Monday, August 20, 2007

അമ്മ

സ്വീകരണമുറിയില്‍ ഫാനിനടിയില്‍ ഇരുന്ന്‌ മകനും കുട്ടികള്‍ക്കും ഒപ്പം ടി.വി. കാണുകയായിരുന്നു അമ്മ. മകണ്റ്റെ കുട്ടികള്‍ കൈ കൊട്ടുകയും ആര്‍ത്തു ചിരിയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ചെറിയവന്‍ അമ്മയുടെ മേല്‍മുണ്ടിണ്റ്റെ കോന്തല പിടിച്ച്‌ വലിച്ചു കൊണ്ട്‌ പറഞ്ഞു:

"അച്‌'മ്മേ ഞാന്‍ പറഞ്ഞതല്ലേ ഇപ്പോ സുരേഷ്‌ ഗോപി വന്‍ണ്ട്ട്‌ സായികുമാറിനെ ചമ്മന്ത്യാക്കുംന്ന്‌".
മൂത്തവന്‍ വിട്ടുകൊടുത്തില്ല:
"അല്ലാട്ടോ അച്‌'മ്മേ ഞാനാ പറഞ്ഞത്‌ സുരേഷ്‌ ഗോപി വരുംന്ന്‌. "
നല്ല രസമുള്ള സിനിമയാണെന്ന്‌ അമ്മയ്ക്ക്‌ മനസ്സിലായി. കണ്ണട വച്ചിരുന്നെങ്കിലും അത്ര നന്നായി കാണുന്നുണ്ടായിരുന്നില്ല
ഒരു മൂടല്‍ പോലെ.
അത്‌ മകനോട്‌ പറയാന്‍ പോയില്ല. പറഞ്ഞാല്‍ അവന്‍ പിന്നേം പുതിയ കണ്ണട വാങ്ങിക്കൊണ്ടു വരും. കുഴപ്പം കണ്ണടയുടേതല്ല അമ്മയുടെ വയസ്സിണ്റ്റേതാണ്‌ എന്ന്‌ അവനോട്‌ പറഞ്ഞാലോ എന്ന്‌ അമ്മയ്ക്ക്‌ തോന്നി.
അടുക്കളയില്‍ നിന്നും മരുമകള്‍ മെഴുക്കുപുരട്ടി വറുത്തിടുന്നതിണ്റ്റെ മണം.വായില്‍ വെള്ളമൂറി. പണ്ടിനാലേയുള്ള ശീലമാണ്‌. കൂട്ടാന്‍ വറുത്തിടുമ്പോള്‍ തന്നെ ഒന്ന്‌ സ്വാദ്‌ നോക്കല്‌. ഇപ്പോഴായതില്‍ പിന്നെ എല്ലാത്തിനും റേഷനാണ്‌. ഇന്നാള്‌ ഒരിയ്‌ ക്കല്‍ അമ്മയ്ക്ക്‌ വയറിളക്കം വന്നു. മുരിങ്ങയിലയും പരിപ്പും കൂട്ടാന്‍ കൂട്ടിയിട്ടാണ്‌. പണ്ടേ വയറ്റിന്‌ പിടിയ്ക്കാത്ത ഒരു സാധനമാണ്‌ മുരിങ്ങയില. എന്നാ തിന്ന്ണ നേരത്ത്‌ ആ കാര്യം അങ്ക്ട്‌ ഓര്‍മേല്‌ വന്നുവോ..ഇല്ല താനും. ചൂട്ടോടെ മരുമകള്‍ കോരി ഒഴിച്ചോണ്ടിരുന്നു. കഴിച്ചതധികമായെന്ന്‌ അമ്മയ്ക്ക്‌ അപ്പോ തന്നെ തോന്നി. രാത്രീല്‌ ഒരൊറക്കം കഴിഞ്ഞപ്പോ വയറ്റീന്ന്‌ പോകാന്‍ തൊടങ്ങി. കിടക്കുന്ന മുറി യോട്‌ ചേര്‍ന്നിട്ടന്നെ കുളിമുറീം കക്കൂസും ഉണ്ടായത്‌ ഭാഗ്യായി. എന്നിട്ടു തന്നെ വശംകെട്ടു. കട്ടിലീന്ന്‌ കുളിമുറീലിയ്ക്കും തിരിച്ചും ഒരഞ്ചാറു തവണ നടക്കേണ്ടി വന്നു. ഒടുക്കത്തെ പ്രാവശ്യം മുണ്ടീക്കൂടി തന്ന്യങ്ക്ട്‌ പോയി. മകന്‍ രാത്രീല്‌ തന്നെ പോയി കാറ്‌ വിളിച്ചോണ്ട്‌ വന്നു. ആശുപത്രീല്‌ കെടത്തി ഗുളുക്കോസ്‌ രണ്ട്‌ കുപ്പി കേറ്റി. അമ്മയ്ക്ക്‌ സങ്കടം തോന്നി. മരുമകള്‍ക്ക്‌ തന്നെക്കുറിച്ച്‌ എന്ത്‌ തോന്നീട്ട്‌ ണ്ടാവും എന്നോര്‍ത്തിട്ട്‌ നാണക്കേടും തോന്നി. രണ്ടീസം ആശുപത്രീല്‌ കെടക്കണ്ടി വന്നു. അതീ പിന്നെ മരുമകള്‍ ഒന്ന്‌ പിടിച്ചിട്ടേ അമ്മയ്ക്ക്‌ എന്തും കൊടുക്കൂ. അതില്‍ അമ്മയ്ക്കൊട്ട്‌ പരിഭവം ഇല്ല താനും. പണ്ടത്തെ പോലെയാണോ .ആരെ ങ്കിലും ഉണ്ടോ സഹായത്തിന്‌.

അമ്മയുടെ മനക്കണ്ണില്‍ പണ്ട്‌ താന്‍ വീട്ടുകാര്യം നോക്കിയിരുന്ന നാളുകള്‍. വീടിനകത്തും പുറത്തും നിറയെ പണിക്കാര്‍. സ്ഥിരം പണിക്കാരാണ്‌. രണ്ടു നേരം ഭക്ഷണം കൊടുക്കും എന്നതു കൊണ്ട്‌ പണിക്കാര്‍ക്ക്‌ ഒരു കാലത്തും ബുദ്ധിമുട്ട ണ്ടി വന്നിട്ടില്ല. പത്ത്‌ പെറ്റതു കൊണ്ടെന്താ മക്കളെ നോക്കാന്‍ ആളില്യാണ്ട്‌ ഒര്‌ കാലത്തും വെഷമംണ്ടായിട്ടില്ല.

തിമിരം ബാധിച്ച കണ്ണുകള്‍ക്ക്‌ മുന്നില്‍ തറവാട്ടിലെ മുറ്റത്ത്‌ കൂമ്പാരം കൂടി കെടക്കുന്ന തേങ്ങയും, അടയ്ക്കയുംമല പോലെ നെല്‍ക്കൂനകള്‍. പെണ്ണുങ്ങള്‍ വൈക്കോല്‍ തല്ലുന്നു. വൈക്കോല്‍ വടികള്‍ വൈക്കോലില്‍ ഊക്കില്‍ വന്നു വീഴുന്നതിണ്റ്റെ ആയം ഇപ്പോഴും കേള്‍ക്കുന്നതു പോലെ. ചുട്ട വെയിലത്ത്‌ ഉണങ്ങുന്ന വയ്ക്കോലിണ്റ്റെ ഗന്ധം അമ്മയുടെ മൂക്കിലേയ്ക്ക്‌ അടിച്ച്‌ കയറി. അമ്മയ്ക്ക്‌ നഷ്ടപ്പെട്ട ഉന്‍മേഷം തിരിച്ച്‌ കിട്ടുന്നതു പോലെ...

