"ആ മനുഷ്യനുമായി ഒരു വിധത്തിലുമുള്ള ഒരു റീകണ്‍സിലിയേഷനും സാധ്യമല്ല, അറ്റ് എനി കോസ്റ്റ്. ചേച്ചി അതേക്കുറിച്ചു മാത്രം എന്നോട് പറയണ്ട. "
മുരളി താന്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറില്ലെന്ന മട്ടില്‍ പറഞ്ഞു. ഞാന്‍ വേവലാതിയോടെ ഗെയിറ്റിനുമപ്പുറം റോഡിലേയ്ക്ക് നോക്കി. ആരെങ്കിലും കേട്ടാലോ. എന്റെ പരിഭ്രമം കണ്ട് മുരളി ഒരു ചെറുചിരിയോടെ പറഞ്ഞു:
"ചേച്ചി പേടിയ്ക്കണ്ട. ഈ ചുറ്റുവട്ടത്തൊന്നും മലയാളികളില്ല. "
ഗെയിറ്റിനപ്പുറത്ത് ചെറുതെങ്കിലും ടാറിട്ട ഒരു ഇടവഴിയാണ്. സ്കൂള്‍ സമയത്ത് മാത്രം കുട്ടികളെ കൊണ്ടു പോകുന്ന റിക്ഷക്കാരുടേയും ടാക്സിക്കാരുടേയും ബഹളമുണ്ടാകും. അതു കഴിഞ്ഞാല്‍ നീണ്ട നിശ്ശബ്ദതയെ ഭഞ്ജിയ്ക്കുന്നത് വല്ല വഴിവാണിഭക്കാരുടെയോ, പച്ചക്കറിവില്പനക്കാരുടേയോ ശബ്ദം മാത്രം.
നിലയ്ക്കാത്ത ചലനങ്ങളുമായി ഒരിയ്ക്കലും ഉറങ്ങാത്ത ഒരു മഹാനഗരം ഒരു വിളിപ്പാടു മാത്രം അകലെയായി ഉണ്ട് എന്നത് അവിശ്വസനീയമായി തോന്നി.
എന്റെ നോട്ടം ഗെയിറ്റിനു പുറത്തേയ്ക്ക് നീണ്ടു. അപ്പുറത്തും ഇപ്പുറത്തും എല്ലാം ഒരേ മാതൃകയില്‍ പണിത വീടുകളാണ്.
"ഇവിടെ മുഴുവന്‍ നിന്റെ കമ്പനിയിലെ ജോലിക്കാരാണോ താമസം?" ഞാന്‍ ചോദിച്ചു.
"അതെ. കമ്പനി എല്ലാവര്ക്കും ഗ്രേഡ് അനുസരിച്ച് വീട് പണിതു കൊടുക്കും. ഈക്വല്‍ ഇന്സ്റ്റാള്മെന്റ്റായി ശമ്പളത്തീന്ന് പിടിയ്ക്ക്യേള്ളൂ. റിട്ടയര്മെന്റ്റാകുമ്പോഴേയ്ക്കും വീട് സ്വന്തമായിട്ടുണ്ടാകും. ഈ വിങ്ങ് മുഴുവനും ഗ്രേഡ് വണ്‍ ഓഫീസര്‍മാരുടെ വീടുകളാണ്. "
തൊട്ടപ്പുറത്തൊന്നും മലയാളികളില്ലാത്തത് സുജാതയെ സംബന്ധിച്ച് കഷ്ടം തന്നെ. മുരളി വരുന്നതു വരെ ആരോടും മിണ്ടാതെ. എന്റ്റെ ചിന്ത വായിച്ചിട്ടെന്നോണം മുരളി പറഞ്ഞു:
"സുജാതയ്ക്ക് തമിഴറിയാം. അവളുടെ അച്ഛന് തമിഴ്നാട്ടിലായിരുന്നു ജോലി. എട്ടാം ക്ളാസ്സു വരെ അവള് അവിടേയാണ് പഠിച്ചിട്ടുള്ളത്. ഇപ്പോള്‍ അത്യാവശ്യത്തിന് കന്നടയും പറയാമെന്നായിട്ടുണ്ട്. ഷോപ്പിങ്ങിനൊക്കെ പോകാന്‍ ഒരു പ്രയാസവുമില്ല.. "
"എന്താ ചേച്ചിയും മോനും ഷോപ്പിങ്ങിന് പരിപാടി ഇടുന്നുണ്ടോ..പറ്റ്യേ ആളെയാണ് കൂട്ട് പിടിയ്ക്കുന്നത്. ചേച്ചിയുടെ ഷോപ്പിങ്ങ് നടന്നതു തന്നെ. "
സുജാത ഞങ്ങളുടെ സംസാരത്തില്‍ പങ്ക് ചേര്‍ന്നു.
"ഇവിടെ സാരിയൊക്കെ വളരെ ചീപ്പായി കിട്ടുമെന്നാണ് നാട്ടില്‍ പറഞ്ഞു കേള്‍ക്കുന്നത്. മടക്കം മൈസൂര്‍ സില്‍ക് സാരി വാങ്ങിക്കൊണ്ടു ചെല്ലണം എന്ന് മീന പറഞ്ഞിട്ടുണ്ട്.. "
"ആള്ക്കാര് പറേണ വിധത്തില്ള്ള വിലക്കുറവൊന്നും ഇവിടില്ല. ആയിരായിരത്തഞ്ഞൂറ് തൊട്ടാ പ്യുവര്‍ മൈസൂര്‍ സില്‍ക് സാരീടെ സെലക്ഷന് തൊടങ്ങുന്നത് തന്നെ. എന്നാലും നമുക്കൊന്ന് പോയി നോക്കാം. ഞങ്ങള്‍ സ്ഥിരം പോകുന്ന ചെല കടകള്ണ്ട്. അവര്‍ പുത്യേ സ്റ്റോക്കെത്തിയാ അറിയിയ്ക്കും. പരിചയക്കാരായതോണ്ട് നല്ല കിഴിവുംതരും. "
സുജാത പോയപ്പോള്‍ മുരളി വീണ്ടും പഴയ വിഷയത്തിലേയ്ക്ക് തന്നെ മടങ്ങി വന്നു.
