക്കെയാണ്‌ നിങ്ങള്‍ എന്നെ നോക്കിയത്‌ എന്ന ഒരു കുറ്റപ്പെടുത്തല്‍ ഉണ്ടാവില്ല എന്ന്‌ പറയാനൊക്കുമോ."

എനിയ്ക്കെന്തോ സംസാരിയ്ക്കാനുള്ള ഒരു മൂഡായിരുന്നു. ഈ അച്ഛനേയും മോനെയും ഇങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ.

"സ്നേഹത്തിന്റെ മറുപുറമായി എപ്പോഴും സ്വാര്‍ത്ഥതയുണ്ടാകും. അറിയുമോ. സ്നേഹം എന്നാല്‍ സ്വന്തമാക്കാനുള്ള ത്വരയാണ്‌. എന്‍‌റ്റെ എനിയ്ക്ക്‌ എന്ന ചിന്ത മാറ്റി വച്ച്‌ സ്നേഹിയ്ക്കാന്‍ സാധാരണ മനുഷ്യന്‌ കഴിയില്ല. ശരിയല്ലേ ?" ഞാന്‍ മുരളിയോട്‌ ചോദിച്ചു.

"ചേച്ചി ഏത്‌ വിഷയത്തിലാണ്‌ ഡോക്ടറേറ്റ്‌ എടുത്തത്‌?"

ചിരിച്ചു കൊണ്ടാണ്‌ ചോദിച്ചതെങ്കിലും മുരളിയ്ക്ക്‌ എന്‍‌റ്റെ സംസാരം ഇഷ്ടപ്പെടുന്നില്ല എന്നെനിയ്ക്ക്‌ മനസ്സിലായി. പക്ഷെ അവന്‍‌റ്റെ ഇഷ്ടക്കേട്‌ തത്കാലം കണ്ടില്ലെന്ന്‌ വയ്ക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. "അച്ഛന്റെ ജീവിതത്തിന്റെ ഒരേ ഒരു ലക്ഷ്യം നീയും നിന്‍‌റ്റെ അനിയനുമാണല്ലോ. എന്നാല്‍ നിങ്ങളുടെ ജീവിതത്തിന്റെ ഒരു ഘടകം മാത്രമാണ്‌ അവര്‍. അതങ്ങനെയേ ആകാനും പറ്റൂ. നിന്റെ സ്നേഹം കുറയുന്നതായി അച്ഛന്‌ തോന്നിയിട്ടുണ്ടാകും. നഷ്ടപ്പെടുന്നൂന്ന്‌ തോന്നിയ സ്നേഹം ബലമായി പിടിച്ചു വാങ്ങാന്‍ അവര്‍ ശ്രമിച്ചിട്ടുണ്ടാകും. ആ ശ്രമത്തില്‍ ഉച്ചരിയ്ക്കപ്പെട്ട വാക്കുകള്‍ക്ക്‌ വിചാരിയ്ക്കാത്ത അര്‍ത്ഥങ്ങള്‍ ഉണ്ടായിട്ടുണ്ടാകും. അതൊരിയ്ക്കലും അവര്‍ വേണമെന്ന്‌ വിചാരിച്ചിട്ടുമാകില്ല. അപ്പോഴത്തെ ദേഷ്യത്തിന്‌. എന്താ അങ്ങനേയും സംഭവിച്ചുകൂടെ.. ?"

മുരളി ആ വഴിയ്ക്കൊന്നും ചിന്തിച്ചിട്ടില്ല എന്ന്‌ അവന്റെ മുഖത്തു നിന്ന്‌ വായിയ്ക്കാം.

"അത്‌ ഇരട്ടിയാക്കി നിന്റെ അടുത്ത്‌ വന്ന്‌ പറഞ്ഞവര്‍ നിണ്റ്റെ അഭ്യുദയകാംക്ഷികളാണെന്ന്‌ അറിവുള്ള ആരും പറയില്ല. "

"നാളെ നിന്റെ മകള്‍ നിനക്ക്‌ കുറേ പണം നീട്ടിയിട്ട്‌ ഇതെടുത്ത്‌ കടപ്പാടിണ്റ്റെ കെട്ടുപാടില്‍ നിന്ന്‌ അവളെ മുക്‌തയാക്കണം എന്നു പറഞ്ഞാല്‍ എങ്ങിനെയിരിയ്ക്കും?"

മുരളി സ്‌തബ്ധനായി ഇരിയ്ക്കുകയാണ്‌. സുജാതയും ഉണ്ട്‌ തൊട്ടു തന്നെ. അവളുടെ മുഖം വിളറിയിട്ടുണ്ട്‌... "പണം കൊടുത്താല്‍ വീട്ടാന്‍ കഴിയുന്നതല്ല ഈ കടം എന്ന്‌ സ്വയം അച്ഛനായപ്പോള്‍‍ നിനക്ക്‌ മനസ്സിലായല്ലോ. അച്ഛന്‌ ഈ പ്രായത്തില്‍ ഏറ്റവും ആവശ്യം സ്നേഹമാണ്‌, നിങ്ങളുടെ പണമല്ല. അത്‌ മതിയാവോളം കിട്ടുന്നു എന്ന്‌ വന്നാല്‍ തന്നേ ഈ പരാതിയെല്ലാം മാറും. അതിന്‌ നീയും സുജാതയും അച്ഛന്‍‌റ്റെ മുന്നില്‍ കൊറച്ച്‌ താഴണ്ടി വന്നാ തന്നെ അത്‌ താഴ്ച്ചയാവില്ല.. അതോണ്ട്‌ നിങ്ങള്‍ക്ക്‌ ഉയര്‍ച്ചയേ വരൂ. "

മുരളി ഒന്നും മിണ്ടാതെ ഇരിപ്പാണ്‌. രണ്ടാളുടേയും മുത്ത്‌ ശോകം..

"ജന്‍മം തന്നവരോട്‌ പെണങ്ങി നടക്കാ എന്നു പറഞ്ഞാല്‍ നിന്നെത്തന്നെ നിഷേധിയ്ക്കലാണ്‌.. ഇതല്ലേ നിന്റെ മോള്‍ കണ്ടു വളരുക..നാളെ അച്ഛന്‍ പോകും അപ്പോ ആ കുപ്പായം നിനക്കുള്ളതാണ്‌.. അത്‌ മറക്കണ്ട... വല്ലാത്ത ക്ഷീണം കുറച്ച്‌ നേരം കിടക്കട്ടെ. "

ഞാന്‍ പതുക്കെ എഴുന്നേറ്റു..... അവരെ, ഓര്‍മ്മകളുടെ പാഥേയവും പേറി അവരുടെതന്നെ ലോകത്ത് അലയാന്‍ വിട്ട് കൊണ്ട്.

Tuesday, February 5, 2008

കണ്ണൂര്‍

"ണ്റ്റാളെ ങ്ങളെങ്ങോട്ടാ" ..