മുറ്റത്തിനപ്പുറം തൊഴുത്ത്‌ നിറയെ പശുക്കള്‍. തമ്മില്‍ തല്ല്‌ കൂടുന്ന പോത്തങ്ങളു ടെ കൊമ്പുകള്‍ കൂട്ടിമുട്ടുന്ന ശബ്ദം അമ്മ കേട്ടു വ്യക്‌തമായി. കാലത്ത്‌ ഒരു വയര്‍ പഴങ്കഞ്ഞിയും അകത്താക്കി കന്നിനെ *ഭരണിപ്പച്ചയിലേയ്ക്ക്‌ തീറ്റാന്‍ കൊണ്ടു പോകുന്ന ചെര്‍മച്ചെക്കണ്റ്റെ മ്പേ..മ്പേ..ശബ്ദം. ഏതായിരുന്നു ചെക്കന്‍? താമീട്യോ വെള്ളേട്യോ. തന്തമാര്‌ പാടത്തും തള്ളമാര്‌ പറമ്പിലും പുരേലും. ചെ ക്കമ്മാര്‌ കന്നിനെ മേയ്ക്കും പണിയ്ക്ക്‌ ആളാകുന്നതുവരെ.. ഒന്നിനൊക്കോണം പോന്ന വാലിയക്കാരനായീന്ന്‌ ചെക്കണ്റ്റെ അച്‌'നും മൊതലാളിയ്ക്കും തോന്നി യാല്‍ ചെക്കന്‍ പിറ്റേന്ന്‌ മുതല്‍ പാടത്തേയ്ക്ക്‌ ഇറങ്ങുകയായി. അടുക്കളയെ ലക്ഷ്യമാക്കിയാണ്‌ അമ്മ എണീറ്റത്‌. കസേര പിന്നോക്കം നീക്കിയ തും..പക്ഷെ..

അമ്മ ചാടിപ്പിടഞ്ഞ്‌ എണീയ്ക്കാന്‍ നോക്കി. പക്ഷെ കഴിഞ്ഞില്ല. അമ്മ വല്ലാതെ പേടിച്ചു പോയി എന്ന്‌ മകന്‌ മനസ്സിലായി.
"സാരല്യ, അമ്മ എണീറ്റേ".
മകന്‍ അമ്മയെ കൈ പിടിച്ച്‌ എണീപ്പിയ്ക്കാന്‍ ശ്രമിച്ചു. വെട്ടിയിട്ട വാഴത്തട പോ ലെ അമ്മ നിലത്തേയ്ക്ക്‌ തന്നെ കുഴഞ്ഞ്‌ വീണു.
നല്ല പൊക്കവും അതിനൊത്ത ശരീരവുമുള്ള അമ്മയെ ഒറ്റയ്ക്ക്‌ പിടിച്ചുയര്‍ത്തുവാ ന്‍ ചെറിയ ശരീരമുള്ള മകന്‌ കഴിഞ്ഞില്ല.

കുട്ടികള്‍ വിളിച്ചുകൂവി:
"അമ്മേ, അച്‌'മ്മ വീണു. ഓടി വായോ. "

പാത്രം കഴുകുകയായിരുന്ന മരുമകള്‍ പാത്രം സിങ്കില്‍ തന്നെ ഇട്ടിട്ട്‌ ഓടി വന്നു. രണ്ടു പേരും കൂടി അമ്മയെ താങ്ങിയെടുത്ത്‌ കട്ടിലിലേയ്ക്ക്‌ കിടത്തി.... ആശുപത്രിക്കിടക്കയില്‍ മണല്‍ക്കിഴി കെട്ടി കിടക്കുന്ന അമ്മയെ നോക്കി മൂത്ത മകന്‍ ചിന്തിച്ചു:
'കണക്കായിപ്പോയി. ഞാനും എണ്റ്റെ ഭാര്യയും നോക്കിയത്‌ വേണ്ട പോലെ ആയി ല്ല്യാന്നുള്ള പരാതി ആയിരുന്നല്ലോ തള്ളയ്ക്ക്‌. ഇപ്പോ നോക്ക്യല്ലോ എളേമോനും മരുമോളും. ഇനി ഈ ജന്‍മത്ത്‌ എണീറ്റ്‌ നടക്കാമെന്നുള്ള മോഹം വേണ്ട. ഓപ്പറേറ്റ്‌ ചെയ്‌ത്‌ തൊടേടകത്ത്‌ ഇരിമ്പു കമ്പിട്ട്‌ നടത്താന്‍ പോകുന്നൂത്രേ വയസ്സ്‌ പത്തും മുപ്പതുമല്ല, എണ്‍പത്തി ആറാ. ഈ പ്രായത്തിലോ ഇനി ഓപ്പറേറ്റ്‌ ചെയ്യാന്‍ പോണത്‌. ഇതു വരെ ഭരിച്ചില്ലേ ഇനി ഇത്തിരി വിശ്രമാവാം. '

മൂത്ത മരുമകളുടെ ചിന്തയും മറ്റൊന്നായിരുന്നില്ല. 'അറ്റാച്ച്ഡ്‌ ബാത്‌റൂമും സ്പോഞ്ചിണ്റ്റെ കെടയ്ക്കേം ഉള്ളോടത്തിയ്ക്ക്‌ പോന്നിട്ടെ ന്തായി. കെടക്കാറയില്ലേ നടുവൊടിഞ്ഞ്‌. ഇപ്പോഴൊക്കെ ദൈവം അപ്ളയ്ക്ക്‌ അപ്ളാ മറുപടി കൊടുക്ക്ണേ. '

ഡോക്ടര്‍ റൌണ്ട്സിന്‌ വന്നപ്പോള്‍ വീണ്ടും ചോദിച്ചു:"മിസ്റ്റര്‍ രവി എന്ത്‌ തീരുമാനിച്ചു? ഓപ്പറേഷന്‍ മാത്രമാണ്‌ ഒരേ ഒരു പോംവഴി. ഓപ്പറേറ്റ്‌ ചെയ്യുകയാനെണെങ്കില്‍ ഒരു ഒന്നര രണ്ട്‌ മാസം എക്സര്‍സൈസ്‌ കൂടി*മച്ചാട്‌ റേഞ്ചിലെ ഒരു മല. ചെയ്യിച്ചാല്‍ നിങ്ങളുടെ അമ്മ നടക്കാന്‍ തുടങ്ങും. അക്കാര്യത്തില്‍ ഒരു ഡൌട്ടും വേണ്ട. ഓപ്പറേറ്റ്‌ ചെയ്‌തില്ലാന്നുണ്ടെങ്കില്‍ ശേഷിച്ച കാലം നടക്കുക എന്നത്‌ ഒരു സ്വപ്നം മാത്രമാകും. "

മകന്‍ ധര്‍മസങ്കടത്തിലായി. "നിനക്ക്‌ തൊള്ളേത്തോന്ന്യോണം കീറി മുറിയ്ക്കാന്‍ അമ്മ നിണ്റ്റേത്‌ മാത്രാണ്‍ന്ന്‌ കര്‌തിയോ? അമ്മയ്ക്ക്‌ വയസ്സ്‌ ഒന്നും രണ്ടുമല്ല എണ്‍പത്തി ആറാ.. ബോധം കെടു ത്തീട്ട്‌ ഓപ്പറേറ്റ്‌ ചീത്ട്ട്‌ ബോധം തിരിച്ച്‌ കിട്ടീല്ല്യെങ്കില്‍ത്തെ കഥ ആലോചിച്ച്ട്ട്‌ ണ്ടോ നീയ്‌. "

ചേട്ടന്‍മാരും ചേച്ചിമാരും രവിയെ ഒന്നായി തിന്നാന്‍ വന്നു. അങ്ങനെ അവനവണ്റ്റെ ഉള്ളില്‍ നിന്നുയരുന്ന കുറ്റബോധത്തിന്‌ മറയിടാമെന്ന്‌ അവര്‍ കരുതി. അമ്മയോടു ള്ള ആഴമേറിയ സ്നേഹമായിരുന്നില്ലല്ലോ അവരെക്കൊണ്ട്‌ അങ്ങനെ പറയിച്ചത്‌. അമ്മ അവരുടെ അഭിപ്രായങ്ങളെല്ലാം കേട്ട്‌ ഒന്നും മിണ്ടാതെ കിടന്നു. ഇതുപോലെ ഒരിയ്ക്കല്‍ വീണ്‌ നടുവൊടിഞ്ഞ്‌ ശേഷിച്ച കാലം മുഴുവന്‍ കട്ടിലില്‍ കിടക്കേണ്ടി വന്ന തണ്റ്റെ ഏടത്തിയെ ഓര്‍ത്തു.
പാവം ഏടത്തി. അമ്പത്തഞ്ചാമത്തെ വയസ്സിലാണ്‌ വീണത്‌. പിന്നെ എണീറ്റിട്ടില്ല. ഏടത്തിയ്ക്ക്‌ ഏട്ടനുണ്ടായിരുന്നല്ലോ നല്ല കാര്യപ്രാപ്‌തീല്‌. ഏടത്തിയെ വെഷമം എന്താണെന്ന്‌ അറിയിയ്ക്കാണ്ട്‌ പൊന്നു പോലെ തന്നെ നോക്ക്വേം ചീതു. അതു പോലെയാണോ തണ്റ്റെ അവസ്ഥ. തറവാട്‌വീട്‌ മക്കള്‍ പൊളിച്ചു കളഞ്ഞ്‌ പുതിയ വീട്‌ വച്ചു. അമ്മ ഓരോ മക്കളുടേയും കൂടെ മുമ്മൂന്ന്‌ മാസം താമസിക്കണമെന്ന്‌ വ്യവസ്ഥ ചെയ്‌തു. ആസ്ഥാനം നഷ്ടപ്പെട്ട്‌ തെണ്ടി നടക്കേണ്ട അവസ്ഥ. അതു കൊണ്ടാവാം തന്നെ ആര്‍ക്കും ഒരു വിലയും ഇല്ലാതായി.