"മറ്റുള്ളവര്‍ അറിഞ്ഞാലത്തെ നാണക്കേടാലോചിച്ച് ഞാന്‍ ഇക്കാലമത്രയും ആരോടും പറയാതെ നടന്നു. എന്റെ മൌനം തന്നെ തരമെന്നു കരുതി 'ആ മനുഷ്യന്' നാടു മുഴുവന്‍ എന്നെ ചീത്ത പറഞ്ഞും അവനെ പുകഴ്ത്തിയും നടക്കുകയാണ്. വിവരങ്ങള്‍ എന്റെ ചെവിട്ടിലും എത്തുന്നുണ്ട്. എത്ര നാളെന്നു വച്ചാ കണ്ടില്ലാ, കേട്ടില്ലാന്ന് വിചാരിച്ച് നടക്ക്വാ? എനിയ്ക്കുമുണ്ടല്ലോ ഈ മാനം അഭിമാനം എന്ന ചെലത്. "
മുരളി വികാരാധീനനായി. മുരളി സൂചിപ്പിച്ച 'ആ മനുഷ്യന്' മറ്റാരുമല്ല, എന്റെ വലിയച്ഛനാണ്. അവന്റെ അച്ഛനും.
*********************************** ***********************************
“ശാന്തേ, നീ ഒന്ന് ആലോചിച്ച്വോക്ക്. മക്കള്‍ക്ക് വേണ്ടി നമ്മള് കണ്ടമാനം കഷ്ടപ്പെടുന്നു. കഴിവിന്റെ പരമാവധിയില്‍ അവരെ പഠിപ്പിയ്ക്കുന്നു.അവര്‍ക്ക് ഒരു നില വരുമ്പോള്‍ നമ്മള് ആരുമല്ലാ.. ഒന്നുമല്ലാത്ത ഒരവസ്ഥ. അവര്‍ക്കു വേണ്ടി നമ്മള് ചെയ്തതൊന്നും ഒന്ന്വല്ലാതാകുന്നു."
"എന്താ ഇത്ര പറയാന്‍ മാത്രം ചെയ്തത്??എല്ലാ അച്ഛനമ്മ മാരും ചെയ്യേണ്ടതു തന്നെ അല്ലേ നിങ്ങളും ചെയ്തിട്ടുള്ളൂ. "
"പണ്ട് മക്കള്‍ക്കു വേണ്ടി എന്ന ചിന്ത എന്തും നേരിടാന്‍ മനക്കരുത്ത് നല്കി. ഇപ്പോ ചെയ്തതൊക്കെ വെറുതെയായോ എന്ന ശങ്ക. "
“എന്തേ വലിയച്ഛന് ഇപ്പോ ഇങ്ങന്യൊക്കെ തോന്നാന്‍? മക്കളൊക്കെ നല്ല നെലേല് കഴിയ്ണൂ. പണത്തിന്ന്നല്ല ഒന്നിനും ഇപ്പോ ഒരു ബുദ്ധി മുട്ടൂല്യ. എന്താഗ്രഹോം അപ്പോഴേയ്ക്കപ്പോ നിവര്‍ത്തിച്ചു തരാന്‍ മക്കള്‍ മത്സരിയ്ക്കുന്നു."
“നീ എന്തറിഞ്ഞു" എന്ന് അര്‍ദ്ധോക്തിയില്‍ നിര്‍ത്തുകയായിരുന്നു വലിയച്ഛന് എന്ന് ഓര്‍ത്തു.
എത്ര ചോദിച്ചിട്ടും വലിയച്ഛന് തന്റെ നിരാശയ്ക്കുള്ള കാരണം പറഞ്ഞില്ല. വലിയമ്മ പക്ഷെ വലിയച്ഛനെ കുറ്റപ്പെടുത്തി.
“ശാന്തേ ഇവിടൊരാള്‍ക്ക് വയസ്സായപ്പോ ഓരോ വേണ്ടാത്ത ചിന്ത വരാ. മക്കള്‍ക്ക് അവരുടെ കാര്യങ്ങള്‍ നോക്കാണ്ട് എപ്പഴും ഇവിടെ വന്ന് കെടക്കാന്‍ പറ്റ്വോ"
*********************************** ***********************************
ഞാന്‍ ടീപ്പോയിയില്‍ അടുക്കി വച്ചിട്ടുള്ള ആല്‍ബങ്ങളില്‍ നിന്നും ഒരെണ്ണം എടുത്തു. പാലുകാച്ചലിന്റെ ഫോട്ടോകളായിരുന്നു. മഹാനഗരത്തില്‍, എന്നാല്‍, അതിന്റെ ഒരു തിക്കും തിരക്കും ബഹളവും ഇല്ലാത്ത ഒരിടത്ത് സ്വന്തമായി ഒരു വീടും അഞ്ച് സെന്റ് സ്ഥലവും അതും, ഇത്ര ചെറുപ്രായത്തില്‍തന്നെ ....മുരളി ഭാഗ്യവാനാണ്.. ഞാന്‍ ഫോട്ടോകള്‍ ഓരോന്നായി വെളിച്ചത്ത് പരിശോധിച്ചു. രാമന്കുട്ടിശാന്തിയെപ്പോലുണ്ട് കന്നടക്കാരനായ പൂജാരിയെ കണ്ടാല്‍. പിന്‍കുടുമയും ഈര്‍ക്കില്‍ കനത്തില്‍ നീണ്ട ഗോപിക്കുറിയും മാത്രമേ മാറിയിട്ടുള്ളൂ.