അപ്പുറത്തെ പാളത്തിലൂടെ നീങ്ങിക്കൊണ്ടിരിയ്ക്കുന്ന ട്രെയിനില്‍ നിന്നും ഒരു കയ്യില്‍ പലഹാരത്തട്ടും മറുകയ്യില്‍ ചായയുടെ വലിയ തൂക്കുപാത്രവുമായി റെയില്‍വേ സപ്‌ളയര്‍ ബാലന്‍സ്‌ ചെയ്‌ത്‌ ചാടി ഇറങ്ങുന്നത്‌ നോക്കി ഇരിയ്ക്കവേ ചോദ്യം ശരിയ്ക്ക്‌ കേട്ടില്ല. മുഖം തിരിച്ച്‌ നോക്കി.
കറുപ്പുടുപ്പിട്ട ഒരു താത്തയാണ്‌ ചോദ്യകര്‍ത്താവ്‌. തീവണ്ടിയുടെ കുലുക്കത്തില്‍ താന്‍ ചോദ്യം ശരിയ്ക്ക്‌ കേട്ടില്ലെന്ന്‌ തോന്നിയിട്ടോ എന്തോ അവര്‍ ചോദ്യം ആവര്‍ത്തിച്ചു.
"ങ്ങള്‌ എങ്ങട്ടാ പോണത്‌"
"കണ്ണൂര്‍ക്ക്‌"
മുഖവും താടിയും കൈപ്പത്തിയും ഒഴിച്ചുള്ള ഭാഗങ്ങളെല്ലാം ബുര്‍‌ഖ‍യുടെ ഉള്ളിലാണ്‌. വെളുത്ത്‌ സുന്ദരിയായ ഒരു സ്‌ത്രീ. തന്‍‌റ്റെ പ്രായമേ കാണൂ എന്ന്‌ തോന്നി.. കൂടെ രണ്ട്‌ പെണ്‍കുട്ടികള്‍. മക്കളാവും. നല്ല മുഖഛായ. തണ്റ്റെ മറുപടി അവര്‍ക്ക്‌ ആശ്വാസം നല്‍കിയെന്ന്‌ മുഖഭാവത്തില്‍ നിന്നും മനസ്സിലായി.
സാവകാശം അവര്‍ തന്‍‌റ്റെ ബിഗ്‌ ഷോപ്പറിനുള്ളില്‍ എന്തോ പരതി. റെക്സിന്‍ കൊണ്ടുള്ള ഒരു കൊച്ചു പെട്ടി പുറത്തെടുത്തു. പെണ്‍പിള്ളാരുടെ മെയ്ക്കപ്പ്‌ കിറ്റ്‌ പോലൊരെണ്ണം.
ഇവര്‍ ഇതെന്തിനുള്ള പുറപ്പാടാണ്‌?...കൌതുകം തോന്നി.
പെട്ടിയ്ക്കകത്തു നിന്നും വെറ്റില, അടയ്ക്ക, വാസന ചുണ്ണാമ്പ്‌ എന്നിവ അവര്‍ പുറത്തെടുത്തു. വിശാലമായി ഒന്നു മുറുക്കുന്നതിനുള്ള ഒരുക്കത്തിലായിരുന്നു അവര്‍. വെറ്റില ഞരമ്പും ഞെട്ടിയും തുമ്പും നുള്ളി നൂറ്‌ തേച്ച്‌ ചുരുളാക്കി മോണയില്‍ അങ്ങോളമിങ്ങോളം ഒന്നോടിച്ചു വായിലാക്കി രണ്ടു മൂന്നുരു ചവച്ചു. അടുത്ത ചോദ്യം പിന്നാലെ വന്നു:
"ങ്ങള്‌ ഒറ്റയ്ക്കേള്ളൂ?"
"ആ, അതേ".
"ണ്റ്റാളെ ങ്ങക്ക്‌ പേടിയാവൂലേ.. ണ്റ്റെ കെട്ടിയോനും മോനും അങ്ങേപ്രത്തെ പെട്ടീല്‍ണ്ട്‌. ന്നിട്ടന്നെ നിയ്ക്ക്‌ പേടിയാ"...
"അപ്പോ അതില്‍ തന്നെ കയറായിരുന്നില്ലേ"
മുസ്ളിം സ്‌ത്രീകള്‍ പൊതു കമ്പാര്‍‌ട്ട്മെന്‍‌റ്റില്‍ കയറാറില്ല.. അഥവാ അവര്‍ സമ്മതിച്ചാലും ആണുങ്ങള്‍ സമ്മതിയ്ക്കാറില്ല എന്നത്‌ അറിഞ്ഞു കൊണ്ടു തന്നെയാണ്‌ ചോദിച്ചത്‌.
എന്നാലും നേര്‌ പറയാന്‍ അവര്‍ തയ്യാറായില്ല.
"അതിണ്റ്റാത്ത്‌ ലാസ്‌തി തെരക്കാ.. കണ്ണൂരില്‌ ഏടപ്പോണം ങ്ങക്ക്‌?"
"തളാപ്പില്‌".
"ങ്ങടെ വീട്‌ ആടെയാന്നോ".
"അല്ല, തൃശ്ശൂരിലാണ്‌".
"ഞാടെ വീട്‌ അങ്ങ്‌ പിലാത്തറേലാന്നും""...".
"ങ്ങക്ക്‌ ജോലിയാന്നോ ആടെ".
"ആ അതെ".
"ആടെ ഏട്യാ പാര്‍ക്കണേ".
"എസ്‌എന്‍ കാരുടെ ഹോസ്റ്റലിലാണ്‌ . സുന്ദരേശ്വര ക്ഷേത്രത്തിനോട്‌ ചേര്‍ന്നിട്ടുള്ളത്‌".
"അ ആ ഞാ കണ്ടേക്ക്ണൂ".
സാധാരണയായി ട്രയിനില്‍ ഇതുപോലെയുള്ള ഹ്രസ്വ സംഭാഷണങ്ങള്‍ക്ക്‌ ചെവി കൊടുക്കാന്‍ ഇഷ്ടമാണ്‌. ഇന്നെന്തോ ഒരു രസം തോന്നിയില്ല.
ഇത്തരം സന്ദര്‍ഭങ്ങളില്‍ ചെയ്യാറുള്ള വിദ്യ തന്നെ പുറത്തെടുത്തു. ബാഗിനകത്തു നിന്നും ഒരു വീക്ക്‌ലി പുറത്തെടുത്തു. അതീവ ശ്രദ്ധയോടെ വായിയ്ക്കാന്‍ തുടങ്ങി....കടലാസ്സില്‍ പക്ഷെ തെളിഞ്ഞത്‌ കണ്ണൂരിന്‍‌റ്റെ ചിത്രമായിരുന്നു...
നാലു വര്‍ഷത്തിനു ശേഷം ആദ്യമായാണ്‌ ഞാന്‍ കണ്ണൂരിലേയ്ക്ക്‌ പോകുന്നത്‌. ജില്ലാ ഓഫീസര്‍ എന്ന നിലയില്‍ രണ്ടു വര്‍ഷം ഞാന്‍ ഇരുന്ന ഓഫീസാണ്‌ കണ്ണൂരിലേത്‌. ഒരു ജില്ലയുടെ മാത്രം മേധാവി എന്ന അവസ്ഥയില്‍ നിന്നും പതിനാലു ജില്ലകളുടെയും പരി ശോധനാ ഉദ്യോഗസ്ഥ എന്ന തസ്‌തികയിലേയ്ക്ക്‌ പ്രൊമോഷന്‍ കിട്ടിയ ശേഷം ഉള്ള ആദ്യത്തെ യാത്രയാണ്‌.
എന്തു കൊണ്ടോ അഞ്ചു വര്‍ഷം മുമ്പത്തെ ഒരു ദിവസമാണ്‌ ഓര്‍മയില്‍ തെളിയുന്നത്‌. കണ്ണൂരിലേയ്ക്കുള്ള ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കയ്യില്‍ കിട്ടിയ ദിവസം. അടിമുടി തളര്‍ന്നു പോയത്‌ ഇന്നും ഓര്‍ക്കുന്നു.