വയസ്സായ അമ്മമാരും അച്‌'ന്‍മാരും മരണം വരെ സ്വന്തം തറവാട്ടില്‍ നില്‍ക്കുന്ന താണ്‌ എല്ലായിടത്തേയും പതിവ്‌.. തറവാട്‌ സാധാരണയായി ഇളയ മക്കള്‍ക്കായി രിയ്ക്കും. അമ്മയും അച്‌'നും അവര്‍ക്കൊപ്പം ജീവിയ്ക്കുന്നു. അവരെ കാണാനും കുശലം അന്വേഷിയ്ക്കാനും മറ്റു മക്കള്‍ ഇടയ്ക്കിടയ്ക്ക്‌ തറവാട്ടില്‍ എത്തുന്നു. മരിയ്ക്കുമ്പോള്‍ ആ പറമ്പീത്തന്നെ അടക്കുന്നു.. സ്വന്തം തറവാട്ടില്‍ ജീവിയ്ക്കുന്ന അച്‌'നും അമ്മയ്ക്കും കിട്ടുന്ന സ്ഥാനവും മാനവും.
തനിയ്ക്കും ഉണ്ടായിരുന്നു ഇതൊക്കെ.

ഇപ്പോഴിതാ വീണ്‌ കാലൊടിയുകയും ചെയ്‌തു. ആരുണ്ട്‌ തന്നെ നോക്കാന്‍?. മരുമകള്‍ വലിയ വീട്ടിലെ പെണ്‍കുട്ടി. ഉദ്യോഗസ്ഥ. തന്നെ നോക്കുമെന്ന്‌ വിചാരി യ്ക്കുന്നതു അതിമോഹമാണ്‌,്‌ അമ്മ ഉള്ളില്‍ പറഞ്ഞു. ദൈവത്തോട്‌ പ്രാര്‍ഥിച്ചു, രവിയ്ക്ക്‌ നല്ലത്‌ തോന്നണേ, ഓപ്പറേഷന്‍ നടത്താന്‍ ഡോക്ടറോട്‌ പറയണേ. അമ്മയുടെ പ്രാര്‍ഥന ദൈവം കേട്ടു.

സ്വതേ ശാന്തനാണെങ്കിലും ഇത്തവണ അയാള്‍ തണ്റ്റെ ചേട്ടന്‍മാരേയും ചേച്ചിമാരേ യും എതിര്‍ക്കാന്‍ തീരുമാനിച്ചു.നല്ല ആരോഗ്യവതിയായി ചുറുചുറുക്കോടെ തണ്റ്റെ വീട്ടിലേയ്ക്ക്‌ കയറി വന്ന അമ്മ അതുപോലെ തന്നെ വേണം പോകാനും എന്ന യാള്‍ ആഗ്രഹിച്ചു. ദൈവത്തോട്‌ പ്രാര്‍ഥിയ്ക്കുകയും ചെയ്‌തു. ജീവിതത്തില്‍ ആദ്യ മായി അയാള്‍ ഒരു വഴിപാട്‌ നേര്‍ന്നു, അമ്മയ്ക്ക്‌ വേണ്ടി. തണ്റ്റെ രണ്ട്‌ മക്കള്‍ക്ക്‌ വേണ്ടിയോ ഭാര്യയ്ക്ക്‌ വേണ്ടിയോ അന്നുവരെ അയാള്‍ ഒരു വഴിപാട്‌ നേരുകയോ അമ്പലത്തില്‍ പോകുകയോ ചെയ്‌തിട്ടില്ല. മേല്‌ വെള്ളം മുക്കിത്തുടയ്ക്കാന്‍ വന്ന നേര്‍സ്‌ അമ്മയോട്‌ പകുതി തമാശയിലും പകുതി കാര്യത്തിലും പറഞ്ഞു:

"കര്‍ത്താവേ ഈ അമ്മാമയ്ക്ക്‌ എത്ര മുടിയാ. നരച്ചില്ലായിര്‍ന്നെങ്കി ഞാന്‍ മുറിച്ചെ ടുത്തേനെ. ഇപ്പോ ഇത്രേം മുടി. അപ്പോ അമ്മാമയുടെ ചെറുപ്പത്തില്‌ എത്ര മുടിയു ണ്ടായിരുന്നിരിയ്ക്കണം. "

അതു കേട്ടപ്പോള്‍.. തുമ്പ്‌ കെട്ടിയിട്ട മുടിയുമായി ഉത്രാളിക്കാവില്‍ പോയിരുന്ന കാലം അമ്മയുടെ സ്മൃതിപഥത്തില്‍ തെളിഞ്ഞു വന്നു. കൂടെ കൂട്ടുകാരികള്‍ ഉണ്ടാകും. മും ഉയര്‍ത്താതെയാകും നടക്കുക. അതുകൊണ്ടു തന്നെ ആല്‍ത്തറ യില്‍ കാറ്റ്‌ കൊള്ളാന്‍ ഇരിയ്ക്കാറുള്ള ആണുങ്ങള്‍ ആരൊക്കെയാണെന്ന്‌ അറിയി ല്ലായിരുന്നു. അക്കൂട്ടത്തില്‍ കൊളമ്പില്‍ പോയി എടുക്കച്ചുമട്‌ പെട്ടികള്‍ നെറയെ പൊന്നുമായി മടങ്ങി വന്ന, കുട്ടിരാമേട്ടന്‍ ഉണ്ടായിരുന്നു എന്ന്‌ ആ തറവാട്ടിലെ കാര്‍ന്നോന്‍മാര്‌ തന്നെ പെണ്ണ്‌ ചോദിച്ചു വന്നപ്പോഴേ അറിഞ്ഞുള്ളൂ. അങ്ങനെ താന്‍ പൂത്ത പണമുള്ള ആളിണ്റ്റെ ഭാര്യയായി. എട്ട്‌ മക്കളാവുന്നതുവരെ വേറൊര്‌ പെണ്ണി ണ്റ്റെ മുത്ത്‌ നോക്കാതിരുന്ന ആള്‍ പിന്നെപ്പിന്നെ.....

"അമ്മാമേ.. ഈ മുടീല്‌ തേയ്ക്കാന്‍ എന്തുമാത്രം എണ്ണ വേണ്ടി വരും? അമ്മാമേടെ അച്‌'നുമമ്മേം മുടിഞ്ഞിട്ടുണ്ടാവ്വല്ലോ"

നേര്‍സിണ്റ്റെ കിന്നാരം അമ്മയില്‍ വീണ്ടും പഴയ ഓര്‍മകളുടെ കുത്തൊഴുക്കിന്‌ കാരണമായി..

കൂട്ടുകാരികളുമൊത്തുള്ള അമ്പലക്കുളത്തിലെ കുളി..
അന്നത്തെ കൂട്ടുകാരികള്‍..
താഴത്തേലെ നാരായണി,
പൂക്കുന്നത്തെ യശോദ,
ഞാറ്റുവെട്ടീലെ മീനാക്ഷി..