സുജാതയുടെ അച്ഛനമ്മമാരെയും ചേച്ചിയേയും ചേട്ടനെയും എനിയ്ക്ക് മനസ്സിലായി. എന്റെ ചെറിയമ്മാനും കൊച്ചമ്മാനും വലിയമ്മയും അവരുടെ കുടുംബങ്ങളും ഉണ്ട്. പക്ഷെ ഈ ചടങ്ങില്‍ ആദ്യാവസാനക്കാരായി ഉണ്ടാവേണ്ടവര്‍ മാത്രം ഇല്ല. പാലുകാച്ചലിന് വിളിയ്ക്കാതിരിയ്ക്കാന്‍ മാത്രം അകന്നുവെന്നോ അച്ഛനും മകനും? എനിയ്ക്ക് വല്ലാതെ വിഷമം തോന്നി..
എന്റ്റെ ഉള്ളിലുള്ളത് മുരളി മുഖത്ത് വായിച്ചെന്ന് തോന്നി.
"എന്റ്റെ അച്ഛനും അമ്മേം അനിയനും അല്ലാത്തോരൊക്കെ വന്നു. പൈസ ഇല്ലാത്തോണ്ട് വരാതിരിയ്ക്കണ്ട എന്നു കരുതി അഡ്വാന്‍സായി അച്ഛന് ഒരു പതിനായിരം അയച്ച് കൊടുത്തു. എലേച്ചവിട്ടി വഴക്കുണ്ടാക്കാനല്ലേ പണ്ടും അറിയൂ. സമയായപ്പോ ഓരോ കാരണം കണ്ടുപിടിച്ച് ഒഴിഞ്ഞു. വരാന്‍ ഇരുന്നോരെ മൊടക്കാനും നോക്കീത്രെ. അവര്‍ കൂട്ടാക്കീല്ല. "
"അതാരേ പറഞ്ഞത് വരാന്‍ ഇരുന്നോരെ അവര്‍ മൊടക്കാന്‍ നോക്കീന്ന്? വയസ്സായാല്‍ ചെലേ ദുശ്ശാഠ്യങ്ങള് വരും എല്ലാ അച്ഛനമ്മമാര്‍ക്കും. അവരെ അനുനയിപ്പിച്ച് എങ്ങനേങ്കിലും കൊണ്ടു വരാന്‍ നോക്കാണ്ട് നിണ്റ്റെ അടുത്ത് വന്ന് ഏഷണി പറയ്യായിരുന്നോ അവര്‍ ചെയ്യേണ്ടിയിരുന്നത്?. "
"ഏഷണീന്ന് പറയാന്പറ്റില്ല. എന്റ്റെ ഭാഗത്ത് ശരിയുണ്ടെന്ന് തോന്നീതു കൊണ്ടാണല്ലോ അവര്‍ അച്ഛനോട് എനിയ്ക്കു വേണ്ടി സംസാരിയ്ക്കാന്‍ ഒരുങ്ങീത്.
മുരളി ആരെയൊക്കെയോ ന്യായീകരിയ്ക്കാന്‍ ശ്രമിച്ചു.
"കുറ്റല്ല നീ ഇങ്ങിനെ പറയുന്നത്. അച്ഛനും മക്കളും തമ്മീ ഒരഭിപ്രായവ്യത്യാസമുണ്ടായാല് അത് എങ്ങിനെ സോള്‍വ് ചെയ്യാം എന്നല്ല മറിച്ച് എങ്ങനെ അവരെ ബദ്ധശത്രുക്കളാക്കാം എന്നു മാത്രാണ് സഹോദരന്മാര് വരെ നോക്കുന്നത്. "
"ചേച്ചി എന്തോ മുന്‍ധാരണ വച്ച് സംസാരിയ്ക്കുന്നു. "
"ഒരു മുന്‍ധാരണയും ഇല്ല. എനിയ്ക്ക് നിന്റെ അച്ഛനും ഇപ്പറഞ്ഞ ആളുകളും തുല്യരാണ് പക്ഷെ നിന്റെ അച്ഛനാണ് ഒരു പടി മുന്നില്‍ നില്‍ക്കുന്നത്. മക്കളെ പഠിപ്പിയ്ക്കാനൊക്കെ ബാങ്ക് ലോണെടുക്കുന്നതിനെ പറ്റി ആളുകള്‍ ചിന്തിയ്ക്കാന്‍ പോലും പേടിച്ചിരുന്ന ഒരു സമയത്ത് മുന്നും പിന്നും നോക്കാതെ ലോണെടുത്ത് നിന്നേയും നിന്റെ അനുജനേയും പഠിപ്പിയ്ക്കാന്‍ കാണിച്ച ധൈര്യമുണ്ടല്ലോ അതോണ്ടാണ് നിനക്ക് ഇന്നിത് പറയാനുള്ള ശേഷി ഉണ്ടായത് .അന്ന് നിങ്ങടെ അച്ഛന് നിങ്ങളെ പഠിപ്പിയ്ക്കാന്‍ കാശില്ല്യാണ്ട് പരക്കം പായുമ്പോള്‍ ഈ ആളുകളൊന്നും നിങ്ങടെ അച്ഛനെ സഹായിച്ചിട്ടില്ല. എന്നു മാത്രോമല്ല ഇപ്പോ നിന്റെ ഗുണകാംക്ഷികള്‍ ചമയുന്ന ഈ ആളുകള്‍ അന്ന് കൊക്കിലൊതുങ്ങാത്തത് കൊത്താന്‍ നോക്കാന്ന് പറഞ്ഞ് നിന്റെ അച്ഛനെ കുറ്റപ്പെടുത്താനും പരിഹസിയ്ക്കാനും മാത്രേ നിന്നിട്ടുള്ളൂ. ഇക്കാര്യം നിനക്ക് ഓര് മ്മേണ്ടാകില്ല. പക്ഷെ ഓര്മേള്ളോര്ണ്ട്. നീയും നിണ്റ്റച്ഛനും തമ്മിലടിച്ചു കാണാനാണോ ഇവര്‍ പാട് പെടണത് എന്നു പോലും സംശയം തോന്നിപ്പോകാ."