കണ്ണൂര്‍‍... ജനാധിപത്യത്തിന്‌ ചോരയുടെ ചുവപ്പാണ്‌ എന്ന്‌ ഭാഷ്യം ചമയ്ക്കുന്ന കണ്ണൂര്‍‍.
ഒന്നു പറഞ്ഞാല്‍ രണ്ടാം വാക്കിന്‌ കത്തി ഊരുന്ന ആളുകളുടെ സ്വന്തം കണ്ണൂര്‍‍.
പിഞ്ചോമനകളുടെ മുമ്പില്‍ വച്ച്‌ ഒരു കൈ വിറയുമില്ലാതെ അവരുടെ അധ്യാപകനെ തുണ്ടം തുണ്ടമാക്കിയ കണ്ണൂര്‍‍.
മനുഷ്യനെ പച്ചയ്ക്ക്‌ തിന്നുന്ന രാക്ഷസരുള്ള കേരളലങ്ക.
നിസ്സഹായയായി കണ്ണൂരിലേയ്ക്ക്‌ കെട്ടും കിടയ്ക്കയുമായി നിറമിഴിയോടെ പുറപ്പെട്ടത്‌ ഇന്നും ഓര്‍മ്മയില്‍ മിഴിവാര്‍ന്ന്‌ .....
ഈ സ്ഥാപനത്തിലേയ്ക്ക്‌ ജോലിയ്ക്ക്‌ വരാന്‍ തോന്നിച്ച നിമിഷത്തെ ഒരു പതിനായിരാമത്തെ വട്ടം ശപിച്ചു.
ഈ സ്ഥാപനത്തില്‍ ജോലിയില്‍ കയറുന്നതിന്‌ മുമ്പ്‌ സര്‍ക്കാരിന്‍‌റ്റെ തന്നെ മറ്റൊരു ഡിപ്പാര്‍ട്ട്മെന്‍‌റ്റില്‍ സാമാന്യം ഭേദപ്പെട്ട ഒരു ജോലിയായിരുന്നു. കര്‍ഷകര്‍ക്കിടയില്‍ ധവളവിപ്‌ളവത്തിന്‌ ആക്കം കൂട്ടുക, ക്ഷീരസംഘങ്ങളിലും മഹിളാസമാജങ്ങളിലും മറ്റും ചര്‍ച്ചാക്‌ളാസ്സുകള്‍ സംഘടിപ്പിയ്ക്കുക,തീറ്റപ്പുല്‍കൃഷിയുടെ അനന്തസാദ്ധ്യതകളെ കുറിച്ച്‌ വാചാലയാകുക..വര്‍ഷാവര്‍ഷം മഴയ്ക്ക്‌ മുമ്പായി ഇറക്കുന്ന തീറ്റപ്പുല്ലിണ്റ്റേയും മക്കച്ചോളത്തിണ്റ്റെയും പാക്കറ്റുകള്‍ സബ്സിഡി നിരക്കില്‍ വിറ്റഴിയ്ക്കുക, അതിണ്റ്റെ പ്രചാരം കൂട്ടുന്നതിനു വേണ്ടി രാസവള സബ്സിഡി നല്‍കുക..
ജോലിയില്‍ കയറി അഞ്ച്‌ വര്‍ഷമാകുമ്പോഴേയ്ക്കും ആവര്‍ത്തന വിരസത അതിന്‍‌റ്റെ പാരമ്യത്തിലെത്തി.
ബസ്സിറങ്ങി ഒന്നും രണ്ടും കി. മീറ്റര്‍ ഉള്ളിലുള്ള ക്ഷീരസംഘങ്ങളിലേയ്ക്ക്‌ നടക്കുമ്പോള്‍ ചോദിച്ചുപോകുന്ന ഒരു ചോദ്യമുണ്ട്‌, ഇങ്ങിനെ ഒരു ജോലിയ്ക്ക്‌ വേണ്ടിയാണോ രാത്രി പകലാക്കി പഠിച്ചത്‌ ?
മുല കുടിയ്ക്കുന്ന മോനെ ഉറക്കിക്കിടത്തി പി.എസ്സി പരീക്ഷയ്ക്ക്‌ തയ്യാറെടുത്തത്‌.
ഒരു ജോലി എന്ന്‌ ചിന്തിയ്ക്കുമ്പോള്‍ എന്‍‌റ്റെ സങ്കല്‍പം മാസാമാസം ശമ്പളം എണ്ണി വാങ്ങാന്‍ കഴിയുന്ന എന്തെങ്കിലും ആയിരുന്നോ. ഈ ജോലി എനിയ്ക്ക്‌, എണ്റ്റെ മനസ്സിന്‌ എന്ത്‌ സംതൃപ്‌തിയാണ്‌ നല്‍കുന്നത്‌.. ?
ഇഷ്ടമില്ലാതിരുന്നിട്ടും യാന്ത്രികമായി ഞാന്‍ ആ ജോലി ചെയ്‌തു കൊണ്ടേയിരുന്നു.
വീടു വീടാന്തിരം കയറി ഇറങ്ങുന്ന ഒരു വില്‍പനക്കാരിയുടെ ജീവിതം ഞാന്‍ വെറുത്തു.
ഓരോ ദിവസവും മനസ്സില്‍ ഉറപ്പിച്ചു : രക്ഷപ്പെടണം. അങ്ങനെ വര്‍ഷങ്ങളുടെ ഇടവേളയ്ക്ക്‌ ശേഷം വീണ്ടും പി.എസ്‌ സി പരീക്ഷാ ഹാളുകള്‍ എന്‍‌റ്റെ സാന്നിധ്യം അറിഞ്ഞു...............
ഈ പൊതു മേഖലാസ്ഥാപനത്തിലെ ജില്ലാ ഓഫീസര്‍ തസ്‌തികയിലേയ്ക്ക്‌ അപ്പോയിണ്റ്റ്‌മെന്‍‌റ്റ്‌ ഓര്‍ഡര്‍ വന്നപ്പോള്‍ രണ്ടാമതൊന്നു കൂടി ആലോചിയ്ക്കാന്‍ നില്‍ക്കാതെ പഴയ ജോലിയില്‍ നിന്നും വിടുതല്‍ വാങ്ങി ഇതിലേയ്ക്ക്‌ ..
ഔദ്യോഗിക പര്‍വത്തില്‍ ശാന്തിയുടെയും സമാധാനത്തിന്‍‌റ്റെയും നാളുകള്‍ അവസാനിയ്ക്കുകയായിരുന്നു എന്ന്‌ അപ്പോഴറിഞ്ഞില്ല.
പൊതു മേഖലാസ്ഥാപനത്തിലെ ജില്ലാതല ഓഫീസര്‍.
പുറമെ നിന്ന്‌ നോക്കിയാല്‍ വളരെ ഉയര്‍ന്ന തസ്‌തിക.. സ്ഥാപനത്തിന്‌ അന്നുണ്ടായിരുന്ന എട്ട്‌ ജില്ലാ ഓഫീസര്‍മാരില്‍ ഒരാള്‍.
ജില്ലാ കളക്ടറുടെ കാബിനിലോ നക്ഷത്ര ഹോട്ടലുകളിലെ ശീതീകരിച്ച കോണ്‍ഫറന്‍സ്‌ ഹാളുകളിലോ നടത്തപ്പെടുന്ന, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മാത്രം പങ്കെടുക്കുന്ന മീറ്റിങ്ങുകള്‍.
മന്ത്രിമാരും എം.എല്‍.ഏമാരുമായി നേരിട്ട്‌ ബന്ധം.
അഖിലേന്ത്യാ സര്‍വീസിലുള്ളവരാണ്‌ മാനേജിങ്ങ്‌ ഡയറക്ടര്‍മാര്‍.
മുമ്പത്തേത്‌ ഈ പകിട്ടൊന്നും ഇല്ലാത്ത ഒരു പാവം ജോലിയായിരുന്നു.
പ്രഥമവും പ്രധാനവുമായ ജോലി അധഃസ്ഥിത വിഭാഗത്തിലുള്ളവരുടെ ഉന്നമനത്തിനായി വിവിധ വായ്പകളായി ലക്ഷക്കണക്കിന്‌ രൂപ ചിലവഴിയ്ക്കുന്നതായിരുന്നു.