ഇപ്പോ ആരൊക്കെ ബാക്കിയുണ്ടാകും അമ്മ ആലോചിച്ചു നോക്കി. താനായിരുന്നു കൂട്ടത്തില്‍ ഇളയത്‌. കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ മുടിയുള്ളതും, തലയില്‍ തേയ്‌ ക്കാന്‍ ഏറ്റവും കുറച്ച്‌ എണ്ണകിട്ടുന്നതും തനിയ്ക്കായിരുന്നു. അതു തന്നെ ആഴ്ച്ച യില്‍ രണ്ടു ദിവസം മാത്രം. ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും.
ഒഴക്ക്‌ എണ്ണ. മുടീല്‌ ഒന്ന്‌ തൊട്ട്‌ പെരട്ടാനും കൂടി തെകയില്ല. അച്‌'ന്‍ നേരത്തെ മരിച്ചതു കൊണ്ട്‌ വീട്ടില്‍ കാര്യം നോക്കുന്നത്‌ അമ്മയും ഏടത്തിയും കൂടിയാണ്‌. മതിയാകുവോളം എണ്ണ തരാത്തതിന്‌ എപ്പഴും അമ്മയും ഏടത്തിയുമായി വഴക്കുണ്ടാക്കും. ഏടത്തിയ്ക്ക്‌ ഒട്ടും മുടിയില്ല. തണ്റ്റെ മുടി മുട്ടിറങ്ങികിടക്കും. താന്‍ ഏടത്തിയെ കളിയാക്കും. വേണ്ടത്ര എണ്ണ തരാത്തത്‌ കുശുമ്പോണ്ടാണെന്ന്‌ പറയും. മുട്ടിറങ്ങിക്കിടക്കുന്ന മുടിയുള്ള പെണ്ണ്‌ യക്ഷിയാണ്‌..
ജീവിതത്തില്‍ നിരാശ വന്ന പെണ്ണുങ്ങളാണ്‌ കെട്ടിത്തൂങ്ങിയും വെഷം കഴിച്ചും മരിച്ച്‌ യക്ഷികളാവുന്നത്‌. യക്ഷികളെപ്പോലെ മുട്ടിറങ്ങി കിടക്കുന്ന മുടിയുള്ള സുന്ദരികളുടെയും ജീവിതത്തില്‍ സന്തോഷം എന്നത്‌ ഉണ്ടാവില്ല. ഏടത്തിയുടെ സ്ഥിരം പല്ലവിയാണ്‌. ഏടത്തിയ്ക്ക്‌ മുടി ഇല്ലാത്തേണ്റ്റെ കുശുമ്പോണ്ടാണെന്നാണ്‌ താന്‍ പറയുക. അല്ലായിരുന്നു. ഏടത്തി പറഞ്ഞത്‌ വാസ്‌തവമായിരുന്നു.ഏടത്തി മഹാഭാഗ്യ വതിയായിരുന്നു. ഒന്നിനും പറ്റാതെ നടുവൊടിഞ്ഞുള്ള കിടപ്പായിട്ടും മരിയ്ക്കു വോളം ഏട്ടണ്റ്റെയും മക്കളുടേയും സ്നേഹം അനുഭവിച്ചു.തണ്റ്റെ കുട്ടികളുടെ അച്‌'നോളം പണക്കാരനായിരുന്നില്ല ഏട്ടന്‍. എന്നിട്ടും ഒന്നിനും കുറവില്ലാതെ എല്ലാവിധ സു സൌകര്യങ്ങളോടെ മരിയ്ക്കുംവരെ കഴിയാനുള്ള മഹാഭാഗ്യം ഏടത്തിയ്ക്ക്‌ കിട്ടി. .തനിയ്ക്കോ ? തണ്റ്റെ മക്കളുടെ അച്‌'ന്‍ ലക്ഷപ്രഭു ആയിരുന്നു. പറഞ്ഞിട്ടെന്ത്‌ കാര്യം. കല്യാണം കഴിഞ്ഞ്‌ എട്ട്‌ മക്കളായിക്കഴിഞ്ഞ പ്പോള്‍ ജീവിതത്തിണ്റ്റെ കറുത്ത വശങ്ങള്‍ താന്‍ കാണാന്‍ തുടങ്ങി. ആദ്യത്തെ ഏതാനും വര്‍ഷങ്ങള്‍ മാത്രം താന്‍ ഭര്‍ത്താവിണ്റ്റെ സ്നേഹം അറിഞ്ഞു. പിന്നീട ങ്ങോട്ട്‌ അവഗണയും വെറുപ്പുമല്ലാതെ എന്താണ്‌ ഭര്‍ത്താവ്‌ നല്‍കിയത്‌? ജീവിത ത്തില്‍ സമാധാനവും സന്തോഷവും എന്താണെന്ന്‌ അറിഞ്ഞില്ല. ആദ്യമൊക്കെ അമ്മ കരഞ്ഞ്‌ സങ്കടം തീര്‍ക്കാന്‍ നോക്കി. പിന്നെ അത്‌ വെറുതെയാണ്‌ എന്ന്‌ മനസ്സിലാക്കി കരച്ചില്‍ നിര്‍ത്തി..

അമ്മ മയങ്ങുകയായിരുന്നു മരുന്നിണ്റ്റെ ശക്‌തിയില്‍. എന്തായിരുന്നു അമ്മ കാണിച്ചു കൂട്ടിയത്‌? മകന്‌ അവിശ്വസനീയമായി തോന്നി. മൂന്നാഴ്ച്ചയ്ക്ക്‌ മേലായിരുന്നു അമ്മ കുളിച്ചിട്ട്‌. അമ്മയുടെ എടുക്കച്ചുമട്‌ തലമുടി ജട പിടിച്ചു. പേന്‍ നിറഞ്ഞു. നാറ്റം അടിച്ച്‌ മുറിയിലേയ്ക്ക്‌ കടക്കാന്‍ തന്നെ പറ്റാതായി. അങ്ങനെയാണ്‌ മുടി മുറിയ്ക്കാന്‍ തീരുമാനിച്ചത്‌. മുടി മുറിയ്ക്കാന്‍ അമ്മ തെല്ലും കൂട്ടാക്കിയില്ല. ഈ പ്രായത്തില്‍ ഇങ്ങിനെ ഒരു പ്രതിരോധം ആരും പ്രതീക്ഷിച്ചതല്ല. അമ്മയുടെ ജീവിത ത്തില്‍ എന്തെല്ലാം ദുരന്തങ്ങള്‍ക്ക്‌ മകന്‍ സാക്ഷിയായിരുന്നു. അന്നൊന്നും അമ്മ അടി തെറ്റിയപോലെ പൊട്ടിക്കരയുന്നത്‌ മകന്‍ കണ്ടിട്ടില്ല. തണ്റ്റെ ഇളയ അനിയന്‍ പെട്ടെന്നുള്ള രോഗം ബാധിച്ച്‌ മരിച്ച ദിവസം പോലും അമ്മ പിടിച്ച്‌ നിന്നതാണ്‌ കണ്ടിട്ടുള്ളത്‌. കൈ പോലെ, കാല്‍ പോലെ ചെവിയോ മൂക്കോ പോലെ സജീവമായ ഒരവയവമായി രുന്നോ അമ്മയ്ക്ക്‌ തണ്റ്റെ മുടി ? കുട്ടിക്കാലത്ത്‌ കേട്ട കഥയിലെ പോലെ ഏഴു കടലും ഏഴു മലയും കടന്ന്‌ അമ്മയുടെ ജീവണ്റ്റെ കിളി ഒളിച്ചിരുന്ന കാടായിരുന്നുവോ മുടിക്കെട്ട്‌? അമ്മ പലപ്പോഴും വേദന സഹിയ്ക്കാനാകാതെ നിലവിളിച്ചു. തുടയെല്ലിന്‌ ചിന്നലാ യിരുന്നു. എണീയ്ക്കാനോ തിരിയാനോ ഒന്നിനും പറ്റില്ലായിരുന്നു. കിടക്കയില്‍ ഇരുന്ന്‌ ബെഡ്പാനിലേയ്ക്ക്‌ മൂത്രം ഒഴിയ്ക്കുകയും കക്കൂസില്‍ ഇരിയ്ക്കുകയും ചെയ്യുമ്പോള്‍ അമ്മ കണ്ണീരൊഴുക്കി. അമ്മയുടെ കാര്യങ്ങള്‍ നടത്താന്‍ ചേച്ചിമാര്‍ നാലാളുണ്ടായാലും പോരാത്ത അവസ്ഥ. രാത്രിയില്‍ നിലത്ത്‌ പായ വിരിച്ച്‌ നാല്‌ ചേച്ചിമാരും കിടന്നു. അയാള്‍ സന്ദര്‍ശകര്‍ക്ക്‌ ഇട്ടിട്ടുള്ള ബെഞ്ചിലും കിടന്നു. ഉറ ങ്ങാന്‍ തീരെ പറ്റിയിരുന്നില്ല. അമ്മയ്ക്ക്‌ പകല്‍ നല്ല ഉറക്കവും രാത്രിയില്‍ നല്ല ഉണര്‍വും ആയിരുന്നു. രാത്രിയില്‍ അമ്മ മക്കളോട്‌ പഴയ കഥകള്‍ പറഞ്ഞു കൊ ണ്ടിരിയ്ക്കും. പകുതി ഉറക്കത്തില്‍ മക്കള്‍ മൂളിക്കൊണ്ടിരിയ്ക്കും. അയാള്‍ക്ക്‌ വീണ്ടും തണ്റ്റെ കുട്ടിക്കാലം തിരിച്ചു കിട്ടിയ ഒരു പ്രതീതി. ആശുപത്രിയില്‍ വേദ നയുടെ മദ്ധ്യത്തിലും ഒരല്‍പം സന്തോഷത്തിണ്റ്റെ നിമിഷങ്ങള്‍. പണ്ട്‌ നടുവകത്ത്‌ പായില്‍ ചേച്ചിമാരുടെയും ചേട്ടന്‍മാരുടേയും ഇടയില്‍ കഥയും കടംകഥയും ഒക്കെ പറഞ്ഞ്‌ ഉറങ്ങിയിരുന്ന നാളുകള്‍ തിരിച്ചു കിട്ടിയ പോലെ.