എനിയ്ക്ക് എന്തെന്നില്ലാത്ത ക്ഷോഭം തോന്നി.. ആല്‍ബം മടക്കിവച്ച് സെറ്റിയില്‍ നല്ല വണ്ണം പിന്നോക്കം ചാരിയിരുന്നു. കാല് കീഴ്പ്പോട്ട് തൂക്കിയിട്ട് യാത്ര ചെയ്യുക മൂലം നീരു വന്ന് വീര്‍ത്ത പാദങ്ങള്‍ ഓരോന്നായി മടിയില്‍ കയറ്റിവച്ച് അമര്‍ത്തി ഉഴിയാന്‍ തുടങ്ങി.
മുരളിയുടെ മുഖത്ത് അവന് അനുഭവിയ്ക്കുന്ന അന്തഃക്ഷോഭം പ്രകടമാ യിരുന്നു. എല്ലാം തുറന്ന് പറയണോ എന്നാവാം.
"ഞാന്‍ ജോലിയില്‍ കയറിയിട്ട് കൊല്ലം പതിനഞ്ചായി. അന്നു തൊട്ട് ഇന്നുവരെ അച്ഛന്റെ ഒരാവശ്യത്തിനും ഞാന്‍ നോ പറഞ്ഞിട്ടില്ല. "
"ആഹ്..... അതു വേണ്ടതു തന്നെയാണ്. വയസ്സുകാലത്ത് അച്ഛന്മാരെ സഹായിയ്ക്കേണ്ടത് മക്കളുടെ കടമയാണ്. "
"എത്ര പ്രാവശ്യം എന്റെല് ഇല്ലാണ്ട് ബാങ്കീന്ന് ലോണെടുത്ത് കൊടുത്തിട്ടുണ്ട്"
ഞാന്‍ അവിശ്വസനീയമായി എന്തോ കേട്ടതു പോലെ അവനെ നോക്കി. ലക്ഷങ്ങള്‍ ശമ്പളമായി വാങ്ങുന്നു എന്ന് കേട്ടിട്ട് എന്റെ മുഖത്തു നിന്ന് സംശയം വായിച്ചറിഞ്ഞിട്ടെന്ന പോലെ മുരളി പറഞ്ഞു:
"എന്താ ചേച്ചിയ്ക്ക് വിശ്വാസം വരുന്നില്ലേ?. അന്ന് ഈ കമ്പനീലായിരുന്നില്ല. "
"അച്ഛന് കത്തെഴുതുക പണത്തിന് ആവശ്യം വരുമ്പോള്‍ മാത്രം. കല്യാണം, പാലുകാച്ചല്‍, പേരുവിളി.. ആശുപത്രി, മരുന്ന് . നിനക്ക് സുഖമാണോ.. അങ്ങനെ ഒരന്വേഷണം ഇക്കാലത്തിനിടയ്ക്ക്.. ഞാന്‍ മാത്രമല്ലല്ലോ ഈ വീട്ടില്‍ ഉള്ളത്. വേറൊരു വീട്ടീന്ന് വന്നവളെ ബോധിപ്പിയ്ക്കാനായിട്ടെങ്കിലും രണ്ട് വാക്ക് ..ഊഹും. "
അവന്റെ കുഞ്ഞുമോള്‍ തപ്പിത്തടഞ്ഞ് ഒറ്റയടി വച്ച് അച്ഛന്റ്റെ മടിയില്‍ വന്നിരുന്നു. മുഖത്തും കൈകളിലും ചോറിന്റെ വറ്റുകള്‍. നെയ്യിന്റെ വാസന.
പിന്നാലെ സുജാത അടുക്കളയില്‍ നിന്നും ഇറങ്ങി വന്നു. കയ്യില്‍ ചെറിയ പ്ളേറ്റില്‍ ചോറ്.
"എന്റെ ചേച്ചീ ഒന്നും പറയണ്ട എന്താ ഇവള്ടെ ഒരു വികൃതീന്നോ. കണ്ണ് തെറ്റ്യാല് റോട്ടിലേയ്ക്കോടും. ഞാന്‍ ഒറ്റയ്ക്കാവുമ്പോള്‍ മുന്നിലെ വാതില്‍ തൊറക്കന്നില്യ."
"നടക്കാറായാല്‍ ഇങ്ങനെ തന്ന്യാണ്. കണ്ണിലെണ്ണയൊഴിച്ചിരിയ്ക്കണം. വല്ലതും പറ്റ്യാല് പിന്നെ ജീവിച്ചിരുന്നിട്ട് കാര്യണ്ടോ. "
"ചോറുണ്ണാന്‍ ഭയങ്കര മടിയാണ്. ഈ വീട് മുഴുവനും കൊണ്ടു നടക്കണം രണ്ടുരുള അകത്തേയ്ക്ക് ചെല്ലണെങ്കില്. "
മുരളിയെ നോക്കിക്കൊണ്ട് ഞാന്‍ പറഞ്ഞു.