കര്‍ഷകര്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിനായി ഇറക്കുന്ന തീറ്റപ്പുല്ലും മക്കച്ചോളവും മിനറല്‍ മിക്സ്ചറും ആളുകളുടെ പിറകെ ചെന്ന്‌ കെട്ടി ഏല്‍പ്പിച്ചിരുന്ന സ്ഥാനത്ത്‌ ആളുകള്‍ ലോണിനു വേണ്ടി പിറകെ വരാന്‍ തുടങ്ങി.
കാല്‍നടയായി കിലോമീറ്ററുകള്‍ താണ്ടിയിരുന്ന സ്ഥാനത്ത്‌ യൂണിഫോറം ധരിച്ച ഡ്രൈവറും സ്റ്റേറ്റ്‌ ബോര്‍ഡ്‌ വച്ച കാറും............
ട്രെയിന്‍ നീണ്ട ഒരു ഞരക്കത്തോടെ മുന്നോക്കം പോയി നിന്നു.
പ്‌ളാറ്റ്ഫോറത്തിലൂടെ രണ്ട്‌ പേര്‍ ഓടുന്നത്‌ കണ്ടു. പിറകെ രണ്ട്‌ പോലീസുകാര്‍.
അടുത്തിരുന്ന സ്‌ത്രീ പറഞ്ഞു:"പോക്കറ്റടിയോ മാല പൊട്ടിക്കലോ ആകും കേസ്‌. "
അതും പറഞ്ഞ്‌ അവര്‍ തന്‍‌റ്റെ സാരിത്തലപ്പിന്‌ മുകളിലൂടെ മാറത്ത്‌ കിടന്നിരുന്ന താലിമാല എടുത്ത്‌ ഉള്ളിലേയ്ക്കിട്ടു.
ഏതാണ്‌ സ്റ്റേഷന്‍ ?
തല പുറത്തേയ്ക്കിട്ട്‌ നോക്കി.
താനൂറ്‍.
മലപ്പുറത്തുള്ളപ്പോള്‍ എത്ര തവണ കുടിശ്ശിക പിരിവുമായി വന്ന സ്ഥലമാണ്‌. റെയില്‍വേ സ്റ്റേഷന്‍‌റ്റെ മുമ്പിലുള്ള ടാക്സിപ്പേട്ടയില്‍ മിനിലോറി വായ്പ എടുത്തിരുന്ന ഒരു ഉണ്ണിയുണ്ടായിരുന്നു. രണ്ട്‌ തവണ ഉണ്ണിയുടെ ലോറി കുടിശ്ശിക വരുത്തിയതിന്‌ പിടിച്ചെടുക്കുക യുണ്ടായി.....
മലപ്പുറം..
മലപ്പുറത്താണ്‌ ആദ്യം പോസ്റ്റിങ്ങ്‌ കിട്ടിയത്‌.
അതു വരെ മലപ്പുറം എന്നാല്‍ എതോ അതി വിദൂരമായ ഒരു ഭൂഖണ്ഡമായിരുന്നു. മാപ്പിളമാരുടെ നാട്‌. ഹിന്ദുക്കളെങ്ങാന്‍ അബദ്ധത്തില്‍ അവരുടെ കസ്റ്റഡിയില്‍ പെട്ടാല്‍ മതം മാറ്റിയതു തന്നെ. പൊന്നാനിയില്‍ കൊണ്ടു പോയി തല മൊട്ടയടിച്ച്‌ മാപ്പിളയാക്കുന്നു.
പെണ്ണാണെങ്കില്‍ തട്ടമിടുവിക്കുന്നു. മാലതിയെ ജമീലയും സുഹറയും ആക്കും. അങ്ങനെ പേടിയോടെ കേട്ടിരുന്ന ഒരു സ്ഥലത്ത്‌ നാല്‌ കൊല്ലം.
വീട്ടില്‍ നിന്ന്‌ അര മണിക്കൂറ്‍ ഓഫീസിലേയ്ക്കും അര മണിക്കൂറ്‍ തിരിച്ച്‌ വീട്ടിലേയ്ക്കും വേണ്ടി വന്നത്‌ മൂന്ന്‌ മണിക്കൂറ്‍ ഓഫീസിലേയ്ക്കും നാല്‌ മണിക്കൂറ്‍ വീട്ടിലേയ്ക്കും എന്നായി.
രാവിലെ അഞ്ചേ മുക്കാലിന്‌ വീട്ടില്‍ നിന്നിറങ്ങി രാത്രി എട്ടേ മുക്കാലിന്‌ വീട്‌ തിരികെ പിടിച്ചു. എന്നും പുലര്‍ച്ചെ മൂന്നരയ്ക്ക്‌ അലാറം എന്ന ഭീകരന്‍ എന്നെ ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി. കണ്ണുകളില്‍ ഉറക്കച്ചടവും സിരകളില്‍ യാത്രാക്ഷീണവും കുടിപാര്‍പ്പായി..
എന്നാലും ഞാന്‍ സംതൃപ്‌തയായിരുന്നു.
എത്ര അലഞ്ഞാലും രാത്രി ഉറങ്ങാന്‍ നേരത്തെയ്ക്ക്‌ എന്‍‌റ്റെ മക്കളുടെ അടുത്തെത്താന്‍ കഴിയുന്നുണ്ടല്ലോ.. ആ ചിന്ത തന്നെ എല്ലാ ക്ഷീണവും അകറ്റാനുള്ള മൃതസഞ്ജീവനി ആയിരുന്നു.
ഷൊര്‍ണൂര്‍ നിലമ്പൂര്‍ ട്രെയിനിലെ ലേഡീസ്‌ കമ്പാര്‍ട്ട്മെണ്റ്റ്‌ ഉറക്കത്തിണ്റ്റെ ചെറിയ ഇടവേളകള്‍ സമ്മാനിച്ചു.
ഞാന്‍ സംതൃപ്‌തയായതില്‍ സംതൃപ്‌തരല്ലാത്ത ചിലരുണ്ടായിരുന്നു. അവര്‍ എന്നെ ഫുട്ബോള്‍ തട്ടാന്‍ തുടങ്ങി.
ഒന്നര വര്‍ഷത്തിനകം ഞാന്‍ മലപ്പുറം, കോഴിക്കോട്‌ എന്നീ ജില്ലകള്‍ക്ക്‌ പുറമെ വയനാട്‌, കോട്ടയം വീണ്ടും മലപ്പുറം എന്ന ക്രമത്തില്‍ ഞാന്‍ എടുത്തെറിയപ്പെട്ടു.
രണ്ടാമൂഴത്തില്‍ മലപ്പുറത്തെത്തി ആശ്വസിച്ചിരിയ്ക്കുമ്പോള്‍ വിചാരിയ്ക്കാത്ത നിമിഷത്തില്‍ വന്നു.. കണ്ണൂരിലേയ്ക്കുള്ള ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍.
അക്ഷരാര്‍ഥത്തില്‍ ഞെട്ടിത്തെറിച്ചു പോയി.
"വീട്ടിലാരൊക്കേണ്ട്‌".
താത്തയുടെ സംശയം തീരുന്നില്ലല്ലൊ. കണ്ടുമുട്ടിയ പെണ്ണ്‌ അതും ഏതാണ്ട്‌ തണ്റ്റെ തന്നെ പ്രായമുള്ള ഒരുത്തി ഒറ്റയ്ക്ക്‌ സഞ്ചരിയ്ക്കുന്നവള്‍ വിവാഹിതയാണോ അവിവാഹിതയാണോ എന്നറിയാനുള്ള നിരക്ഷരരുടെ ജിജ്ഞാസ മനസ്സിലാക്കാന്‍ ഒട്ടും വിഷമമുണ്ടായില്ല.