"മിസ്റ്റര്‍ രവി, ഞങ്ങളാലാവുന്നതെല്ലാം ചെയ്‌തിട്ടുണ്ട്‌. ഇനി അമ്മയെ കൊണ്ടു പോകാം.നാലാഴ്ച്ചയെങ്കിലും പിടിയ്ക്കും അമ്മ നോര്‍മല്‍ സ്റ്റേജിലേയ്ക്ക്‌ തിരിച്ച്‌ വരാന്‍. നിത്യം രണ്ടു നേരം ഒരര മണിക്കൂറെങ്കിലും പിടിച്ച്‌ നടത്തണം. വേദനയു ണ്ടാവും എന്നതോണ്ട്‌ മടിയുണ്ടാവും. വിട്ടു കൊടുക്കരുത്‌. മടിച്ചു നിന്നാല്‍ പിന്നെ നമ്മളീ ചെയ്‌തതിന്‌ ഒരു പ്രയോജനവും ഉണ്ടാവില്ല. ഈ ചൂടില്‍ നടക്കാന്‍ തുട ങ്ങിയില്ലെങ്കില്‍ പിന്നെ അവര്‍ക്ക്‌ നടക്കാന്‍ പറ്റീന്ന്‌ വരില്ല.
എങ്ങിനെ?

മകന്‍ ഓര്‍ത്തത്‌ അതായിരുന്നു. പിന്നെ ആശ്വസിച്ചു. നാലാണല്ലോ ചേച്ചിമാര്‍. ആരും ജോലിക്കാരുമല്ല. ഓരോരുത്തര്‍ വീതം ഓരോ ആഴ്ച്ച നിന്നാല്‍ മതി. തങ്ങ ള്‍ക്ക്‌ ജോലിയ്ക്ക്‌ പോകുകയും ചെയ്യാമല്ലോ. ഇപ്പോള്‍ തന്നെ ലീവെല്ലാം തീര്‍ന്നു. രണ്ടാളും ലോസ്‌ ഓഫ്‌ പേയിലാണ്‌. കടത്തിന്‍മേല്‍ വണ്ടി ഓടിയ്ക്കുന്നത്‌ തീരെ ഇഷ്ടമല്ല. പക്ഷെ ചേച്ചിമാര്‍ അതിന്‌ തയ്യാറവുമോ എന്നായി ഇപ്പോള്‍ അയാളുടെ സംശയം. ആദ്യത്തെ ആഴ്ച കഴിഞ്ഞപ്പോള്‍ ചേച്ചിമാരുടെ മുങ്ങളിലെ സൌഹൃദ ഭാവം മാറി പകരം ഇഷ്ടക്കേടും കുറ്റപ്പെടുത്തലും അസൌകര്യങ്ങളില്‍ അതൃപ്‌തി യും പുറത്തേയ്ക്ക്‌ വന്നു തുടങ്ങി. അയാളുടെ ഭാര്യ കൊണ്ടു വരുന്ന ഭക്ഷണ ത്തിന്‌ ഉപ്പില്ല എരിവ്‌ പോരാ, അങ്ങിനെ നൂറ്‌ കുറ്റങ്ങള്‍ കണ്ടു പിടിയ്ക്കാന്‍ ഓരോ ചേച്ചിമാരും മത്സരിയ്ക്കുന്നതു പോലെ.. ..

അമ്മ എല്ലാവരുടെതുമാണ്‌. അമ്മയുടെ ചികിത്സ എല്ലാവരും കൂടി ചെയ്യേണ്ടതു മാണ്‌.എന്നാല്‍.. .

നിനക്ക്‌ കാശിന്‌ എന്തെങ്കിലും അത്യാവശ്യം.. ?

ഒരു വെറും വാക്ക്‌ പോലും ഊഹുംആരും, ചേട്ടന്‍മാരും ചേച്ചിമാരും, ചോദിച്ചില്ല.

താന്‍ മനഃപൂര്‍വം അമ്മയെ വീഴ്ത്തിയതാണ്‌ എന്ന ഭാവത്തിലാണ്‌ ഓരോരുത്തരും സംസാരിച്ചത്‌. അവരുടെ വാക്ക്‌ കേള്‍ക്കാതെ ഓപ്പറേറ്റ്‌ ചെയ്യിപ്പിയ്ക്കുകയും കൂടി ചെയ്‌തപ്പോള്‍ അവര്‍ക്ക്‌ പറഞ്ഞു നില്‍ക്കാന്‍ നല്ലൊരു ഒഴിവുകഴിവുമായി. ഹോസ്‌ പിറ്റലീന്ന്‌ ഡിസ്ചാര്‍ജ്‌ വാങ്ങി വീട്ടിലെത്തിയ ദിവസം. ബെഡ്പാന്‍ വെച്ച്‌ അമ്മയെ മൂത്രമൊഴിപ്പിയ്ക്കുകയായിരുന്നു മരുമകള്‍. മകന്‍ അമ്മയ്ക്ക്‌ കൊടുക്കാനുള്ള മരു ന്ന്‌ എടുക്കുകയായിരുന്നു. അപ്പോഴാണ്‌ മൂത്ത ചേച്ചി പെട്ടി ഒതുക്കുന്നത്‌ കണ്ടത്‌. ചോദ്യഭാവത്തില്‍ നോക്കിയ അയാളോട്‌ അവര്‍ പറഞ്ഞു:

"പോകാതെ പറ്റില്ല. ഇതുവരെ നിണ്റ്റെ അളിയന്‍ ഒരു വിധത്തില്‍ കഴിച്ചു കൂട്ടുക യായിരുന്നു. എത്ര ദിവസം എന്നുവച്ചാ അനിയന്‍മാരുടെ വീടുകളില്‍ നിന്ന്‌ ആഹാരം കഴിയ്ക്കുക. അമ്മയെ വീട്ടിലാക്കി കഴിഞ്ഞാല്‍ പോരണം എന്ന്‌ നിണ്റ്റെ അളിയന്‍ പ്രത്യേകം പറഞ്ഞിരുന്നു. നൂറായിരം രോഗങ്ങള്‍ ഉള്ളയാള്‍. നിനക്ക്‌ പറഞ്ഞാല്‍ മനസ്സിലാവ്വല്ലോ"

അയാള്‍ക്ക്‌ പറയണം എന്നുണ്ടായിരുന്നു.സാധാരണ എല്ലായിടത്തും വയസ്സായ അച്‌'നമ്മമാര്‍ക്ക്‌ രോഗം വന്നാ പെണ്‍മക്കളാ അടുത്ത്‌ നിന്ന്‌ ശുശ്രൂഷിയ്ക്ക്യ. പക്ഷെ ഒന്നും പറയാന്‍ അയാള്‍ക്ക്‌ ശേഷി ഉണ്ടായില്ല. ചെറിയേച്ചി രണ്ടു മാസം കഴിഞ്ഞു വരുന്ന കുട്ടികളുടെ പരീക്ഷയുടെ കാരണം പറഞ്ഞ്‌ ഓപ്പറേഷന്‍ കഴിഞ്ഞ അന്നു തന്നെ സ്ഥലം വിട്ടിരുന്നു.

"ആളുകള്‍ എന്താ വിചാരിയ്ക്ക്യാ എന്നു കരുതിയാ ഇത്ര നാള്‍ നിന്നത്‌"

ചെറിയേച്ചി ഇറങ്ങാന്‍ നേരത്ത്‌ വലിയ ഒരു സൌജന്യമാണ്‌ താന്‍ അമ്മയ്ക്ക്‌ വേണ്ടി ചെയ്‌തത്‌ എന്ന ഭാവത്തില്‍ പറഞ്ഞു. ആശുപത്രിയില്‍ നിന്നു തന്നെ കൊച്ചേച്ചിയും കുഞ്ഞേച്ചിയും യാത്ര പറഞ്ഞ്‌ പോയിരുന്നു.