"അച്ഛന്മാരുടെ കുറുമ്പ് മക്കള്‍ക്ക് കിട്ടാതിരിയ്ക്ക്വോ.. "
മുരളിയുടെ മുഖത്ത് ചിരി. സുജാതയിലും ആ ചിരിയുടെ അനുരണനങ്ങളുണ്ടായി. തന്നെ പറ്റിയാണ് സംസാരം എന്ന് മനസ്സിലാക്കിയിട്ടോ എന്തോ മോള് അവ്യക്തമായി എന്തൊക്കെയോ കൊഞ്ചിപ്പറഞ്ഞു. ഓമനത്തമുള്ള കുഞ്ഞ്. എത്ര വര്‍ഷത്തെ കാത്തിരിപ്പിന്റെ ഫലമാണ്? പത്തോ അതോ പന്ത്രണ്ടോ.?
താന്‍ ഈശ്വരവിശ്വാസിയായത് മകള്‍ കാരണമാണെന്ന് മുരളി പറഞ്ഞത് വെറുതെയല്ല.
മുരളി മോളുടെ ചോറ് പുരണ്ട മുഖത്ത് മുത്തി. പിന്നെ പറഞ്ഞു:
"സുജാത പ്രസവിച്ചതറിഞ്ഞപ്പോള്‍ അച്ഛന് പറഞ്ഞുവത്രെ അവന് എന്ത് പ്രതാപം ഉണ്ടെന്ന് പറഞ്ഞിട്ടെന്താ ഒരു കൊടിച്ചിയെ അല്ലേ ഭാര്യ പെറ്റത് എന്ന്. ഇങ്ങിനെ പറഞ്ഞ ഒരച്ഛനോട് ഞാന്‍ ഒത്തു പോകണമെന്നാണോ ചേച്ചി പറയുന്നത്."
എനിയ്ക്ക് വിശ്വസിയ്ക്കാനായില്ല. ഞാന്‍ അറിയുന്ന വലിയച്ഛന് ഒരിയ്ക്കലും ഇത്ര തരം താഴില്ല.
"മുരളീ നിന്റെ അച്ഛന് അങ്ങിനെ പറയുമെന്ന് ഞാന്‍ ഒരിയ്ക്കലും വിശ്വസിക്കില്ല. ഇനി അങ്ങിനെ പറഞ്ഞൂന്ന് തന്നെ ഇരിയ്ക്കട്ടെ, അച്ഛനും മകനും സ്നേഹത്തില്‍ കഴിയണം എന്ന് ആഗ്രഹിയ്ക്കുന്ന ഒരാളും നിന്റെ അടുത്ത് വന്ന് ഏഷണി പറയില്ല. ഇങ്ങിനെ പറഞ്ഞതില്‍ നിന്നു തന്നെ നിങ്ങള്‍ അച്ഛനേയും മകനേയും തമ്മിലടിപ്പിയ്ക്കണമെന്നാണ് പറഞ്ഞയാളിന്റെ ആഗ്രഹം എന്ന് വ്യക്തമാണ്. "
"ചേച്ചി അച്ഛന്റെ വക്കാലത്തുമായിട്ടാണോ വന്നിരിയ്ക്കുന്നത്"
"നിന്റെ അച്ഛനെ നീ ഒട്ടും മനസ്സിലാക്കിയിട്ടില്ല എന്നാണ് നീ ഇപ്പറഞ്ഞതിന്റെ അര്‍ത്ഥം. ആരുടെ മുഖത്തു നോക്കിയും അവനവന്റെ കാര്യം പറയാന്‍ ഒരു മടിയും ഇല്ലാത്തവനാണ് നിന്റെ അച്ഛന്. നിന്റെ അച്ഛന് ഓരോ ആവശ്യത്തിന് ബാങ്കില്‍ വരുമ്പോഴൊക്കെ എന്റെ ഓഫീസിലും ഒന്നു കയറും. ഒരുപാട് നേരം സംസാരിയ്ക്കും. ഓരോ പഴയ കാര്യങ്ങളെകുറിച്ച്. അന്നത്തെ കഷ്ടപ്പാടുകളെകുറിച്ച്. എത്ര അഭിമാനത്തോടു കൂടിയാണ് നിങ്ങളെ രണ്ടാളെപ്പറ്റിയും സംസാരിയ്ക്കാ.. അങ്ങനെ എന്തെങ്കിലും വെഷമം ഉണ്ടെങ്കില്‍ എന്നോട് പറയേണ്ടതാണ്. "
"ഇപ്പോ എല്ലാവരുടെ അടുത്തും പറഞ്ഞ് നടക്കാത്രേ എന്നെ പഠിപ്പിയ്ക്കാന്‍ ലോണെടുത്തിട്ട് കടക്കാരനായീന്ന്. എന്നോട് പറയട്ടെ. അണപൈയില്ലാതെ തിരിച്ചു കൊടുക്കാം ഞാന്‍. "
"ഇതേപ്പോ നന്നായത്. ഇന്ന് നിന്റെ കണ്ണില്‍ അച്ഛന് ചെലവാക്ക്യേ തുക ഒന്ന്വല്ലായിരിയ്ക്കും. നീ വിചാരിച്ചാല്‍ നിന്റെ അക്കൌണ്ടീന്ന് ഒറ്റത്തവണയായി പൈസ എടുത്ത് അണപൈയില്ലാതെ തിരിച്ചു കൊടുക്കാനും കഴിഞ്ഞൂന്ന് വരും. പക്ഷെ ഒരു പേടിയും കൂടാതെ അന്ന് നിന്റെ അച്ഛന് ലോണെടുത്തതു കൊണ്ടാണ് ഇന്നിതു പറയാന്‍ നിനക്ക് ശേഷിയുണ്ടായത് എന്ന് മറക്കണ്ട."