താത്തയെ സംശയത്തിണ്റ്റെ മുള്‍ മുനയില്‍ നിര്‍ത്തേണ്ടതില്ല എന്ന്‌ നിശ്ചയിച്ചു.
"ഭര്‍ത്താവും മക്കളും ഉണ്ട്‌". സംശയങ്ങള്‍ അവസാനിയ്ക്കുകയല്ല തുടരുക തന്നെയാണ്‌.
"എന്ത്‌ കുട്ട്യോളാ".
"ആങ്കുട്ട്യോള്‌"
"അപ്പോ ങ്ങള്‌ ഈടെ പോരുമ്പോ ആടെ ആരാ കെട്ട്യോനും മക്കള്‍ക്കും കഞ്ഞിണ്റ്റെ വെള്ളം അനത്തി കൊടുക്ക്‌ആ." .
താന്‍ പലപ്പോഴും സ്വയം ചോദിച്ചു പോയ ചോദ്യം.പലരും തന്നോടും ഭര്‍ത്താവിനോടും ചോദിച്ച ചോദ്യം. എങ്ങിനെ കഴിച്ചു കൂട്ടി?ആറേഴു വര്‍ഷം ..
ജീവിതമെന്നാല്‍ അന്തമില്ലാത്ത അലച്ചിലും യാത്രകളും ആണെന്ന്‌ തോന്നിയ വര്‍ഷങ്ങള്‍. രണ്ടു കൂട്ടരുടേയും വീട്ടുകാര്‍ കുറ്റപ്പെടുത്താനല്ലാതെ ഒരു നല്ല വാക്ക്‌ പറയാന്‍ ഉണ്ടായില്ല.
കൊമ്പത്തെ ജോലിയ്ക്ക്‌ പോയിട്ടല്ലേ, അനുഭവിച്ചോ..
പുലര്‍ച്ചെ തൃശ്ശൂര്‍ റയില്‍വേ സ്റ്റേഷനിലെത്തുന്ന തിരുവനന്തപുരം കണ്ണൂര്‍‍ എക്സ്പ്രസ്സ്‌. വൈകീട്ട്‌ കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക്‌ പുറപ്പെടുന്ന അതേ ട്രയിന്‍. അതിലെ ലേഡീസ്‌ കമ്പാര്‍ട്ട്മെണ്റ്റുകള്‍ എന്‍‌റ്റെ ജീവിതത്തിണ്റ്റെ അവിഭാജ്യ ഘടകമായി.
ശനിയാഴ്ച രാത്രികളില്‍ തൃശ്ശൂര്‍‍ റെയില്‍വേ സ്റ്റേഷനില്‍ പതിനൊന്നുമണിയ്ക്കു ശേഷം എത്തിയേക്കാവുന്ന യാത്രക്കാരിയേയും പ്രതീക്ഷിച്ചുള്ള നില്‍പ്‌... തിങ്കളാഴ്ച്ച പുലര്‍ച്ചെ 2.30 ന്‌ അതേ യാത്രക്കാരിയെ തിരിച്ചയയ്ക്കുന്നതിനു വേണ്ടിയുള്ള വരവ്‌.
പരിചയമുള്ള സ്റ്റേഷന്‍ മാസ്റ്റര്‍ ഭര്‍ത്താവിനെ നോക്കുന്ന നോട്ടത്തില്‍ അയ്യോ പാവം..
ശനിയാഴ്ച രാത്രി പന്ത്രണ്ടിനു ശേഷം പുലര്‍ച്ചെ അഞ്ചു മണി വരെ ഹ്രസ്വമായ ഉറക്കം. പുലര്‍ച്ചെ അഞ്ചരയ്ക്ക്‌ ഓണാക്കപ്പെടുന്ന റോബോട്ട്‌ അവിരാമം അനുസ്യൂതം കറങ്ങി കൊണ്ടിരിയ്ക്കുന്നു, പറമ്പിലും പുരയിലുമായി.. അന്നൊക്കെ ഞായറാഴ്ചകളിലെ പകല്‍ അവസാനിയ്ക്കുക സൂര്യന്‍ അസ്‌തമിയ്ക്കുമ്പോഴല്ല മറിച്ച്‌ കഴിഞ്ഞ ഒരാഴ്ച്ചത്തെയും വരുന്ന ഒരാഴ്ച്ചത്തേയ്ക്കുമുള്ള എന്‍‌റ്റെ ജോലികള്‍ കഴിയുമ്പോഴാണ്‌. ആറ്‌ ദിവസത്തേയ്ക്കുള്ള തോരനും ചാറ്‌ കറിയും എടുക്കേണ്ട ദിവസങ്ങളിലെ തീയതി എഴുതി ആറ്‌ ജോഡി പാത്രങ്ങളിലായി ഫ്രീസറിനകത്ത്‌ സ്ഥലം പിടിയ്ക്കുന്നു.
അക്കാലങ്ങളില്‍ ഞാന്‍ ഒരു ഭാര്യയും അമ്മയും എന്നതിനേക്കാള്‍ ഒരു വീട്ടുവേലക്കാരി മാത്രമായിരുന്നു എന്നു പറയുകയാവും ശരി.
വരവിനും തിരിച്ചുപോക്കിനും ഇടയിലുള്ള ചുരുങ്ങിയ മണിക്കൂറുകള്‍ക്കിടയില്‍ എങ്ങിനെ ഇതെല്ലാം എന്‍‌റ്റെ ഈ രണ്ട്‌ കൈ കൊണ്ട്‌ ചെയ്‌തു തീര്‍ക്കും? ഈ ഒരു ചോദ്യമാണ്‌ എന്‍‌റ്റെ ഉള്ളില്‍ മുഴങ്ങി കൊണ്ടിരിയ്ക്കുക.
ക്രൂരമായ മുഖത്തോടെ കണ്ണൂറ്‍ എന്നെ എതിരേറ്റു.
ജീവനക്കാര്‍ പുഞ്ചിരി വറ്റിയ മുത്തോടെ എനിയ്ക്ക്‌ സ്വാഗതമോതി.സൌഹൃദഭാവത്തില്‍ ഒന്നു ചിരിയ്ക്കാന്‍ പോലും ആര്‍ക്കും അറിയില്ലായിരുന്നു. ഫയല്‍ നോക്കി കൊണ്ടിരിയ്ക്കവെ യാദൃശ്ചികമായി മുഖമുയര്‍ത്തിയാല്‍ പലപ്പോഴും കാണുക വേഗത്തില്‍ സ്വന്തം ഫയലുകളിലേയ്ക്ക്‌ മുഖം താഴ്ത്തുന്ന ഏതെങ്കിലും ജീവനക്കാരനെ ആണ്‌.അവര്‍ എപ്പോഴും എന്നെ സംശയത്തോടെ മാത്രം വീക്ഷിച്ചു.ഞാന്‍ ജീവനക്കാരുമായി ശണ്ഠയുണ്ടാക്കുന്ന ഒരു ഓഫീസറാണെന്ന പ്രചരണവും എനിയ്ക്കെതിരെ പ്രവര്‍ത്തിച്ചിരുന്ന ലോബി നടത്തിയിരുന്നു.അതുകൊണ്ട്‌ എവിടെ ചെല്ലുമ്പോഴും ആദ്യം ജീവനക്കാര്‍ എന്നോട്‌ ശത്രുത കാണിച്ചു.എന്നോട്‌ കൂടുതല്‍ അടുക്കു ന്തോറും ആ ശത്രുത മാറുകയും ചെയ്‌തു.