"ഇപ്പോ ആശുപത്രിയിലെ അത്യാവശ്യം കഴിഞ്ഞല്ലോ. ഇനി എക്സര്‍സൈസ്‌ ചെയ്യി ച്ചാല്‍ മതി. അത്‌ നീയും നിണ്റ്റെ ഭാര്യേം കൂടി ചെയ്യിച്ചാല്‍ മതി. അമ്മയ്ക്കീ ഗതി വര്‍ത്തിയത്‌ വേറെ ആരുമല്ലല്ലോ. വല്യേട്ടന്‍ നോക്കീത്‌ വേണ്ടോണം ആയില്യാന്ന്‌ സ്ഥാപിയ്ക്കാനല്ലേ നീയ്‌ അമ്മേ നിണ്റ്റോടയ്ക്ക്‌ കൊണ്ടന്നത്‌. ആ കഥ്യൊന്നും പറേണില്യ. വല്യേട്ടനായിട്ടാ ആസ്പത്രീലിയ്ക്കന്നെ വന്നത്‌".

ഒന്നും മിണ്ടാതെ കേട്ടു. എന്താണ്‌ മിണ്ടുക. അഥവാ മിണ്ടുമ്പോള്‍ മുറിവേല്‍പ്പിയ്‌ ക്കേണ്ടി വരിക കൂടപ്പിറപ്പുകളെ ആണെന്നറിഞ്ഞ്‌ സ്വയമേവ ആ ആക്രമണം അക്ഷോഭ്യനായി നേരിട്ടു. തണ്റ്റെ ഭാര്യയുടെ കണ്ണുകളില്‍ രണ്ട്‌ മുഴുത്ത നീര്‍മണികള്‍ അതിനിടയിലും അയാള്‍ കണ്ടു. മനസ്സ്‌ ആര്‍ദ്രമായി. തണ്റ്റെ അടുത്താവുമ്പോള്‍ ഓരോ നിസ്സാര സംഗതിയ്ക്കും തര്‍ക്കിച്ച്‌ ഒരിയ്ക്കലും വിട്ട്‌ കൊടുക്കാന്‍ നില്‍ക്കാത്ത പാര്‍ട്ടിയാണ്‌. എന്തായാലും ചേച്ചിമാരോട്‌ തര്‍ക്കത്തിന്‌ നില്‍ക്കാതെ നിശ്ശബ്ദയായി കേട്ടു നില്‍ ക്കുന്നുണ്ടല്ലൊ. അതേതായാലും നന്നായി. തണ്റ്റെ ഭാര്യയുടെ അതുവരെ കാണാത്ത ഒരു മും അയാള്‍ കാണുകയായിരുന്നു.

"ഇതന്നെ നിന്നത്‌ ഇഷ്ടംണ്ടായിട്ടല്ല, ആള്‍ക്കാര്‌ പറയില്ലേന്ന്‌ കര്‌തീട്ടാ. വല്യേച്ചി യ്ക്ക്‌ പ്രാരബ്ദമൊന്നൂല്യല്ലോ, ഇനി വല്യേച്ചി നിക്കും നിങ്കടെ അടുത്ത്‌". അപ്പോ ഒന്നും മിണ്ടാതെ നിന്ന ആളാണ്‌ വീട്ടിലെത്തിയതും ഞാനൊന്നുമറിഞ്ഞില്ല എന്ന മട്ടില്‍ പെട്ടി ഒതുക്കി പോകാന്‍ തയ്യാറാകുന്നത്‌. ചേച്ചിമാര്‍ മൂന്നാളും പോയപ്പോള്‍ അയാള്‍ ആശ്വസിച്ചത്‌ വല്യേച്ചി ഉണ്ടല്ലോ എന്ന്‌ ഓര്‍ത്തിട്ടായിരുന്നു. വല്യേച്ചി മറ്റേ മൂന്നാളെ പോലെയല്ല. അമ്മയോട്‌ വലിയ ഇഷ്ടമായിരുന്നു. അനങ്ങാന്‍ പറ്റാതെ ഈ കിടപ്പ്‌ കിടക്കുന്ന അമ്മയെ ഇങ്ങിനെ ഇട്ട്‌ വല്യേച്ചിയ്ക്ക്‌ പോകാന്‍ കഴിയില്ല എന്ന വിശ്വാസത്തിനാണ്‌ ഇപ്പോള്‍ ഇളക്കം തട്ടിയത്‌.

അയാള്‍ നിസ്സഹായനായി തണ്റ്റെ ഭാര്യയെ നോക്കി.. പാവം, അവള്‍ ഒരു ആസ്ത്മാ രോഗിയാണ്‌. സമയാസമയങ്ങളില്‍ മരുന്ന്‌, ഇന്‍ഹേലര്‍. വീട്ടിലെ കാര്യങ്ങളില്‍ തന്നെ പലപ്പോഴും താന്‍ കൂടി സഹായിക്കേണ്ടി വരാറുണ്ട്‌. മൂന്നിലും, ഒന്നിലും പഠിയ്ക്കുന്ന മക്കള്‍, പോരാത്തതിന്‌ വികൃതികളും. കണ്ണൊന്ന്‌ തെറ്റിയാല്‍ രണ്ടും കൂടി വീടു തന്നെ മറച്ചിടും. ഓഫീസില്‍ പോക്കും വീട്ടിലെ ജോലികളും .. അമ്മയെ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ പരിചരിയ്ക്കേണ്ടിയിരിയ്ക്കുന്നു. ഒരു ഹോം നേര്‍സിനെ വയ്ക്കാനുള്ള ധനസ്ഥിതി തനിയ്ക്ക്‌ ഇല്ലതെ പോയതില്‍ അയാള്‍ പരിതപിച്ചു. അതുണ്ടായിരുന്നെങ്കില്‍ ആരുടേയും ഔദാര്യത്തിന്‌ ഞാന്‍ നില്‍ക്കില്ലായിരുന്നു.