അടുക്കളയിലെ സിങ്കില്‍ വെള്ളം വീഴുന്ന ശബ്ദം. സുജാത പാത്രം കഴുകുകയാണ്. മോളുടെ അനക്കമൊന്നും കേള്‍ക്കാനില്ലല്ലോ.
"എവിടെ മോളെവിടെ. "
ചോദിച്ചുകൊണ്ട് ഞാന്‍ എണീറ്റു. ഏതാണ്ട് ആ സമയത്തു തന്നെ മുന്‍വശത്തെ റോഡില്‍ ഒരു കാര്‍ ബ്രേക്കിടുന്ന ശബ്ദം കേട്ടു. ആരോ ആര്‍ത്തനാദം മുഴക്കി. തുറന്നു കിടന്ന വാതിലിലൂടെ റോഡില്‍ വീണുകിടക്കു ന്ന മോളെ എനിയ്ക്ക് കാണാന്‍ കഴിഞ്ഞു. ഒരു കാറിന്റെ മുന്‍വശം കാണാന്‍ കഴിഞ്ഞു.
കുഞ്ഞ് ഉച്ചത്തില്‍ കരയാന്‍ തുടങ്ങി.
കുഞ്ഞിന്റെ കരച്ചില് കേട്ട് അടുക്കളയില്‍ നിന്നും ഓടി വന്ന സുജാത വാതില്ക്കലെത്തിയതും ഈ കാഴ്ച്ച കണ്ട് നിലവിളിച്ച് നിലത്തേയ്ക്ക് കുഴഞ്ഞു് വീണു. മോഹാലസ്യം വരുന്ന പോലെ എനിയ്ക്ക് തോന്നി. മുരളി യുടെ മുഖത്ത് തുള്ളി ചോരയില്ല. വീഴാതിരിയ്ക്കാന്‍ ഞാന്‍ വാതില്‍പ്പടിയില്‍ മുറുകെ പിടിച്ചു.
കാറിന്റെ ഡ്രൈവിങ്ങ് സീറ്റില്‍നിന്നും ഇറങ്ങിയ ആള് ഉറക്കെയുറക്കെ സംസാരിച്ചുകൊണ്ട് വന്നു. കന്നടയിലായിരുന്നെങ്കിലും കുട്ടിയെ ശ്രദ്ധിയ്ക്കാത്തതിന് ചീത്ത പറയുകയാണ് എന്ന് ഭാവത്തില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു. മോളെ എടുത്ത് തുറന്നു കിടക്കുന്ന ഗെയിറ്റിലൂടെ അകത്തേയ്ക്ക് അയാള്‍ വന്നു.
മുരളി മുറ്റത്തേയ്ക്കിറങ്ങി ചെന്ന് കുഞ്ഞിനെ അയാളില്‍ നിന്നും ഏറ്റുവാങ്ങി. ഗദ്ഗദത്തോടെ അവന് അയാളുടെ കാലില്‍ തൊട്ടു.
"ഗോഡ് സേവ് യൂ."
അവന് പിറുപിറുത്തത് വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞു. ദൈവദൂതനെ പോലെവന്ന ആ മനുഷ്യനോട് സംസാരിയ്ക്കണം എന്നുണ്ടായിരുന്നെങ്കിലും ഭാഷ അറിയാത്തതു കാരണം നിറഞ്ഞ കണ്ണുകളോടെ അദ്ദേഹത്തെ നോക്കി കൈ കൂപ്പാനേ എനിയ്ക്ക് കഴിഞ്ഞുള്ളൂ.
വാഹനങ്ങള്‍ അധികം പോകാത്ത റോഡായത് മഹാഭാഗ്യമായി. തിരക്കുള്ള സമയമായിരുന്നെങ്കില്‍.... കൂടുതല്‍ ചിന്തിയ്ക്കാന്‍ പോലും എനിയ്ക്കായില്ല. എനിയ്ക്ക് വല്ലാത്ത കുറ്റബോധം തോന്നി. ഞാനും മുരളിയും ഉണ്ടല്ലോ എന്നു കരുതിയാകും സുജാത കുഞ്ഞില്‍ നിന്നും ഒരു നിമിഷത്തേയ്ക്ക് ദൃഷ്ടി മാറ്റിയത്. എന്നിട്ട് ഞങ്ങളോ. . കുഞ്ഞിനെ ശ്രദ്ധിയ്ക്കാതെ വര്‍ത്തമാനത്തില്‍ മുഴുകി... അയാള്‍ ബ്രേക്കിട്ടില്ലായിരുന്നെങ്കില്‍... എന്റെ ശരീരത്തിലൂടെ ഒരു വിറ കടന്നു പോയി.
കുഞ്ഞ് പന്തികേട് മണത്തിട്ടോ എന്തോ, വാവിട്ട് കരയാന്‍ തുടങ്ങി.
ബോധം പോയ പോലെ ഇരിയ്ക്കുന്ന സുജാത ആ കരച്ചില് കേട്ടതായി തോന്നിയില്ല. അവളുടെ ശരീരം ഇടയ്ക്കിടയ്ക്ക് ഞെട്ടി വിറച്ചു. മുരളിയുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. രണ്ടാളും ഒരു വട്ടം ചത്ത് ജീവിച്ചു എന്ന് ഉള്ളില്‍ ഓര്‍ത്തുകൊണ്ട് ഞാന്‍ സുജാതയെ കുലുക്കിയുണര്‍ത്തി.