കണ്ണൂരിലും സ്ഥിതി വ്യതസ്ഥമായിരുന്നില്ല.എന്നാല്‍ ആരംഭം മുതല്‍ എന്നോട്‌ എന്നും മിത്രഭാവത്തില്‍ വര്‍ത്തിച്ചത്‌ ഇന്ദിരയാണ്‌. ഇന്ദിര വികലാംഗയായിരുന്നു, അവിവാഹിതയും. സാമാന്യം പൊക്കമുള്ള അവര്‍ നീളം കൂടിയ തണ്റ്റെ വലതുകാല്‍ വലിച്ചു വച്ച്‌ ആ ഓഫീസിലെങ്ങും നിശ്ശബ്ദയായി നടന്നു. രാവിലെ നേര്‍ത്തെ ഓഫീസില്‍ വരുന്ന അവര്‍ തണ്റ്റെ കയ്യില്‍ എപ്പോഴും ഒരു മുല്ലപ്പൂമലയുടെ തുണ്ട്‌ കരുതി, എന്‍‌റ്റെ മുടിയില്‍ തിരുകാന്‍. ഉച്ചയ്ക്ക്‌ മണമോ രുചിയോ ഇല്ലാത്ത എന്‍‌റ്റെ ഹോസ്റ്റല്‍ ഭക്ഷണത്തിന്‌ രുചിയും മണവും നല്‍കി എനിയ്ക്കായി സ്പെഷല്‍ കറികള്‍ കൊണ്ടു വന്നു. ഇന്ദിരയുടെ ഒറ്റപ്പെടലിലേയ്ക്ക്‌ കയറിച്ചെന്ന ആദ്യത്തെ സ്‌ത്രീ ആയിരുന്നുവോ ഞാന്‍? അറിയില്ല. പക്ഷെ ഒന്നെനിയ്ക്ക്‌ തീര്‍ച്ചയാണ്‌. പില്‍ക്കാലത്ത്‌ പലരും എന്നോട്‌ അടുപ്പം കാണിച്ചിട്ടുണ്ട്‌. എന്നിലെ ഓഫീസറോട്‌. ഇന്ദിര എന്നോട്‌ കാണിച്ച അടുപ്പം ഒരു കൂടപ്പിറപ്പിനോടുള്ളതായിരുന്നു.
ഒരു പറ്റം സ്‌ത്രീകള്‍ മീന്‍കുട്ടകളുമായി കയറി വന്നു.
ഏതാണ്‌ സ്റ്റേഷന്‍..
മാഹി.. മയ്യഴി. മുകുന്ദന്‍‌റ്റെ മയ്യഴി.
ആദ്യമായി മയ്യഴി എന്ന ബോര്‍ഡ്‌ വായിച്ചപ്പോള്‍ കോരിത്തരിച്ചുപോയത്‌ ഓര്‍ത്തപ്പോള്‍ ചിരി പൊട്ടി. ഈ നാല്‍പതാം വയസ്സിലും എണ്റ്റെ അകം ഒരു പതിനേഴുകാരിയുടേതാണ്‌ എന്ന്‌ ഒരിയ്ക്കല്‍ കൂടി തിരിച്ചറിഞ്ഞു.
ഇപ്പോള്‍ മയ്യഴിപ്പുഴയുടെ മുകളില്‍ കൂടിയാണ്‌ വണ്ടി പൊയ്ക്കൊണ്ടിരിയ്ക്കുന്നത്‌. ദൂരെ തല തല്ലി ച്ചിരിയ്ക്കുന്ന വെള്ളിത്തിരമാലകള്‍. നോക്കി, എങ്ങാനും കാണാനുണ്ടോ വെള്ളിയാങ്കല്ല്‌.. ?ദാസണ്റ്റെയും ചന്ദ്രിയുടെയും ആത്മാവുകളെ ആവാഹിയ്ക്കുന്ന രണ്ടു ശലഭങ്ങളെ..കാണാ നുണ്ടോ അല്‍ഫോന്‍സച്ചനെ, മഗ്ഗി മദാമ്മയെ, കുറമ്പിയമ്മയെ, ഗസ്‌തോനെ, ലീലേച്ചിയെ, ..ദാസണ്റ്റെയും ചന്ദ്രിയുടെയും പിന്‍ഗാമികളെ.
തീരത്ത്‌ കയറ്റിവച്ചിരിയ്ക്കുന്ന അസം്യം ചങ്ങാടങ്ങള്‍. ബോട്ടുകള്‍..അനുഭവിച്ചു കൊണ്ടിരി യ്ക്കുന്ന സമയത്ത്‌ ബുദ്ധിമുട്ടും കഷ്ടപ്പാടുകളും ആയിരുന്ന സംഭവങ്ങള്‍ തന്നെ പില്‍ക്കാലത്ത്‌ മധുരമായ നൊമ്പരം ഉണര്‍ത്തുന്ന സ്മരണകള്‍ ആകുന്ന വൈചിത്ര്യം ഒരിയ്ക്കല്‍ കൂടി ഞാന്‍ അറിയുന്നു.
തുറന്ന ജനാലകള്‍ക്കപ്പുറം വഴിയോരക്കാഴ്ച്ചകളുടെ വൈവിദ്ധ്യം. പുഴകളും തോടുകളും കായലുകളും .. ഇടയ്ക്ക്‌ അടുത്തും അകലെയുമായി സാഗര ഗരിമ.. ഉച്ചവെയിലില്‍ രത്നക്കല്ലുകള്‍ പോലെ തിളങ്ങുന്ന അലച്ചാര്‍ത്തുകള്‍..
വണ്ടി ഇപ്പോള്‍ തലശ്ശേരിയില്‍ കൂടിയാണ്‌ പൊയ്ക്കൊണ്ടിരിയ്ക്കുന്നത്‌. തലശ്ശേരി..
തലച്ചേരി.. പഴശ്ശിരാജാവിണ്റ്റെ തലച്ചേരി..
ഒരുപാട്‌ തലകളീ മണ്ണില്‍ ഉരുണ്ടു. ഇന്നും ഉരുണ്ടു കൊണ്ടിരിയ്ക്കുന്നു.
നാല്‌ വര്‍ഷം ഈ സ്ഥലത്തിന്‌ ഇത്രയും മാറ്റം വരുത്തിയോ?
അന്ന്‌ തുറസ്സായി കിടന്നിരുന്ന സ്‌'ഥലങ്ങളിലെല്ലാം വികസനത്തിണ്റ്റെ കോണ്‍ക്രീറ്റ്‌ കാടുകള്‍ നിറഞ്ഞിരിയ്ക്കുന്നു. മാറ്റമില്ലാത്തത്‌ കണ്ടല്‍ക്കാടുകളുടെ ഹരിതാഭയ്ക്ക്‌ മാത്രം. ആവോ, പറയാന്‍ പറ്റില്ല ഇനി ഒരു തവണ വരുമ്പോള്‍ ഇവയും വെട്ടി നികത്തി കോണ്‍ക്രീറ്റ്‌ കാടുകള്‍ നിറച്ചിട്ടുണ്ടാകുമോ എന്ന്‌ പരിസ്ഥിതി എന്നു പറഞ്ഞ്‌ ബഹളം കൂട്ടാന്‍ ചില വട്ടന്‍മാരും വട്ടത്തികളും ഇല്ലായിരു ന്നെങ്കില്‍ എന്നോ ഈ കൊച്ചു കേരളം ഒരു തരിശുഭൂമി ആയിക്കഴിഞ്ഞു. ഇപ്പോള്‍ കടലിനും ഈ വണ്ടിയ്ക്കും ഇടയില്‍ ഏതാനും കൊച്ചു വീടുകളുടെയും ഒരു റോഡിണ്റ്റെയും ഒരു ഇട മാത്രം. ആര്‍ത്തിയോടെ നോക്കി ഇരുന്നു.
കടല്‍... എത്ര കണ്ടാലും മതി വരാത്ത ഒരു പ്രതിഭാസം. കന്യാകുമാരിയില്‍ എത്ര പോയാലും മതി വരാത്തതിണ്റ്റെ കാരണവും മറ്റൊന്നല്ല.
വീണ്ടും ചേതന തളാപ്പിലേയ്ക്ക്‌ മടങ്ങിയെത്തി...
തളാപ്പ്‌.. തളാപ്പിലെ സുന്ദരേശ്വര ക്ഷേത്രം.