ഭാര്യ ശാന്തമായ കണ്ണുകളോടെ തണ്റ്റെ ഭര്‍ത്താവിനെ ഉഴിഞ്ഞു. ഒട്ടും ഭയപ്പെടേണ്ട, അമ്മയെ നമുക്ക്‌ നോക്കാം എന്ന്‌ പറയുമ്പോലെ. അയാള്‍ക്ക്‌ വളരെ വേദന തോന്നി. എന്തു കൊണ്ടാണ്‌ തണ്റ്റെ സഹോദരങ്ങള്‍ ഇത്ര സ്നേഹശൂന്യരായത്‌. അമ്മ മുലപ്പാലിനൊപ്പം പകര്‍ന്നു തന്ന സ്നേഹം എത്ര വേഗമാണ്‌ എല്ലാവരും മറന്നത്‌. എന്തു കൊണ്ടാണ്‌ തണ്റ്റെ ചേച്ചിമാര്‍ ഇങ്ങിനെ സംസാരിയ്ക്കുന്നത്‌ എന്ന്‌ അയാള്‍ക്ക്‌ മനസ്സിലാക്കാന്‍ കഴിയുമായിരുന്നില്ല. തന്നെ ഓര്‍ക്കണ്ട. പക്ഷെ ഇതെല്ലാം കേട്ട്‌ പൂര്‍ണ്ണബോധത്തോടെ അമ്മ കിടക്കുന്നുണ്ട്‌. ഇതെല്ലാം കേള്‍ക്കുമ്പോള്‍ അമ്മയ്ക്ക്‌ എത്ര വിഷമമുണ്ടാകും എന്ന്‌ ആരും മനസ്സി ലാക്കുന്നില്ലല്ലോ. ആയ കാലത്ത്‌ ഈ ചേച്ചിമാര്‍ക്കും അവരുടെ മക്കള്‍ക്കും വേണ്ടി അമ്മ എത്ര ബുദ്ധിമുട്ടുകള്‍ സഹിച്ചിട്ടുണ്ട്‌. പരസ്സഹായമില്ലാതെ ഒന്നിനും പറ്റാത്ത ഒരവസ്ഥയില്‍ എത്തിയപ്പോള്‍ അമ്മ എല്ലാവര്‍ക്കും ഒരു ബാധ്യതയും ബുദ്ധിമുട്ടു ണ്ടാക്കുന്ന ഒരു ശല്യക്കാരിയും ഒഴിവാക്കാന്‍ തിടുക്കപ്പെടേണ്ട ഒരചേതനവസ്‌തുവും ആയി. കഷ്ടപ്പാടിന്‌ പ്രതിഫലമായി ഒന്നും കിട്ടുകയില്ലാത്ത ഒരു ജോലി ചെയ്യാന്‍ ആര്‍ക്കും താല്‍പര്യമില്ല. ആരും നോക്കേണ്ട. ഞാന്‍ നോക്കിക്കോളാം എണ്റ്റെ അമ്മയെ.അയാള്‍ ഉള്ളില്‍ പറഞ്ഞു.
നാല്‌ മാസം.
രവീന്ദ്രന്‍ ഓര്‍ക്കുകയായിരുന്നു. ഭാര്യയുടെ യഥാര്‍ഥസത്ത എന്തെന്ന്‌ തനിയ്ക്ക്‌ വ്യക്‌തമാക്കിത്തന്ന നാല്‌ മാസങ്ങള്‍. അമ്മയോട്‌ മനസ്സാ നന്ദി പറഞ്ഞു. അതിനുള്ള അവസരം ഒരുക്കിത്തന്നതിന്‌. ഭാര്യയുടെ പല ശീലങ്ങളോടും മാനസികമായി ഒത്തു പോകാന്‍ കഴിഞ്ഞിരുന്നില്ല. തണ്റ്റേ വീട്ടിലേതുമായി ഒരു സാമ്യവുമില്ലാത്ത അന്തരീക്ഷമായിരുന്നു അവളുടെ വീട്ടില്‍. കൃഷിക്കാരായിരുന്നില്ല അവര്‍. ഉദ്യോഗസ്ഥരായിരുന്നു അവളുടെ അച്‌' നുമമ്മയും. അവളുടെ അച്‌'ന്‍ ഏകാധിപതി ആയിരുന്നില്ല. അമ്മയ്ക്കും മക്കള്‍ ക്കും അവരവരുടേതായ സ്ഥാനം ഉണ്ടായിരുന്നു. വീട്ടില്‍ അവളുടെ വാക്കിന്‌ നല്ല വിലയുണ്ടായിരുന്നു. ഓര്‍മ വച്ചപ്പോള്‍ തൊട്ട്‌ അച്‌'ന്‍ എന്ന ഏകാധിപതിയേയും മൂത്ത ഏട്ടന്‍മാരെയും പേടിച്ചായിരുന്നു താനും അമ്മയും ജീവിച്ചത്‌. തണ്റ്റെ ഭീതിയും പരിഭ്രമവും പലപ്പോഴും അവള്‍ പരിഹാസത്തിന്‌ പാത്രമാക്കി. ചേട്ടന്‍മാരുടെ ഏകാധി പത്യവുമായി ഒത്തു പോകാന്‍ അവള്‍ക്ക്‌ കഴിഞ്ഞില്ല. ഓരോരുത്തരായി മാറിത്താമ സിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ അയാളും മാറിത്താമസിയ്ക്കാന്‍ മടിച്ചില്ല. അവളുടെ ബാലിശമായ ചില സ്വഭാവങ്ങള്‍ ചെറുതല്ലാത്ത പല സംഘര്‍ഷങ്ങള്‍ക്കും വഴി തെളിയിച്ചിട്ടുണ്ട്‌. ഒന്നും ഏതാനും മണിക്കൂറുകള്‍ വിട്ട്‌ നീണ്ടു നിന്നിട്ടില്ല എന്നതു മാത്രമാണ്‌ ആശ്വാസം. അവളുടെ അമ്മാമയുടെ പ്രായമായിരുന്നു തണ്റ്റെ അമ്മയ്ക്ക്‌. ആ നിലയ്ക്കും അവള്‍ ഇത്ര സ്നേഹത്തോടെ തണ്റ്റെ അമ്മയെ നോക്കുമെന്ന്‌ കരുതാന്‍ സാഹചര്യങ്ങള്‍ അനുവദിച്ചില്ല. അതുകൊണ്ടു തന്നെ സംശയത്തോടു കൂടിയാണ്‌ അവളുടെ ഒരോ നീക്കങ്ങളും വീക്ഷിച്ചത്‌. ഉണ്ടോ അവളുടെ കണ്ണുകളില്‍ അറപ്പിണ്റ്റെയും മടുപ്പിണ്റ്റെയും നിഴലാട്ടം? എത്ര ജാഗ്രതയോടെ നോക്കിയിട്ടും ഒരിയ്ക്കല്‍ പോലും ആ തെളിഞ്ഞ കണ്ണുകളില്‍ ഇഷ്ടക്കേടിണ്റ്റെ ഒരംശം പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒരു മടിയും കൂടാതെ അവള്‍ അമ്മയുടെ മലവും മൂത്രവും കോരി. രാത്രി അമ്മ കിടക്കുന്ന കട്ടിലിന്‌ താഴെ പാ വിരിച്ചു കിടന്നു.

രാവിലെ അയാള്‍ അമ്മ കിടക്കുന്ന മുറിയില്‍ ചെല്ലുമ്പോള്‍ കാണുക ബെഡ്പാന്‍ കഴുകി വരുന്ന ഭാര്യയെ ആണ്‌. ഫിനോയിലിണ്റ്റെ മണത്തേക്കാള്‍ മുന്നിട്ട്‌ നില്‍ക്കു ന്നുണ്ടായിരിയ്ക്കും മലത്തിണ്റ്റെ ദുര്‍ഗന്ധം. സ്വന്തം പെണ്‍മക്കളായി നാലു പേര്‍ ഉള്ളപ്പോള്‍ മരുമകളെ കൊണ്ട്‌ തണ്റ്റെ മലം കോരിയ്ക്കുന്നതിണ്റ്റെ കുറ്റബോധ ത്തോടെ അമ്മ അയാളെ നോക്കും. ഉള്ളില്‍ കരുതും എനിയ്ക്ക്‌ പോലും തീട്ടത്തിണ്റ്റെ നാറ്റം സഹിയ്ക്കാന്‍ കഴിയുന്നില്ലല്ലോ. ഇവള്‍ മും ഒന്ന്‌ ചുളിയ്ക്കുക കൂടി ചെയ്യാതെ ..

അമ്മ കൂടുതല്‍ കൂടുതലായി ഉള്ളിലേയ്ക്ക്‌ വലിയുന്നതായി അയാള്‍ കണ്ടു. കട്ടി ലിണ്റ്റെ കാല്‌ ചാരി താടിയ്ക്ക്‌ കൈയും കുത്തി ആഴമേറിയ ആലോചനയില്‍ ഇരിയ്ക്കുന്ന അമ്മയെ കണ്ട്‌ അയാള്‍ ദുഃിച്ചു. ഈ എണ്‍പത്തിആറാം വയസ്സില്‍ ഒരമ്മ ഇങ്ങിനെ ദുഃിച്ചിരിയ്ക്കുന്നത്‌ ആണ്‍മക്കള്‍ കൊള്ളരുതാത്തവരും സ്നേഹ ശൂന്യരും ക്രൂരന്‍മാരും ആയിട്ടാണെന്ന്‌ ആരും പറയാതെ അയാള്‍ മനസ്സിലാക്കി. അയാള്‍ അമ്മയുടെ തോളത്ത്‌ കൈ വച്ച്‌ അമ്മയെ തന്നോട്‌ അടുപ്പിച്ചിരുത്തി ചോദിയ്ക്കും:
"അമ്മ എന്താ ഇത്ര കാര്യായി ആലോചിയ്ക്കുന്നത്‌?"
അമ്മ അയാളെ തിമിരക്കണ്ണുകള്‍ കൊണ്ട്‌ ശൂന്യമായ ഒരു നോട്ടം നോക്കും. പിന്നെ താടിയ്ക്ക്‌ കൊടുത്ത കൈയെടുത്ത്‌ ദുര്‍ബലമായ സ്വരത്തില്‍ പറയും:
"ഞാനിങ്ങനെ ഓരോന്ന്‌ ..".
അപ്പോള്‍ അയാള്‍ അമ്മയെ വീണ്ടും നിര്‍ബന്ധിയ്ക്കും ,
"പറ എന്താ ആലോചിച്ചിരുന്നത്‌".

അപ്പോഴെയ്ക്കും അയാളുടെ വികൃതികള്‍ അച്‌'മ്മയുടെ കിടക്കയില്‍ ചാടിക്കയറും.
"അച്‌'മ്മേ കഥ പറയൂ..".