"ദൈവാധീനമുണ്ട് ഒന്നും പറ്റിയില്ലല്ലോ. ഭഗവാനെ വിളിയ്ക്ക് അതേ വഴിയുള്ളൂ. മോള് വല്ലാതെ പേടിച്ചിരിയ്ക്കുന്നു. അതിന് ഇത്തിരി പാല് കൊടുക്ക്"
അച്ഛനും അമ്മയും കൂടി കുഞ്ഞുമോളെ പൂണ്ടടക്കം പിടിച്ച് പൊട്ടിക്കരയാന്‍ തുടങ്ങി. അച്ഛന്റെയും അമ്മയുടേയും അടുത്തെത്തിയപ്പോള്‍ നിലച്ചിരുന്ന കുഞ്ഞിന്റെ കരച്ചില് വീണ്ടും തുടങ്ങി.
പാവം കുട്ടികള്‍. ഒരായുസ്സിന്റെ മനോവേദന അനുഭവിച്ച തിനു ശേഷം ഭഗവാന് നല്കിയ കണ്മണി. ഒരു നിമിഷത്തെ അശ്രദ്ധയില്‍ നഷ്ടപ്പെടുമായിരുന്നത് ഒരായുസ്സിന്റെ മുഴുവന്‍ കൈവല്യം. ഭഗവാനേ കാത്തോളണമേ എന്റ്റെ കുഞ്ഞുങ്ങളെ. മാതൃനിര്‍വിശേഷമായ ഒരു സ്നേഹം എന്റെ ഉള്ളില്‍ തിരത്തള്ളി.
മുരളി മുറ്റത്തിന്റ്റെ അതിരില്‍ നിന്നുകൊണ്ട് സിഗററ്റ് വലിയ്ക്കുകയാണ്. കുഞ്ഞുമോളുടെ കരച്ചില് നിലച്ചിട്ടുണ്ട്. ഒരു താരാട്ട് പാട്ടിന്റെ ഈരടികള്‍ എന്റ്റെ ചെവിയിലെത്തി. വലിച്ചു കൊണ്ടിരുന്ന സിഗററ്റ് ദൂരേയ്ക്ക് എറിഞ്ഞുകൊണ്ട് മുരളി ചവിട്ടുപടി കയറി വന്നു. കസേര നീക്കിയിട്ട് എന്റ്റെ അടുത്തേയ്ക്ക് ഇരുന്നു.
"വലി നിര്ത്തീതായിരുന്നു. ഒറ്റ സെക്കന്റ് കൊണ്ട് എല്ലാം തകര്‍ന്ന് പോവുമായിരുന്നതാലോചിച്ചപ്പോള് ഭയങ്കര ടെന്‍ഷനായി. "
"ഇതു പോലെ എത്ര അവസരങ്ങളിലെ ടെന്‍ഷന്‍ അനുഭവിച്ചിട്ടാകും ഓരോ അച്ഛനും അമ്മയും തങ്ങളുടെ മക്കളെ വളര്‍ത്തുന്നത് അല്ലേ.. അത് വല്ലതും ഈ മക്കള്‍ അറിയുന്നുണ്ടോ?"
നിര്‍ദോഷ മട്ടില്‍ ഞാന്‍ പറഞ്ഞു. മുരളി മൌനം. ഞാന്‍ പറഞ്ഞത് അവന്റെ ഉള്ളില്‍ എവിടെയൊക്കേയോ തുളച്ചു കയറിയിട്ടുണ്ടാകും എന്നതില്‍ എനിയ്ക്ക് സംശയം ഇല്ലായിരുന്നു. പിന്നെ ഞാന്‍ ഒരു മുന്നാലോചനയും കൂടാതെ പറയാന്‍ തുടങ്ങി:
"മുരളീ ഈ കുഞ്ഞ് എന്നെങ്കിലും മനസ്സിലാക്കുമോ ഇക്കഴിഞ്ഞ നിമിഷം നിങ്ങള്‍ മരണത്തെ മുന്നില്‍ കണ്ടു എന്ന വിവരം? ഇനി നിങ്ങള്‍ പറഞ്ഞു എന്നു തന്നെ വയ്ക്കാ, അനുഭവിച്ചതിന്റെ പതിനായിരത്തില്‍ ഒരംശം ടെന്‍ഷന്‍ അവള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുമോ.. മാത്രവുമല്ല.. അപ്പോ.. ഇങ്ങനെ ഒക്കെയാണ് നിങ്ങള്‍ എന്നെ നോക്കിയത് എന്ന ഒരു കുറ്റപ്പെടുത്തല്‍ ഉണ്ടാവില്ല എന്ന് പറയാനൊക്കുമോ."
എനിയ്ക്കെന്തോ സംസാരിയ്ക്കാനുള്ള ഒരു മൂഡായിരുന്നു. ഈ അച്ഛനേയും മോനെയും ഇങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ.
"സ്നേഹത്തിന്റെ മറുപുറമായി എപ്പോഴും സ്വാര്‍ത്ഥതയുണ്ടാകും. അറിയുമോ. സ്നേഹം എന്നാല്‍ സ്വന്തമാക്കാനുള്ള ത്വരയാണ്. എന്റ്റെ എനിയ്ക്ക് എന്ന ചിന്ത മാറ്റി വച്ച് സ്നേഹിയ്ക്കാന്‍ സാധാരണ മനുഷ്യന് കഴിയില്ല. ശരിയല്ലേ ?" ഞാന്‍ മുരളിയോട് ചോദിച്ചു.
"ചേച്ചി ഏത് വിഷയത്തിലാണ് ഡോക്ടറേറ്റ് എടുത്തത്?"