ശ്രീ നാരായണ ഗുരുവിനാല്‍ പ്രതിഷ്ഠ നടത്തപ്പെട്ട ശിവ ക്ഷേത്രങ്ങളില്‍ ഒന്ന്‌. രാവിലത്തെ വെയിലില്‍ വെട്ടിത്തിളങ്ങുന്ന ശ്രീകോവില്‍. ഗാംഭീര്യം സ്ഫുരിയ്ക്കുന്ന പരിസരങ്ങള്‍. മണല്‍ വിരിച്ച മുറ്റം. പടര്‍ന്നു പന്തലിച്ച കൂറ്റന്‍ അശോകമരം. മുറ്റത്തിണ്റ്റെ ഇറക്കില്‍ വിശാലമായ മൈതാനം. മൈതാനത്തിനും ക്ഷേത്രത്തിനും ഇടയിലായി വലിയ അമ്പല ക്കുളം. കുളത്തില്‍ ഏതു സമയത്തും ആളുകള്‍ കുളിയ്ക്കുന്നുണ്ടായിരിയ്ക്കും. തെങ്ങിന്‌ ചുവട്ടില്‍ കുറ്റിയില്‍ തളച്ചിരിയ്ക്കുന്ന ഗജവീരന്‍. അമ്പലത്തോട്‌ ചേര്‍ന്ന്‌ എസ്‌.എന്‍ .ഡി.പി ക്കാര്‍ നടത്തുന്ന വര്‍ക്കിങ്ങ്‌ വിമന്‍സ്‌ ഹോസ്റ്റല്‍.
ഈ കോര്‍പ്പറേഷനില്‍ ജോയിന്‍ ചെയ്‌തതില്‍ പിന്നെ പേരിനു പോലും ഒരു കൂട്ടുകാരിയെ ലഭിച്ചിട്ടില്ലാതിരുന്ന എനിയ്ക്ക്‌ ഹോസ്‌'റ്റലില്‍ മനസ്സിനോട്‌ അടുത്തു നില്‍ക്കാന്‍ പാകത്തിന്‌ ഏതാനും കൂട്ടുകാരികളെ കിട്ടി.
ഇന്നു കിട്ടും നാളെ കിട്ടും നാടായ തൃശ്ശൂരിലേയ്ക്ക്‌ ട്രാന്‍സ്ഫര്‍ എന്ന പ്രതീക്ഷയില്‍ പന്ത്രണ്ട്‌ വര്‍ഷം കഴിഞ്ഞു പോയത്‌ അറിഞ്ഞില്ല എന്നു പറയുന്ന പ്രോവിഡണ്റ്റ്‌ ഫണ്ട്‌ ഓഫീസിലെ ബാലാമണി. തൃശ്ശൂരില്‍ കേന്ദ്രീയ വിദ്യാലയത്തിലെ അദ്ധ്യാപകനായ രാജേട്ടനും മക്കളായ നീജു, ശ്രീക്കുട്ടി എന്നിവരും എന്നാണ്‌ താന്‍ പഠിപ്പിയ്ക്കുന്ന കണ്ണൂരിലെ കേന്ദ്രീയ വിദ്യാലയ ത്തിലേയ്ക്ക്‌ ട്രാന്‍സ്ഫര്‍ വാങ്ങി വരിക എന്ന്‌ അക്ഷമയോടെ കാത്തിരിയ്ക്കുന്ന ഗീത. അവിടെത്തന്നെ പഠിപ്പിയ്ക്കുന്ന, മുപ്പതുകളുടെ ഒടുവിലത്തെ പടിയിലെത്തിയിട്ടും അവിവാഹിതകളായി തന്നെ കഴിയുന്ന ഹേമലതയും രാജിയും. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും ജോലിയും അവരെ സംബന്ധിച്ചിടത്തോളം ഒരു ശാപമായി മാറുകയായിരുന്നു. റിട്ടയര്‍മെന്‍‌റ്റിന്‌ മുന്നോടിയായി ഒടുവിലത്തെ പ്രൊമോഷന്‍ കിട്ടി വന്ന ഹെല്‍ത്ത്‌ ഡിപ്പാര്‍ട്ട്മെണ്റ്റില്‍ അഡ്മിനിസ്ട്രേറ്റീവ്‌ ഓഫീസറായ ലീലാവതിയമ്മ..
ഒരു ദിവസം ഓഫീസ്‌ കഴിഞ്ഞു വരുമ്പോഴാണ്‌ റൂമില്‍ പുതിയ അംഗത്തെ കണ്ടത്‌. ആദ്യ ദര്‍ശനത്തില്‍ ഭയങ്കര ഗൌരവക്കാരിയാണെന്നാണ്‌ തോന്നിയത്‌. അളന്ന്‌ തൂക്കിയായിരുന്നു സംസാരം. ചോദിച്ചതിനു മാത്രം മറുപടി, അതും ഉവ്വ്‌, ഇല്ല എന്നുമാത്രം.ആദ്യമായിട്ടായിരുന്നു ജോലിയില്‍ സ്ഥലം മാറ്റം. അതിണ്റ്റെ വിഷമമായിരുന്നു കക്ഷിയ്ക്ക്‌. ഒരു ദിവസം ഉറക്കത്തില്‍ ഒരു തേങ്ങല്‍ കേട്ടു. ലയിറ്റിട്ട്‌ നോക്കിയപ്പോള്‍ ആള്‍ കമിഴ്ന്നു കിടക്കുന്നു. പുറം ഉയരുകയും താഴുകയും ചെയ്യുന്നു. ചെന്ന്‌ പുറത്ത്‌ കൈ വച്ചു.. അങ്ങിനെ മഞ്ഞുരുകി....
കൂടുതല്‍ അടുത്തപ്പോഴാണ്‌ ഭയങ്കര തമാശക്കാരിയാണ്‌ ആള്‍ എന്ന്‌ മനസ്സിലായത്‌. ഹോസ്റ്റലില്‍ വളരെ നേരത്തെ അത്താഴം കഴിയും. ഏഴേമുക്കാലാകുമ്പോഴേയ്ക്കും എല്ലാവരുടെയും ഊണ്‌ കഴിയും. ഉറങ്ങാന്‍ പിന്നെയും കിട ക്കുന്നു മണിക്കൂറുകള്‍. രണ്ടാം നിലയിലെ അഴിയടിച്ച വരാന്തയില്‍ വട്ടമിട്ടിരുന്ന്‌ വാചകമടി യ്ക്കലായിരുന്നു സമയം കൊല്ലാന്‍ ഏക മാര്‍ഗം.. ഒരു പാട്ടെങ്കിലും മൂളാത്തവര്‍ സഭയില്‍ഉണ്ടായിരുന്നില്ല എന്നു തന്നെ പറയാം.
ലീലേച്ചി മനോഹരമായി പാട്ട്‌ പാടുമായിരുന്നു. മൂന്നു പേരക്കുട്ടികളുടെ അമ്മൂമ്മയായ സ്‌ത്രീയാണോ ഈ പാട്ട്‌ പാടുന്നത്‌ എന്ന്‌ സംശയം തോന്നുമായിരുന്നു.
വിദൂര ദേശങ്ങളിലെ വ്യത്യസ്‌ത കുടുംബങ്ങളിലെ ഗൌരവക്കാരായ സ്‌ത്രീകള്‍ എസ്‌.എന്‍ ഹോസ്റ്റലിലെ അഴിയടിച്ച വരാന്തയില്‍ എന്നോ കഴിഞ്ഞു പോയ തങ്ങളുടെ കൌമാരയൌവനങ്ങള്‍ പുന:സൃഷ്ടിയ്ക്കുകയായിരുന്നു. ഒരു ഉദ്യോഗസ്ഥവീട്ടമ്മയെ സംബന്ധിച്ചിടത്തോളം ഹ്രസ്വമായ കാലഘട്ടത്തിലേയ്ക്കുള്ള സ്ഥലം മാറ്റങ്ങള്‍ ഒരു മൃതസഞ്ജീവനിയുടെ ഫലം ചെയ്യും. ഞാന്‍ കണ്ടു പിടിച്ചു..
സ്‌ത്രീ..