അമ്മയുടെ മൌഢ്യം മാറി സന്തോഷം ആകും. പിറകില്‍ അച്‌'മ്മയും മക്കളും ഭരണിപ്പച്ചയില്‍ കന്നിനെ മേയ്ക്കാന്‍ പോകുന്ന കുട്ടപ്പെഴ്ശ്ശണ്റ്റെയും കുങ്കുമ സാമിയുടേയും അകമലയില്‍ പുലിയിറങ്ങുന്നതിനെ ക്കുറിച്ചും കൊടികുത്തിമലയിലെ മാനിനേയും മയിലിനേയും കുറിച്ചും ഉള്ള എണ്ണമറ്റ കഥകളിലേയ്ക്ക്‌ കടന്നിരിയ്ക്കും. അമ്മ സന്തോഷവതിയായി എന്നു കാണുമ്പോള്‍ അയാളുടെ മനസ്സ്‌ നിറയും. ഇടയ്ക്ക്‌ അയാള്‍ ഭാര്യയോട്‌ ചോദിയ്ക്കും:
"നിനക്ക്‌ വല്ലാത്ത ബുദ്ധിമുട്ടായി അല്ലേ. "

എന്ത്‌ ബുദ്ധിമുട്ട്‌?. അമ്മയെ നോക്കുന്നത്‌ ബുദ്ധിമുട്ടാണോ. നന്നായി കഥ. നമുക്കും ഇല്ലേ മക്കള്‍. വയസ്സാകുമ്പോള്‍ അവര്‍ നമ്മളെ നോക്കിയില്ലാന്ന്‌ വിചാരിയ്ക്ക്വാ..എത്ര വെഷമമാകും നമുക്ക്‌".

നാല്‌ മാസം. വിശ്രമം എന്നത്‌ അവള്‍ അറിഞ്ഞിട്ടില്ല.

അയാള്‍ ജോലി കഴിഞ്ഞ്‌ വരുമ്പോള്‍ കാണുക അമ്മയെ കൈ പിടിച്ച്‌ നടത്തു ന്ന ഭാര്യയെ ആണ്‌. കുട്ടികള്‍ കൈ കൊട്ടി ചിരിച്ച്‌ അച്‌'മ്മയെ നടക്കാന്‍ പ്രോ ത്സാഹിപ്പിയ്ക്കുന്നുണ്ടാകും.പിന്നെ അയാള്‍ നടത്താന്‍ തുടങ്ങും. ഇടയ്ക്ക്‌ വിരുന്നുകാരായി ചേച്ചിമാരും ചേട്ടന്‍മാരും വന്നു. മുന്തിരിയും ഓറഞ്ചുമായി. തണ്റ്റെ വായില്‍ നിന്ന്‌ ഒരു 'വയ്യാ' എന്ന വാക്ക്‌ കേള്‍ക്കാന്‍, കഷ്ടപ്പാടിനെ പറ്റി യുള്ള പരിദേവനം കേള്‍ക്കാന്‍ വേണ്ടി അവര്‍ പലതും പറഞ്ഞു. ഉള്ളില്‍ നിറയു ന്ന അവജ്ഞയോടെ അവരെ വിരുന്നുകാരായി മാത്രം കണ്ടു.അവര്‍ക്ക്‌ ജിലേബിയും പഴവും മിക്സ്ചറും ചായയും സല്‍ക്കരിച്ചു.

അമ്മ നടക്കാന്‍ തുടങ്ങി എന്ന്‌ കണ്ട പ്പോള്‍ വലിയേട്ടനും ചെറിയേട്ടനും വന്നു. കൊണ്ടു പോകാന്‍. ഇനി ഒരിയ്ക്കലും അമ്മയെ ആരുടേയും ഔദാര്യത്തിന്‌ വിട്ടു കൊടുക്കേണ്ടതില്ല എന്ന തീരുമാനത്തി ല്‍ എത്തുന്നതിന്‌ ഒട്ടും ആലോചിയ്ക്കേണ്ടി വന്നില്ല. ഭാര്യയുടെ എല്ലാവിധ പിന്തുണയും അയാള്‍ക്കുണ്ടായിരുന്നു. ചെറിയവരെന്ന്‌ കരുതിയ തണ്റ്റെ വികൃതിക്കുട്ടന്‍മാര്‍ പോലും

"അച്‌'ാ ഇനി അച്‌'മ്മയെ പറഞ്ഞയക്കേണ്ട. ഞങ്ങള്‍ക്ക്‌ അച്‌'മ്മയെ വേണം" എന്ന്‌ വാശി പിടിച്ചു.

വീണ്ടും ഒരു വൈകുന്നേരം. സ്വീകരണമുറിയില്‍ ഫാനിനു ചുവട്ടില്‍ മകനും കുട്ടികള്‍ക്കും ഒപ്പം ടി.വി. കാണുകയായീരുന്നു അമ്മ. കൂട്ടാന്‍ വറുത്തിട്ട്‌ മരുമകള്‍ അമ്മയ്ക്ക്‌ ചൂട്ടോടെ. ---------

5 comments:

കുഞ്ഞന്‍ said...

അസ്സലായി... നൊമ്പരമൊ കുറ്റബോധമൊ എന്നെ തളര്‍ത്തുന്നു.

എന്റെ അമ്മയുടെ കഥയാണിത്.. കുറച്ചു വ്യത്യാസം മാത്രം. അമ്മ പെറ്റിട്ടതു ഞങ്ങളഞ്ചു പേരെ. അച്ഛന്‍ പാവം ഒരു കമ്പനി തൊഴിലാളി.. ബാക്കിയെല്ലാം എന്റെ അമ്മയുടെ ജീവിത കഥ.. പ്രവാസ ജീവിതമുപേക്ഷിച്ചു അമ്മയുടെ കൂടെ കഴിയണെമെന്നു പലവട്ടമാലോചിച്ചു,, പക്ഷെ അമ്മയുടെ സ്നേഹമയമായ ഉപദേശം ഞാനിങ്ങനെയൊക്കെ ഇവിടെ കഴിഞ്ഞോളാം നീ നിന്റെ ഭാവി എനിക്കു വേണ്ടി നശിപ്പിക്കല്ലേ..

മറ്റു മക്കളുടെ അടുത്തു പോയി നില്‍ക്കാതെ തറവാട്ടില്‍ അസുഖമുള്ള മൂത്ത മകനോടൊപ്പം വാശിയോടെ പരസഹായമില്ലാതെ വാക്കറില്‍ നടക്കുന്നു, കഴിയുന്നു. ഞാനിവിടെയിരുന്നു നീറുന്നു...

മുസാഫിര്‍ said...

പോസ്റ്റ് വായിച്ചില്ല.തൃശ്ശൂര്‍ ബ്ലോഗ്ഗേഴ്സ് മീറ്റ് നടക്കുന്നു,http://trissur.blogspot.com/2007/08/blog-post.html നോക്കുക.

ശ്രീ said...

"എന്ത്‌ ബുദ്ധിമുട്ട്‌?. അമ്മയെ നോക്കുന്നത്‌ ബുദ്ധിമുട്ടാണോ. നന്നായി കഥ. നമുക്കും ഇല്ലേ മക്കള്‍. വയസ്സാകുമ്പോള്‍ അവര്‍ നമ്മളെ നോക്കിയില്ലാന്ന്‌ വിചാരിയ്ക്ക്വാ..എത്ര വെഷമമാകും നമുക്ക്‌".

ഇങ്ങനെ എല്ലാവരും ചിന്തിച്ചിരുന്നെങ്കില്‍‌...?
വളരെ നന്നായിരിക്കുന്നു. കുറച്ചു പരത്തി എഴുതിയിരിക്കുന്നുവെങ്കിലും ഓരോ വാചകങ്ങളും മനസ്സിനെ സ്പര്‍‌ശിക്കുന്നു.

അഭിനന്ദനങ്ങള്‍‌!

മുസാഫിര്‍ said...

മലയാളം വാരികയില്‍ ഈ കഥ വായിച്ചു.നമ്പൂതിരിയുടെ മനോഹരമായ വരകളോടെ.വിഷയം പുതിയതല്ലെങ്കിലും ഏകാനിയുടെ എഴുത്തിലൂടെ അതിനെ കൂടുതല്‍ അടുത്ത് കാണുന്നു.കുഞ്ഞന്‍ പറഞ്ഞ പോലെ മിക്ക അമ്മമാരുടേയും കഥയിതാണ്.കൂട്ടുകുടുംബമായാലും അണു കുടുംബമായാലും കഥാപാത്രങ്ങളെല്ലാം ഒന്നു തന്നെ പേരുകള്‍ മാത്രമേ മാറുന്നുള്ളു.ഇനിയും നല്ല നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു.
ഓടോ : ഞാന്‍ അമ്മയെ ഇന്നു വിളിക്കും.

ശുഭ....... said...

വളരെയധികം നന്ദി... എല്ലാര്‍ക്കും....