ചിരിച്ചു കൊണ്ടാണ് ചോദിച്ചതെങ്കിലും മുരളിയ്ക്ക് എന്റ്റെ സംസാരം ഇഷ്ടപ്പെടുന്നില്ല എന്നെനിയ്ക്ക് മനസ്സിലായി. പക്ഷെ അവന്റ്റെ ഇഷ്ടക്കേട് തത്കാലം കണ്ടില്ലെന്ന് വയ്ക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. "അച്ഛന്റെ ജീവിതത്തിന്റെ ഒരേ ഒരു ലക്ഷ്യം നീയും നിന്റ്റെ അനിയനുമാണല്ലോ. എന്നാല്‍ നിങ്ങളുടെ ജീവിതത്തിന്റെ ഒരു ഘടകം മാത്രമാണ് അവര്‍. അതങ്ങനെയേ ആകാനും പറ്റൂ. നിന്റെ സ്നേഹം കുറയുന്നതായി അച്ഛന് തോന്നിയിട്ടുണ്ടാകും. നഷ്ടപ്പെടുന്നൂന്ന് തോന്നിയ സ്നേഹം ബലമായി പിടിച്ചു വാങ്ങാന്‍ അവര്‍ ശ്രമിച്ചിട്ടുണ്ടാകും. ആ ശ്രമത്തില്‍ ഉച്ചരിയ്ക്കപ്പെട്ട വാക്കുകള്‍ക്ക് വിചാരിയ്ക്കാത്ത അര്‍ത്ഥങ്ങള്‍ ഉണ്ടായിട്ടുണ്ടാകും. അതൊരിയ്ക്കലും അവര്‍ വേണമെന്ന് വിചാരിച്ചിട്ടുമാകില്ല. അപ്പോഴത്തെ ദേഷ്യത്തിന്. എന്താ അങ്ങനേയും സംഭവിച്ചുകൂടെ.. ?"
മുരളി ആ വഴിയ്ക്കൊന്നും ചിന്തിച്ചിട്ടില്ല എന്ന് അവന്റെ മുഖത്തു നിന്ന് വായിയ്ക്കാം.
"അത് ഇരട്ടിയാക്കി നിന്റെ അടുത്ത് വന്ന് പറഞ്ഞവര്‍ നിണ്റ്റെ അഭ്യുദയകാംക്ഷികളാണെന്ന് അറിവുള്ള ആരും പറയില്ല. "
"നാളെ നിന്റെ മകള്‍ നിനക്ക് കുറേ പണം നീട്ടിയിട്ട് ഇതെടുത്ത് കടപ്പാടിണ്റ്റെ കെട്ടുപാടില്‍ നിന്ന് അവളെ മുക്തയാക്കണം എന്നു പറഞ്ഞാല്‍ എങ്ങിനെയിരിയ്ക്കും?"
മുരളി സ്തബ്ധനായി ഇരിയ്ക്കുകയാണ്. സുജാതയും ഉണ്ട് തൊട്ടു തന്നെ. അവളുടെ മുഖം വിളറിയിട്ടുണ്ട്... "പണം കൊടുത്താല്‍ വീട്ടാന്‍ കഴിയുന്നതല്ല ഈ കടം എന്ന് സ്വയം അച്ഛനായപ്പോള്‍ നിനക്ക് മനസ്സിലായല്ലോ. അച്ഛന് ഈ പ്രായത്തില്‍ ഏറ്റവും ആവശ്യം സ്നേഹമാണ്, നിങ്ങളുടെ പണമല്ല. അത് മതിയാവോളം കിട്ടുന്നു എന്ന് വന്നാല്‍ തന്നേ ഈ പരാതിയെല്ലാം മാറും. അതിന് നീയും സുജാതയും അച്ഛന്റ്റെ മുന്നില്‍ കൊറച്ച് താഴണ്ടി വന്നാ തന്നെ അത് താഴ്ച്ചയാവില്ല.. അതോണ്ട് നിങ്ങള്‍ക്ക് ഉയര്‍ച്ചയേ വരൂ. "
മുരളി ഒന്നും മിണ്ടാതെ ഇരിപ്പാണ്. രണ്ടാളുടേയും മുത്ത് ശോകം..
"ജന്മം തന്നവരോട് പെണങ്ങി നടക്കാ എന്നു പറഞ്ഞാല്‍ നിന്നെത്തന്നെ നിഷേധിയ്ക്കലാണ്.. ഇതല്ലേ നിന്റെ മോള് കണ്ടു വളരുക..നാളെ അച്ഛന് പോകും അപ്പോ ആ കുപ്പായം നിനക്കുള്ളതാണ്.. അത് മറക്കണ്ട... വല്ലാത്ത ക്ഷീണം കുറച്ച് നേരം കിടക്കട്ടെ. "
ഞാന്‍ പതുക്കെ എഴുന്നേറ്റു..... അവരെ, ഓര്‍മ്മകളുടെ പാഥേയവും പേറി അവരുടെതന്നെ ലോകത്ത് അലയാന്‍ വിട്ട് കൊണ്ട്.

4 comments:
"ആ മനുഷ്യനുമായി ഒരു വിധത്തിലുമുള്ള ഒരു റീകണ്‍സിലിയേഷനും സാധ്യമല്ല, അറ്റ് എനി കോസ്റ്റ്. ചേച്ചി അതേക്കുറിച്ചു മാത്രം എന്നോട് പറയണ്ട. "
മുരളി താന്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറില്ലെന്ന മട്ടില്‍ പറഞ്ഞു.
ഒരു പുതിയ പോസ്റ്റ്....
അനാവശ്യമായി ആര്‍ഭാടമുള്ള വാക്കുകള്‍ നിറയ്ക്കാത്ത മനോഹരമായ കഥ..
നാടന്‍ കാറ്റേറ്റ ഫീലിംഗ്..
ആശംസകള്‍
ഇച്ചിരി നീളം കൂടിയെങ്കിലും നല്ല കഥ.
കൊള്ളാം :)
Post a Comment