അവള്‍ ഇന്ന ഇടത്ത്‌ ഇന്നാരുടെ ഭാര്യയാണ്‌.. അമ്മയാണ്‌. ഇന്ന ഓഫീസിലെ ഇന്ന തസ്‌തി കയില്‍ ജോലി ചെയ്യുന്ന ഇന്നാരാണ്‌. മറ്റാരൊക്കെയോ ആകേണ്ടി വരുന്ന അവള്‍ ഒരിയ്‌ ക്കല്‍ പോലും അവള്‍ മാത്രം ആകുന്നില്ല. വിവാഹിതയാകുന്നതോടെ അവളുടെ ജീവിത ത്തില്‍ നിന്നും നിലാവും ആകാശവും നക്ഷത്രങ്ങളും അപ്രത്യക്ഷമാകുന്നു. അടുക്കളപ്പ ണികളും കുട്ടികളെ നോക്കലും ഓഫീസ്‌ ജോലിയും കൂടി അവളെ മുഴുവനായി വരിഞ്ഞു മുറുക്കുന്നു. ഹോസ്റ്റല്‍ ജീവിതം അവള്‍ക്ക്‌ അവളെ തിരികെ നല്‍കുന്നു. അവിടത്തെ അസം്യം സ്‌ത്രീകളില്‍ ഒരുവള്‍ മാത്രമാകുന്നു അവള്‍. സകല കെട്ടുപാടുകളില്‍ നിന്നും തത്കാലം അവള്‍ മുക്തയാകുന്നു.
വിവാഹത്തോടെ എണ്റ്റെ ജീവിതത്തില്‍ നിന്നും സാ..വ..കാ..ശം എന്ന വാക്കു തന്നെ എന്നെന്നേയ്ക്കുമായി പടി ഇറങ്ങിപ്പോയി.ഇപ്പോള്‍ വിചാരിയ്ക്കാതെ കിട്ടിയ സമയധാരാളിത്തം എന്നെ അത്യധികം ആഹ്‌ളാദിപ്പിച്ചു. പ്രഭാതങ്ങളില്‍ ഞാന്‍ സമയമെടുത്ത്‌ കുളിച്ചു. അലസമായി മുടി വേറെടുത്ത്‌ വരാന്തയില്‍ നില്‍ക്കും. ആരെങ്കിലും കണ്ടാലോ എന്ന പേടി വേണ്ട. അഥവാ കണ്ടാലും എന്നെപ്പോലെ തന്നെയുള്ള സ്‌ത്രീകള്‍ മാത്രം.
രാത്രികാലങ്ങളില്‍ ഹോസ്റ്റല്‍ വരാന്തയില്‍ നിലാവാട പുതച്ച്‌ കിടക്കുന്ന മൈതാനവും അമ്പലമുറ്റവും ഉയര്‍ന്നു കാണുന്ന കൊടിമരവും നോക്കി അങ്ങനെ ധൃതിയില്ലാതെ നില്‍ ക്കവേ ഞാന്‍ അതാണ്‌ ഓര്‍ക്കുക..ആ രാത്രികളില്‍ ഞാന്‍ എണ്റ്റെ വിദൂര കൌമാര യൌവന കാലങ്ങള്‍ ഓര്‍മ്മിച്ചു പോകുന്നു.വൈദ്യുതി പോലും എത്തിയിട്ടില്ലാത്ത ഒരു പുഴയോരഗ്രാമം മുത്തശ്ശന്‍, മുത്തശ്ശി ഇളയമ്മ..
അച്ഛനും അമ്മയും അങ്ങ്‌ ദൂരെ ബോംബേ എന്ന മഹാനഗരത്തില്‍ ആയിരുന്നു. പ്രായ മായ പെണ്‍കുട്ടികള്‍ വളരേണ്ട സ്ഥലമല്ല ബോംബെ.. തന്നെ ഗ്രാമത്തില്‍ നിര്‍ത്തിയതിനുള്ള വിശദീകരണമായിരുന്നു അത്‌. അച്ഛനമ്മമാരോടുള്ള അമര്‍ഷം എന്നും ഉള്ളില്‍ അടച്ചു വച്ചു.
പിന്നെ സ്വപ്നം കാണാന്‍ തുടങ്ങി.. സ്വപ്നങ്ങള്‍ക്ക്‌ നിശ്ചിതരൂപം കൈവന്നു. ഒടുവില്‍ ഒരു ദിവസം ഇന്നതാണ്‌ എനിയ്ക്ക്‌ നഷ്ടപ്പെട്ടത്‌ എന്ന്‌ ഓര്‍ത്തു വയ്ക്കാനായി ഞാന്‍ സ്വപ്നം കണ്ടു.
ഹോസ്റ്റലിന്‌റ്റെ അഴിയടിച്ച വരാന്തയ്ക്കിപ്പുറം പുറമെ നിഴലും നിലാവും ഒളിച്ചു കളിയ്ക്കു ന്നതും നോക്കി നില്‍ക്കാന്‍ മണിക്കൂറുകള്‍ എനിയ്ക്ക്‌ പതിച്ചു കിട്ടിയപ്പോള്‍ നഷ്ടങ്ങളെല്ലാം നേട്ടങ്ങളായി...
ഗൃഹാതുരത്വം എനിയ്ക്കെന്തെല്ലാമോ സമൃദ്ധിയോടെ തിരികെ നല്‍കി.
നന്ദി.. എനിയ്ക്ക്‌ നഷ്ടപ്പെട്ട ഓര്‍‌മ്മ‍കളെ തിരിച്ചു നല്‍കിയ എസ്‌.എന്‍ ഹോസ്റ്റലിന്‌..
അവിടത്തെ തങ്കം മേട്രണ്‍ അരുമയായി വളര്‍ത്തുന്ന സ്നേഹപ്പക്ഷികള്‍ക്ക്‌...
നാനാ ജാതി പൂക്കള്‍ കാന്തിയും സൌരഭ്യവും ചൊരിഞ്ഞ പൂന്തോട്ടത്തിന്‌..
റെയില്‍വേയുടെ കോമ്പൌണ്ട്‌ വാളിനപ്പുറം ആളെ കുത്തി നിറച്ച ഒരു ബസ്സ്‌ പോകുന്നു. പ്ളാറ്റ്ഫോമില്‍ നിന്ന്‌ പച്ചക്കൊടി വീശൂന്ന സ്റ്റേഷന്‍ മാസ്റ്റര്‍.
ഏതാണ്‌ സ്റ്റേഷന്‍?കണ്ണൂര്‌ തെക്ക്‌.
ഇനി നിമിഷങ്ങളേ വേണ്ടൂ എനിയ്ക്കിറങ്ങേണ്ട സ്റ്റേഷനിലെത്താന്‍.
"കണ്ണൂരായി, ങ്ങക്ക്‌ സാധനങ്ങളൊന്നൂല്യേ എറക്കാനക്കൊണ്ട്‌. "
താത്ത തണ്റ്റെ ബാഗും സാധനങ്ങളും മുകളില്‍ നിന്നിറക്കി കൊണ്ട്‌ ചോദിച്ചു. നഗരത്തിരക്കിനെ ചുവട്ടിലാക്കി കൊണ്ട്‌ വണ്ടി ഫ്ളൈ ഓവറിലൂടെ സ്റ്റേഷനിലേയ്ക്ക്‌ പ്രവേശിച്ചു.
ഇടതുവശത്തായി കൂറ്റന്‍ ഇന്ധന ടാങ്കുകള്‍.. റെയില്‍വേ മുത്തപ്പന്‍ ക്ഷേത്രം.
ഓര്‍മകളുടെ കുത്തൊഴുക്ക്‌ എണ്റ്റെ കണ്ണുകള്‍ നിറഞ്ഞിരിയ്ക്കുന്നതായി ഞാന്‍ മനസ്സിലാക്കി. ആത്മസുഹൃത്തിനെ ഏറെ കാലമായി കാണാന്‍ കണ്ണില്‍ എണ്ണയുമൊഴിച്ചിരിയ്ക്കുന്ന ബാല്യകാലമിത്രത്തെ പ്പോലെ കണ്ണൂറ്‍ സ്റ്റേഷന്‍ എന്നെ വരവേറ്റു..
രണ്ടു കൈയും നീട്ടി ... ...